ബന്ധുക്കൾ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടുത്തിയ പോക്സോ കേസ് പ്രതി അറസ്റ്റിൽ
text_fieldsകോഴഞ്ചേരി: പൊലീസിനെ കുടുംബാംഗങ്ങൾ ആക്രമിച്ച് രക്ഷപ്പെടുത്തിയ പോക്സോ കേസ് പ്രതിയെ കൊല്ലം കുന്നിക്കോട് പൊലീസ് അറസ്റ്റ് ചെയ്തു. നാരങ്ങാനം കണമുക്ക് ചരിവുകാലായിൽ വീട്ടിൽ സിറാജി (37) നെയാണ് കേസിനാസ്പദമായ സംഭവം നടന്ന കുന്നിക്കോട് തലച്ചിറയിലെ തെങ്ങിൻ കോട്ടിലെ വീട്ടിൽ ഒളിവിൽ കഴിയവെ പിടികൂടിയത്. 15 വയസ്സുകാരിയെ മാസങ്ങളോളം ലൈംഗീകമായി പീഡിപ്പിച്ചെന്നാണ് പരാതി. ഇയാളെ പത്തനാപുരം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വിവിധ സ്റ്റേഷനുകളിലായി നിരവധി കേസിലെ പ്രതിയാണ് ഇയാളെന്ന് കുന്നിക്കോട് പൊലീസ് അറിയിച്ചു.
ഇയാൾ മൂന്ന് വിവാഹങ്ങൾ കഴിച്ചതായാണ് സൂചന. ആദ്യ ഭാര്യയുടെ ദുരൂഹ മരണം സംബന്ധിച്ചും സംശയങ്ങൾ ഉയർന്നിട്ടുണ്ട്. കാട്ടൂർ പേട്ടയിലെ സഹോദരിയുടെ വാടക വീട്ടിൽ ഒളിവിൽ കഴിയവെ കഴിഞ്ഞമാസം 23ന് മഫ്തിയിൽ എത്തിയ കുന്നിക്കോട് പൊലീസ്, സിറാജിനെ പിടികൂടുന്നതിനിടെ കുടുംബാംഗങ്ങൾ ആക്രമിച്ച് രക്ഷപ്പെടുത്തുകയായിരുന്നു.
പരിക്കേറ്റ എസ്.ഐമാരായ വൈശാഖ് കൃഷ്ണ, ഫൈസൽ എന്നിവർ കോഴേഞ്ചരി ജില്ലാ ആശുപ്രതിയിൽ ചികിത്സ തേടിയിരുന്നു. പൊലീസിനെ ആക്രമിച്ച കേസിൽ സിറാജ് ഉൾപ്പെടെ അഞ്ച് പേർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സിറാജിന്‍റെ ഭാര്യയും സഹോദരങ്ങളും അടുത്ത ബന്ധുക്കളും ചേർന്നാണ് പൊലീസിനെ ആക്രമിച്ചത്. ഇതിന്‍റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. എന്നാൽ സ്ത്രീകളുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാരെ, പ്രതിയെ രക്ഷപ്പെടുത്താൻ സഹായിച്ചെന്നാരോപിച്ച് കേസിൽ കുടുക്കാനുള്ള ആറന്മുള പൊലീസിന്‍റെ നീക്കത്തിൽ വൻ പ്രതിഷേധം ഉയർന്നിരുന്നു.
ഇതിനിടെ പൊലീസ് പകർത്തിയ വീഡിയോ ആർ.എസ്.എസ് നിയന്ത്രണത്തിലുള്ള ചാനലിന് ചോർത്തി നൽകിയ ആറന്മുള പൊലീസ് ഉദ്യോഗസ്ഥരുടെ നടപടിയും വിവാദമായിട്ടുണ്ട്. കുടുംബം രക്ഷപ്പെടുത്തുന്ന വീഡിയോക്ക് ഒപ്പം തടിച്ചുകൂടിയ നാട്ടുകാരുടെ വീഡിയോ കൂടി ചേർത്താണ് ഈ ചാനൽ പ്രചരിപ്പിക്കുന്നത്.
ഇതിനിടെ പൊലീസ് അറസ്റ്റ് ഭയന്ന് നിരവധി പേർ നാട്ടിൽ നിന്ന് മാറി നിൽക്കുകയാണ്. പ്രതി രക്ഷപെട്ട് അരമണിക്കൂർ കഴിഞ്ഞ് സംഭവ സ്ഥലത്ത് എത്തിയ സി.പി.ഐ അധ്യാപക സംഘടനാ നേതാവിനെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടും എൽ.ഡി.എഫ് നേതാക്കൾ പ്രതികരിക്കാത്തതിൽ പ്രവർത്തകർക്കിടയിൽ അമർഷം നിലനിൽക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.