പോക്സോ കേസ് പ്രതിക്ക് 91 വർഷം തടവ്; കാട്ടാക്കട കോടതി ചരിത്രത്തിലെ ഏറ്റവും വലിയ ശിക്ഷ
text_fieldsനേമം: പത്തുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവിനെ 91 വർഷം കഠിന തടവിന് കോടതി ശിക്ഷിച്ചു. കാട്ടാക്കട പോക്സോ കോടതി നിലവിൽ വന്നശേഷം നൽകുന്ന ഏറ്റവും വലിയ ശിക്ഷയാണ് ഇത്. തിരുവല്ലം കോളിയൂർ ചന്തയ്ക്ക് സമീപം അയ്യൻകാളി നഗർ ദർഭവിള വീട്ടിൽ രതീഷാണ് (36) പ്രതി. 2018 മാർച്ച് മാസത്തിലാണ് കേസിന് ആസ്പദമായ സംഭവം. മലയിൻകീഴ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പെൺകുട്ടിക്ക് നേരെയാണ് അതിക്രമം ഉണ്ടായത്.
രതീഷ് പെൺകുട്ടിയുടെ വീടിനടുത്ത് താമസമാക്കിയ സമയത്താണ് കുട്ടിയെ പലതവണയായി പീഡിപ്പിക്കുകയും പുറത്തു പറഞ്ഞാൽ ഉപദ്രവിക്കുമെന്നും ഭീഷണിപ്പെടുത്തിയത്.
അതിക്രമം വർധിച്ചതോടെ കുട്ടി മാതാവിനോട് വിവരം പറയുകയും തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകരെ അറിയിക്കുകയും ചെയ്തു. ഇപ്രകാരമാണ് മലയിൻകീഴ് പോലീസ് സ്റ്റേഷൻ കേസ് രജിസ്റ്റർ ചെയ്യപ്പെട്ടത്. അന്നത്തെ മലയിൻകീഴ് സി.ഐ പി.ആർ സന്തോഷ് ആണ് കുറ്റപത്രം തയാറാക്കിയത്.
പോക്സോ കേസിന്റെ വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷാ കാലാവധി 91 വർഷമായി ഉയർന്നത്. ഇതുകൂടാതെ 2,10,000 രൂപ പ്രതി പീഡനത്തിന് ഇരയായ കുട്ടിക്ക് നൽകണമെന്നും കോടതി വിധിച്ചു. പിഴ ഒടുക്കില്ലെങ്കിൽ നാലുവർഷത്തിലേറെ ശിക്ഷ കൂടുതലായി പ്രതി അനുഭവിക്കേണ്ടിവരും. അതിവേഗ പോക്സോ കോടതി ജഡ്ജി എസ്. രമേഷ് കുമാർ ആണ് വിധി പറഞ്ഞത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഡി.ആർ പ്രമോദ് ഹാജരായി. പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 16 സാക്ഷികളെ വിസ്തരിച്ചു. 12 രേഖകൾ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.