പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട പോക്സോ കേസ് പ്രതി പിടിയിൽ
text_fieldsനെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടത്ത് പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട പോക്സോ കേസ് പ്രതി പിടിയിൽ. പുലർച്ചെ രണ്ട് മണിയോടെ പ്രതിയുടെ വീടിന് സമീപത്ത് നിന്നാണ് പൊലീസ് പിടികൂടിയത്.
ഏഴാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ ഒന്നാം പ്രതി തിങ്കളാഴ്ച വൈകീട്ട് 7.45നാണ് പൊലീസിനെ വെട്ടിച്ച് കടന്നത്. കോടതി സമയം കഴിഞ്ഞതിനാല്‍ കേസിലെ രണ്ട് പ്രതികളെ നെടുങ്കണ്ടം മജിസ്ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കുന്നതിനിടെ ഒന്നാം പ്രതി മതില് ചാടി കടന്നുകളയുകയായിരുന്നു.
ഇയാൾക്കായി നെടുങ്കണ്ടം, ഉടുമ്പന്‍ചോല, കമ്പംമെട്ട്, വണ്ടന്മേട്, കട്ടപ്പന സ്റ്റേഷനുകളിലെ പൊലീസുകാർ വിവിധ സംഘങ്ങളായി തിരിഞ്ഞ് മൂന്നു ദിവസമായി തിരച്ചിൽ തുടരുകയായിരുന്നു. സംഭവത്തിൽ ജില്ല പൊലീസ് മേധാവി വി.യു. കുര്യാക്കോസ് കട്ടപ്പന ഡിവൈ.എസ്.പിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതി കസ്റ്റഡിയില്‍ നിന്ന് കടന്നുകളഞ്ഞ സംഭവത്തിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു. പ്രതിക്ക് അകമ്പടി പോയ നെടുങ്കണ്ടം സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർമാരായ ഷാനു എം. വാഹിദ്, കെ.ബി. ഷമീർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
നെടുങ്കണ്ടം സ്റ്റേഷൻ ഹൗസ് ഓഫിസർ, സംഭവദിവസം ജി.ഡി ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥൻ എന്നിവർ ഗുരുതര കൃത്യവിലോപം കാട്ടിയതായും കണ്ടെത്തിയിട്ടുണ്ട്. കടന്നുകളയുന്നതിന് മുമ്പ് പ്രതിയുടെ ചിത്രം വാട്സ്ആപ്പിലൂടെ പുറത്തുവിട്ടവർക്കെതിരെയും നടപടി ഉണ്ടായേക്കും. ഉദ്യോഗസ്ഥരുടെ വീഴ്ച ചൂണ്ടിക്കാട്ടി ഇന്റലിജൻസും സ്പെഷൽ ബ്രാഞ്ചും റിപ്പോർട്ട് നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.