പൊലീസ് എത്തിയതും ഗ്യാസ് സിലിണ്ടർ തുറന്നിട്ടു, കത്തിയുമായി ഭീഷണി; ഒടുവിൽ പ്രതി രക്ഷപ്പെട്ടു
text_fieldsപേരാമ്പ്ര: കേസന്വേഷിക്കാനെത്തിയ പൊലീസിനെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയും ഗ്യാസ് സിലിണ്ടർ തുറന്നിട്ടും പ്രതി രക്ഷപ്പെട്ടു. സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ പന്തിരിക്കര സ്വദേശി യുവാവിന്റെ ശബ്ദസന്ദേശത്തില്‍ പരാമര്‍ശിച്ച വ്യക്തിയുടെ വീട്ടിലെത്തിയ പൊലീസിനെയാണ് അപായപ്പെടുത്താന്‍ ശ്രമം നടന്നത്.
കടിയങ്ങാട് സൂപ്പിക്കടയിലെ മീത്തലെ എള്ളുപറമ്പില്‍ തറവട്ടത്ത് ഷമീര്‍ എന്ന വരാങ്കി ഷമീറാണ് പൊലീസിനെ ഭീഷണിപ്പെടുത്തി കടന്നത്. കേസിന്റെ അന്വേഷണത്തിനായി വെളളിയാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് പെരുണ്ണാമൂഴി എസ്എച്ച്ഒ കെ. സുഷീറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് ഷമീറിന്റെ വീട്ടിലെത്തിയത്. ഇതോടെ ഷമീര്‍ വീട്ടിലെ രണ്ട് ഗ്യാസ് സിലിണ്ടറുകള്‍ തുറന്നിടുകയും കത്തിയുമായി ഭീഷണി മുഴക്കുകയുമായിരുന്നു. കത്തി ഉപയോഗിച്ച് കൈമുറിച്ച് ആത്മഹത്യാ ഭീഷണിയും മുഴക്കി.
ഈ സമയം ഷമീറിന്റെ മാതാവും ഭാര്യയും രണ്ട് മക്കളും വീട്ടിലുണ്ടായിരുന്നു. പേരാമ്പ്ര ഫയർഫോഴ്സിൽ വിവരമറിയിച്ചതിനെ തുടര്‍ന്ന് അസി. സ്‌റ്റേഷന്‍ ഓഫിസര്‍ പി. വിനോദിന്റെ നേതൃത്ത്വത്തില്‍ രണ്ട് യൂണിറ്റ് വീട്ടിലെത്തി. ഇതിനിടയില്‍ ഷമീര്‍ വീടിന്റെ പുറകുവശത്തുകൂടി ഓടി രക്ഷപ്പെടുകയും ചെയ്തു.
ഫയർഫോഴ്സ് എത്തി വീട്ടിനുള്ളില്‍ തുറന്നിട്ട നിലയിലായിരുന്ന ഗ്യാസ് സിലണ്ടറുകള്‍ പുറത്തെത്തിച്ച് ചോർച്ച അടച്ചു. വീടിനകത്ത് കെട്ടി നിന്ന ഗ്യാസ് ഒഴിവാക്കുകയും ചെയ്തു. സിലിണ്ടറുകള്‍ രണ്ടും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഷമീറിനായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.