ജോഷിയുടെ വീട്ടിലെ മോഷണം: പ്രതി മറ്റ് മൂന്നുവീടുകളിലും മോഷണത്തിന് ശ്രമിച്ചു
text_fieldsകൊച്ചി: സംവിധായകൻ ജോഷിയുടെ വീട്ടിൽ കവർച്ച നടത്തുന്നതിനുമുമ്പ് പ്രതി മുഹമ്മദ് ഇർഫാൻ (35) പനമ്പിള്ളിനഗറിലെ മറ്റ് മൂന്നു വീടുകളിൽകൂടി അതേ രാത്രി മോഷണശ്രമം നടത്തി. മൂന്നും പരാജയപ്പെട്ടതിനൊടുവിലാണ് ജോഷിയുടെ വീട്ടിൽ കയറിയത്. കർണാടകയിലെ ഉഡുപ്പിയിൽനിന്ന് തിങ്കളാഴ്ച രാവിലെ കൊച്ചിയിലെത്തിച്ച പ്രതിയെ കോടതിയിൽ ഹാജരാക്കി, മൂന്നുദിവസത്തെ കസ്റ്റഡിയിൽ വിട്ടു. ആറ് സംസ്ഥാനങ്ങളിലായി 19 മോഷണക്കേസുകളിലെ പ്രതിയാണ് ‘ബിഹാർ റോബിൻഹുഡ്’ എന്നറിയപ്പെടുന്നയാളാണ് ഇർഫാനെന്ന് കൊച്ചി സിറ്റി പൊലീസ് കമീഷണർ എസ്. ശ്യാംസുന്ദർ പറഞ്ഞു. 2021 ഏപ്രിൽ 14ന് തിരുവനന്തപുരത്തെ ഭീമ ജ്വല്ലറി ഉടമയുടെ വീട്ടിൽ പുലർച്ച നടത്തിയ മോഷണത്തിനുപിന്നിലും ഇയാൾ തന്നെയാണ്. രണ്ടരലക്ഷം രൂപയുടെ വജ്രാഭരണങ്ങളും 60,000 രൂപയുമാണ് അന്ന് മോഷണം പോയത്.
ജോഷിയുടെ വീട്ടിൽനിന്ന് കവർന്ന 1.20 കോടിയുടെ സ്വർണ, വജ്ര ആഭരണങ്ങളുൾപ്പെട്ട മോഷണമുതൽ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. മോഷണത്തിനുശേഷം മംഗളുരു-ഉഡുപ്പി വഴി കാറിൽ കടക്കുകയായിരുന്ന ഇർഫാനെ കർണാടക പൊലീസിന്റെ സഹായത്തോടെയാണ് പിടികൂടിയത്. കൊച്ചി സിറ്റി പൊലീസ് സംഘമാണ് ഉഡുപ്പിയിൽനിന്ന് ഇയാളെ എത്തിച്ചത്. പൊലീസിന്റെ പഴുതടച്ചുള്ള അന്വേഷണത്തിൽ മോഷണം നടന്ന് 15 മണിക്കൂറിനുള്ളിലാണ് പ്രതി പിടിയിലായത്. ബിഹാറിലെ ജില്ല പഞ്ചായത്ത് പ്രസിഡൻറായ ഭാര്യയുടെ പേരിലുള്ള ഔദ്യോഗിക ബോർഡ് കാറിനു മുന്നിൽ സ്ഥാപിച്ചാണ് ഇയാൾ കടന്നതെന്ന് പൊലീസ് പറഞ്ഞു.
പരിശോധനയിൽ പിടിക്കപ്പെടാതിരിക്കാനായിരുന്നു ഇത്. എന്നാൽ, കാർ ഔദ്യോഗികമല്ലെന്നാണ് പൊലീസ് കണ്ടെത്തൽ. മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള ഹോണ്ട അക്കോർഡ് കാറായിരുന്നു ഇത്. സി.സി ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതി ഞായറാഴ്ച ഉച്ചക്ക് രണ്ടരയോടെ കാസർകോട് ജില്ല വിടുന്നതായി കണ്ടെത്തിയിരുന്നു. പ്രതിയുമായി സ്ഥലത്ത് തെളിവെടുത്തു.
ഭാര്യ ബിഹാറിലെ ജില്ല പഞ്ചായത്ത് പ്രസിഡൻറ്
ബിഹാറിലെ സീതാമാഡി ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഗുൽഷൻ പർവീണാണ് മുഹമ്മദ് ഇർഫാന്റെ ഭാര്യ. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിലാണ് സീതാമാഡിയിലെ പുപ്രി ബ്ലോക്കിൽനിന്ന് ഇവർ തെരഞ്ഞെടുക്കപ്പെട്ടത്. ഭർത്താവിന്റെ സാമൂഹിക പ്രവർത്തനവും വികസനപ്രവർത്തനങ്ങളും ഗുൽഷന് വോട്ടാവുകയായിരുന്നുവെന്ന് അന്ന് ബിഹാറിലെ മാധ്യമങ്ങൾ ചൂണ്ടിക്കാണിച്ചിരുന്നു. ഗുൽഷൻ വിജയം കൈവരിച്ച സമയത്തും മോഷണക്കുറ്റത്തിന് ഭർത്താവ് ജയിലിലായിരുന്നു. ഇർഫാൻ ശിക്ഷകഴിഞ്ഞ് പുറത്തെത്തുമ്പോൾ നിയമസഭയിലേക്ക് മത്സരിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്ന് അന്ന് ഗുൽഷൻ ചില മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. തെരഞ്ഞെടുപ്പിലെ പ്രചാരണ പോസ്റ്ററുകളിലെല്ലാം ഇർഫാനും ഗുൽഷനും ഒരുമിച്ച് നിൽക്കുന്ന ചിത്രങ്ങളായിരുന്നു ഉപയോഗിച്ചത്. ഭാര്യയുടെ ഔദ്യോഗിക പദവി എഴുതിയ ബോർഡ് കാറിൽ ഉപയോഗിച്ചാണ് പ്രതി കൊച്ചിയിൽനിന്ന് കടന്നത്. അധ്യക്ഷ്, ജില്ല പരിഷത്, സീതാമാഡി എന്നാണ് കാറിന്റെ ബോർഡിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.