'പരേതനായ' തട്ടിപ്പുകേസ് പ്രതി 29 വർഷത്തിന് ശേഷം പൊലീസ് പിടിയിൽ
text_fieldsഹരിപ്പാട്: മരിച്ചെന്ന് കരുതിയിരുന്ന പ്രതി 29 വർഷത്തിന് ശേഷം പൊലീസിന്‍റെ പിടിയിലായി. വിവാഹത്തട്ടിപ്പിനും ആൾമാറാട്ടത്തിനും ശിക്ഷ അനുഭവിക്കുന്നതിനിടെ ജാമ്യം നേടി ഒളിവിൽ പോയ മുതുകുളം തെക്ക് കൊല്ലംമുറിത്തറയിൽ കോശി ജോണിനെയാണ് (സാജൻ-57) കനകക്കുന്ന് പൊലീസ് അറസ്റ്റു ചെയ്തത്.
1995, 98 വർഷങ്ങളിൽ ഇയാൾക്കെതിരെയെടുത്ത രണ്ടു കേസുകളിലായി ഹരിപ്പാട് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മൂന്നര വർഷമാണ് തടവു ശിക്ഷ വിധിച്ചത്. പിന്നീട്, ജാമ്യം നേടിയ പ്രതി എവിടെയാണെന്ന് ആർക്കും അറിയില്ലായിരുന്നു. ഇതിനിടെ, ഇയാൾ മരിച്ചതായും അഭ്യൂഹമുണ്ടായി.
മുൻ നേവി ഉദ്യോഗസ്ഥനാണ് കോശി ജോൺ. പിന്നീട്, ഈ ജോലി ഉപേക്ഷിക്കുകയായിരുന്നു. വിവിധ ഭാഷകൾ സംസാരിക്കാനറിയാം. വടക്കേ ഇന്ത്യയിലും കേരളത്തിലുമായി മാറിമാറിയാണ് താമസിച്ചുവന്നിരുന്നത്. ചേർത്തല പൊലീസ് സ്റ്റേഷനിലും സ്ത്രീയുടെ പരാതിയിന്മേൽ പ്രതിക്കെതിരെ കേസ് നിലവിലുണ്ട്. കനകക്കുന്ന് ഇൻസ്പെക്ടർ എസ്. അരുണിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ട്രെയിനിൽ നിന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
ഏറെക്കാലമായി പിടികിട്ടാതിരിക്കുന്ന പ്രതികളെ പിടികൂടാനുള്ള ജില്ല പൊലീസ് മേധാവി മോഹനചന്ദ്രൻ നായരുടെ നിർദേശത്തെ തുടർന്നാണ് കായംകുളം ഡിവൈ.എസ്.പി ബാബുക്കുട്ടൻ അന്വേഷണസംഘം രൂപവത്കരിച്ചത്. എസ്.ഐ. ധർമരത്‌നം, എ.എസ്.ഐ. സുരേഷ് കുമാർ, സിവിൽ പൊലീസ് ഓഫിസർമാരായ ഗിരീഷ്, അനിൽകുമാർ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.