പെരിയ കൊലക്കേസ് കുറ്റവാളികൾ കണ്ണൂർ ജയിലിൽ; സ്വീകരിക്കാൻ പുസ്തകങ്ങളുമായി പി. ജയരാജൻ, 'തടവറ കാട്ടി പേടിപ്പിക്കേണ്ട...'
text_fieldsകണ്ണൂർ: മുൻ എം.എൽ.എ കെ.വി. കുഞ്ഞിരാമൻ ഉൾപ്പെടെ പെരിയ ഇരട്ടക്കൊലക്കേസിലെ മുഴുവൻ കുറ്റവാളികളെയും സെൻട്രൽ ജയിലിലെത്തിച്ചു. മുദ്രാവാക്യം വിളികളോടെയാണ് ജയിലിന് മുന്നിൽ കുറ്റവാളികളെ സി.പി.എം പ്രവർത്തകർ സ്വീകരിച്ചത്. കുറ്റവാളികൾക്ക് പിന്തുണയുമായി മുതിർന്ന സി.പി.എം നേതാവ് പി. ജയരാജൻ ജയിലിലെത്തി.
തടവറകള്‍ കമ്യൂണിസ്റ്റുകാര്‍ക്ക് പറഞ്ഞുവെച്ചതാണെന്നും തടവറ കാട്ടി പേടിപ്പിക്കാമെന്ന് ആരും കരുതേണ്ടെന്നും പി. ജയരാജൻ പറഞ്ഞു. പ്രതികളെ സന്ദര്‍ശിച്ചുവെന്നും ‘കേരളം-മുസ്ലിം രാഷ്ട്രീയം രാഷ്ട്രീയ ഇസ്ലാം’ എന്ന തന്റെ പുസ്തകം കൈമാറിയെന്നും ജയരാജന് പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു. രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാനാണ് സി.പി.എമ്മും ആഗ്രഹിക്കുന്നത്. എന്നാല്‍, ആഗ്രഹത്തിനുപരിയായി ഒട്ടേറെ അക്രമസംഭവങ്ങള്‍ സമൂഹത്തില്‍ നടക്കുന്നു. ഇത് സംഭവിക്കാന്‍ പാടില്ലാത്തതാണ്. പക്ഷേ, കമ്യൂണിസ്റ്റുകാര്‍ കൊല്ലപ്പെടുമ്പോള്‍ മാധ്യമങ്ങള്‍ക്ക് വാര്‍ത്തയാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കമ്മ്യൂണിസ്റ്റുകാരെ സംബന്ധിച്ച് ജയിൽ ജീവിതം എന്നത് വായിക്കാനുള്ള അവസരമാണ്. പ്രതികളെല്ലാം നല്ല വായനക്കാരാണെന്നും വായിച്ചു പ്രബുദ്ധരാകട്ടെയെന്നും ജയിൽ ഉപദേശകസമിതി അംഗമായ പി . ജയരാജൻ പറഞ്ഞു.
കോടതിവിധികൾ അന്തിമമല്ല. ഉന്നതകോടതികളെ സമീപിക്കുമ്പോൾ കീഴ്കോടതികൾ വിധിച്ച പല ശിക്ഷകളും ഒഴിവായി പോയ നിരവധി സംഭവങ്ങളുണ്ട്. അതുപോലെ പെരിയ കേസിൽ ഇപ്പോൾ ശിക്ഷിക്കപ്പെട്ടവരും പുറത്തുവരുമെന്നും ജയരാജൻ പറഞ്ഞു.
കാസർകോട് പെരിയയിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്തിയ കേസിൽ 10 പ്രതികൾക്ക് ഇരട്ട ജീവപര്യന്തം തടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. മുൻ എം.എൽ.എ അടക്കം കേസിലെ മറ്റ് നാല് പ്രതികൾക്ക് അഞ്ച് വർഷം തടവും 10,000 രൂപ വീതം പിഴയും പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി എൻ. ശേഷാദ്രിനാഥൻ വിധിച്ചു. പരമാവധി ശിക്ഷ നൽകണമെന്ന പ്രോസിക്യൂഷൻ വാദം കണക്കിലെടുത്താണ് ഇരട്ട ജീവപര്യന്തം വിധിച്ചത്.
