വാളയാർ കേസ് പ്രതിയുടെ ദുരൂഹമരണം: ഒരാളെ ചോദ്യംചെയ്യുന്നു; മധുവിന്റെ ഫോൺ കസ്റ്റഡിയിൽ എടുക്കണമെന്ന് ഇരകളുടെ അമ്മ
text_fieldsആലുവ: വാളയാർ ഇരട്ട പീഡനക്കേസിലെ പ്രതി മധുവിനെ ദുരൂഹ സാഹചര്യത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. മധുവിന്റെ മൃതദേഹം കണ്ടെത്തിയ എടയാറിലെ ഫാക്ടറി സൈറ്റ് മാനേജർ നിയാസിനെയാണ് ബിനാനിപുരം പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്.
സ്ഥാപനത്തിലെ ചെമ്പ് കമ്പിയും തകിടുകളും മോഷ്ടിക്കാൻ ശ്രമിച്ചതിന് മധുവിനെ നേരത്തെ കരാർ കമ്പനി അധികൃതർ പിടികൂടിയിരുന്നു. പാലക്കാട് പാമ്പൻ പള്ളം അട്ടപ്പുള്ള കല്ലൻകാട് വീട്ടിൽ മധു(29) എന്ന കുട്ടിമധുവിനെയാണ് എടയാർ വ്യവസായമേഖലയിൽ പ്രവർത്തനം നിലച്ച ബിനാനി സിങ്ക് കമ്പനി വളപ്പിലെ പൂട്ടിക്കിടക്കുന്ന ആരോഗ്യ കേന്ദ്രത്തിനുള്ളിൽ ബുധനാഴ്ച രാവിലെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.
കമ്പനിക്കകത്തുണ്ടായിരുന്ന പഴയ സാമഗ്രികൾ പൊളിച്ചെടുക്കുന്ന കരാർ കമ്പനി ഇവിടെ ഗോഡൗണിലാണ് ഈ വസ്തുക്കൾ സൂക്ഷിച്ചിരുന്നത്. ഇതിൽ നിന്ന് ചെമ്പു കമ്പികളടക്കം മോഷണം പോയതുമായി ബന്ധപെട്ട് സ്ഥാപന ഉടമകൾ മധുവിനെ ദിവസങ്ങളായി കമ്പനിക്കകത്തു പൂട്ടിയിട്ട് ചോദ്യം ചെയ്തു വരികയായിരുന്നുവെന്നാണ് അറിയുന്നത്.
ഇവരുടെ നിരന്തരമായ ചോദ്യം ചെയ്യലിനെത്തുടർന്നുണ്ടായ മനോവിഷമമാകാം തൂങ്ങി മരണത്തിനു പിന്നിലെന്നാണ് പൊലീസ് നിഗമനം. എന്നാൽ, മരണത്തിന് പിന്നിൽ മർദനമോ മറ്റോ ഉണ്ടോയെന്ന് കണ്ടെത്തുന്നതിനാണ് നിയാസിനെ ചോദ്യം ചെയ്യുന്നത്. വിശദമായ അന്വേഷണത്തിനുശേഷം വേണ്ടി വന്നാൽ കരാർ കമ്പനിയുമായി ബന്ധപെട്ടവരെ പ്രതി ചേർക്കുമെന്നും അറിയുന്നു.
2017 ജനുവരിയിൽ വാളയാറിൽ പ്രായപൂർത്തിയാകാത്ത രണ്ടു സഹോദരിമാർ തൂങ്ങിമരിച്ചതുമായി ബന്ധപ്പെട്ട് പൊലീസെടുത്ത പീഡന കേസിൽ മധു പ്രതിയായിരുന്നു. പോക്സോ കോടതി വെറുതെ വിട്ടെങ്കിലും ഇപ്പോൾ സി.ബി.ഐ അന്വേഷണം നടന്നുവരികയാണ്. വ്യവസായ മേഖലയിൽ പ്രവർത്തനം നിർത്തിയ ബിനാനി സിങ്ക് കമ്പനിയിൽനിന്ന് സിങ്ക് കലർന്ന മണ്ണ് ചെന്നൈ കേന്ദ്രമായ കമ്പനിക്ക് കൈമാറുന്നുണ്ട്. ആ കമ്പനിയിലെ പരിശോധകനാണ് മധു. ഒന്നര വർഷം മുമ്പാണ് ഇയാൾ ഇവിടെ എത്തിയത്. കമ്പനിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ് ഇയാളെ തൂങ്ങിമരിച്ചനിലയിൽ കണ്ടത്.
ഇതിനിടയിൽ, വാളയാർ കേസിലെ പ്രതിയായ കുട്ടിമധുവിന്റെ ദുരൂഹമരണം സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് അമ്മയും നീതി സമരസമിതിയും ആലുവ റൂറൽ എസ്.പിക്കും സി.ബി.ഐക്കും കത്തു നൽകിയിട്ടുണ്ട്. കേസിൽ പൊലീസ് അന്വേഷണം നടക്കുമ്പോൾ തന്നെ ജോൺ പ്രവീൺ എന്ന പ്രതിയെന്ന് സംശയിക്കപ്പെട്ട വ്യക്തി ആത്മഹത്യ ചെയ്തിരുന്നു. ഈ മരണം തീർത്തും ദുരൂഹമാണ്. ഇതേ കേസിൽ മറ്റൊരു പ്രതിയായ പ്രദീപ് മുമ്പ് ആത്മഹത്യ ചെയ്തിരുന്നു.
അന്വേഷണം നടക്കുന്ന ഘട്ടത്തിൽ പ്രതികൾ ദുരൂഹമായി മരണപ്പെടുന്നതിനു പിന്നിൽ ചില സ്ഥാപിത താൽപര്യങ്ങൾ ഉണ്ടെന്ന് ന്യായമായും സംശയിക്കുന്നു. അന്വേഷണം അട്ടിമറിക്കാനും ഇനിയും കേസിൽ പ്രതിയാക്കപ്പെടാൻ സാധ്യതയുള്ളവരെ രക്ഷിക്കാനുമുള്ള താൽപര്യം ഇതിനു പിന്നിൽ ഉണ്ടാകാമെന്നും മരിച്ചയാളുമായി ബന്ധപ്പെട്ട രേഖകളും ടെലഫോണും അടിയന്തരമായി കസ്റ്റഡിയിൽ എടുക്കണമെന്നും അവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.