മുണ്ട് കീറിയതിനെച്ചൊല്ലി കൊല: പ്രതിക്ക് ജീവപര്യന്തം
text_fieldsകോഴിക്കോട്: മുണ്ട് കീറിയതിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ കൂടെ ജോലി ചെയ്യുന്ന യുവാവിനെ തലക്കടിച്ച് കൊന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും 50,000 രൂപ പിഴയും. കൊല്ലം പായപ്പള്ളി എഴിപ്പുറം ചാരുവിള മോഹൻദാസിന്റെ മകൻ ദീപു (32) കൊല്ലപ്പെട്ട കേസിൽ കൊല്ലം ചാത്തന്നൂർ വയലിൽ പുത്തൻ വീട്ടിൽ ഷൈജു (44) വിനെയാണ് മാറാട് കേസുകൾക്കായുള്ള പ്രത്യേക അഡീഷനൽ സെഷൻസ് ജഡ്ജ് എസ്.ആർ. ശ്യാംലാൽ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ഒരുവർഷം കൂടി കഠിന തടവനുഭവിക്കണം.
2015 ഏപ്രിൽ 17ന് പുലർച്ച 1.15ന് തടമ്പാട്ടുതാഴത്ത് ത്രിവേണി കിണർ വർക്സ് ഷെഡിൽ ഉറങ്ങിക്കിടന്ന ദീപുവിനെ കമ്പിപ്പാര കൊണ്ട് അടിച്ച് കൊന്നുവെന്നാണ് ചേവായൂർ പൊലീസെടുത്ത കേസ്. മദ്യലഹരിയിലായിരുന്ന പ്രതിയുടെ കാൽ കല്ലിൽ തട്ടി മുറിവേറ്റപ്പോൾ ദീപുവിന്റെ മുണ്ട് കീറി മുറിവ് കെട്ടിയെന്നും ഇതിനെച്ചൊല്ലിയുള്ള തർക്കത്തിന്റെ ഭാഗമായി ഉറക്കത്തിൽ തലക്കടിച്ചു കൊന്നുവെന്നുമാണ് കേസ്.
കൊല്ലത്തുകാരായ 10 പേർ താമസിച്ചുപോന്ന ഷെഡിൽവെച്ച് പല തവണ തലക്കടിച്ചുവെന്നുള്ള ഒന്നാം സാക്ഷിയും സ്ഥാപനമുടമയുടെ ബന്ധുവുമായ വിഷ്ണുവിന്റെ മൊഴി കേസിൽ നിർണായകമായി. തലപൊട്ടി ചോരവാർന്ന ദീപുവിനെ പൊലീസ് എത്തി മെഡിക്കൽ കോളജ് ആശുപത്രിയിലാക്കിയെങ്കിലും സംഭവദിവസം പുലർച്ച 7.15നായിരുന്നു മരണം.
28 സാക്ഷികളെ വിസ്തരിച്ച കേസിൽ 37 രേഖകളും 10 തൊണ്ടികളും പ്രോസിക്യൂഷൻ ഹാജരാക്കി. അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. റൈഹാനത്ത് പ്രോസിക്യൂഷനുവേണ്ടി ഹാജരായി. ചേവായൂർ സി.ഐ പി.കെ. സന്തോഷാണ് കേസന്വേഷിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.