ഒന്നുമുതൽ എട്ടുവരെ പ്രതികളായ സി.പി.എം പാക്കം മുൻ ലോക്കൽ കമ്മിറ്റി അംഗം പെരിയ എച്ചിലടുക്കം എ. പീതാംബരൻ, പീതാംബരന്‍റെ സഹായി പെരിയ എച്ചിലടുക്കം സൗര്യം തോട്ടത്തിൽ സജി സി. ജോർജ്, എച്ചിലടുക്കം താന്നിത്തോട് വീട്ടിൽ കെ.എം. സുരേഷ്, എച്ചിലടുക്കം കെ. അനിൽകുമാർ, പെരിയ കല്ലിയോട്ട് വീട്ടിൽ ജിജിൻ, പെരിയ പ്ലാക്കത്തൊടിയിൽ വീട്ടിൽ ശ്രീരാഗ്, മലങ്കാട് വീട്ടിൽ എ. അശ്വിൻ, പുളിക്കൽ വീട്ടിൽ സുബീഷ്, 10ഉം 15ഉം പ്രതികളായ താനത്തിങ്കൽ വീട്ടിൽ രഞ്ജിത്, കള്ളിയോട്ട് വീട്ടിൽ എ. സുരേന്ദ്രൻ എന്നിവരെയാണ് ഇരട്ട ജീവപര്യന്തത്തിന് ശിക്ഷിച്ചത്. കൊലപാതകം, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങൾക്കാണ് ശിക്ഷ. പ്രതികൾക്ക് വിവിധ വകുപ്പുകളിൽ കൂടുതൽ ശിക്ഷ വിധിച്ചിട്ടുണ്ടെങ്കിലും ശിക്ഷ ഒരുമിച്ച് ജീവപര്യന്തം തടവ് അനുഭവിച്ചാൽ മതിയാവും.
കേസിലെ 14, 20, 21, 22 പ്രതികളായ ഡി.വൈ.എഫ്.ഐ നേതാവ് മണികണ്ഠൻ, ഉദുമ മുൻ എം.എൽ.എ കെ.വി. കുഞ്ഞിരാമൻ, പാക്കം കിഴക്കേ വീട്ടിൽ രാഘവൻ വെളുത്തോളി, പാക്കം സ്വദേശി കെ.വി. ഭാസ്കരൻ എന്നിവരെയാണ് അഞ്ച് വർഷം കഠിന തടവിനും 10,000 രൂപ പിഴക്കും ശിക്ഷിച്ചത്. പിഴ സംഖ്യ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി അധിക തടവ് അനുഭവിക്കണം. പ്രതിഭാഗത്തുനിന്നടക്കം 158 സാക്ഷികളെ വിസ്തരിച്ചും 666 പ്രോസിക്യൂഷൻ രേഖകളും 83 തൊണ്ടി മുതലുകളും പരിശോധിച്ചാണ് കോടതി വിധി പറഞ്ഞത്. 2019 ഫെബ്രുവരി 17ന് രാത്രി 7.45നാണ് കാസര്‍കോട് പെരിയ കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ് (21), ശരത്ലാല്‍ (24) എന്നിവർ കൊല്ലപ്പെട്ടത്.പെരുങ്കളിയാട്ടത്തിന്‍റെ സംഘാടകസമിതി യോഗത്തിനുശേഷം ബൈക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ ജീപ്പിലെത്തിയ സംഘം ബൈക്ക് ഇടിച്ചു തെറിപ്പിച്ചശേഷം ഇരുവരെയും വെട്ടുകയായിരുന്നു. ആദ്യം ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച ശേഷമാണ് സി.ബി.ഐ ഏറ്റെടുത്തത്. 24 പ്രതികളിൽ 10 പേരെ തെളിവുകളുടെ അഭാവത്തിൽ ഡിസംബർ 28ന് കോടതി വെറുതെ വിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.