വണ്ടിപ്പെരിയാർ കേസ്: പ്രതി രക്ഷപ്പെട്ടത് രാഷ്ട്രീയ പശ്ചാത്തലത്തിൽ -കെ. സുധാകരൻ
text_fieldsഇടുക്കി: വണ്ടിപ്പെരിയാർ പീഡനക്കൊലക്കേസിൽ പ്രതി രക്ഷപ്പെട്ടത് രാഷ്ട്രീയ പശ്ചാത്തലത്തിലാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട് സന്ദർശിച്ച ശേഷമായിരുന്നു കെ. സുധാകരന്റെ പ്രതികരണം.
കേസ് ഈ രീതിയിലായത് പ്രതിയുടെ രാഷ്ട്രീയം, രാഷ്ട്രീയ സ്വാധീനം, പൊലീസ് നടത്തിയ അഭ്യാസം തുടങ്ങിയ പശ്ചാത്തലത്തിലാണ് എന്നത് വ്യക്തമാണ്. മാധ്യമങ്ങൾക്കും രാഷ്ട്രീയക്കാർക്കും സമൂഹത്തിനും ഇക്കാര്യത്തൽ സംശയമില്ല. സി.ബി.ഐ പോലുള്ള അന്വേഷണ ഏജൻസിയെ വെച്ചുകൊണ്ടുള്ള അന്വേഷണമാണ് ആവശ്യപ്പെടുന്നത് -സുധാകരൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വണ്ടിപ്പെരിയാർ ചുരക്കുളം എസ്റ്റേറ്റ് ലയത്തിൽ ആറുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊന്ന കേസിൽ പ്രതിയെ വെറുതെവിടുകയായിരുന്നു. വിധിക്ക് പിന്നാലെ കുട്ടിയുടെ മാതാപിതാക്കളും നാട്ടുകാരുമടക്കം സമരവുമായി രംഗത്തെത്തിയിട്ടുണ്ട്. കോടതി വിധിയിൽ പ്രതിഷേധിച്ച് ഇന്നലെ വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിലേക്ക് ബാലികയുടെ മാതാപിതാക്കളും എസ്റ്റേറ്റ് തൊഴിലാളികളും നാട്ടുകാരും വായ് മൂടിക്കെട്ടി മാർച്ച് നടത്തി. പ്രതിയുടെ വീട്ടിലേക്ക് മാർച്ച് നടത്താനുള്ള നാട്ടുകാരുടെ നീക്കം പൊലീസ് ഇടപെട്ട് തടഞ്ഞു.
പ്രതിയെ വെറുതെവിട്ട വിധിക്കെതിരെ അടുത്ത ആഴ്ച ആദ്യം പൊലീസ് അപ്പീൽ നൽകും. വിധി റദ്ദ് ചെയ്യണമെന്ന ആവശ്യവും ഉന്നയിക്കും. കേസ് ഫയലുകൾ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ, ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന് കൈമാറി. ഡി.ജി.പിയുടെ ഓഫിസിൽനിന്നുള്ള നിയമവിദഗ്ധർ പരിശോധിച്ച് അപ്പീൽ തയാറാക്കും. വിധിന്യായത്തിൽ അപ്പീലിനുള്ള സാധ്യതകൾ കണ്ടെത്തുന്നതിനാണ് നിയമവിദഗ്ധർ പരിശോധിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.