നിരപരാധിയെന്ന് സന്ദേശമയച്ച പോക്സോ കേസ് പ്രതി മരിച്ചനിലയിൽ
text_fieldsകക്കോടി: പോക്സോ കേസിൽ പ്രതിചേർത്ത ഓട്ടോ ഡ്രൈവർ മരിച്ചു. ആത്മഹത്യയെന്ന് സംശയിക്കുന്നതായി പൊലീസ്. കക്കോടി പടിഞ്ഞാറ്റുംമുറി പണിക്കോട്ടിൽ ലിജീഷ് (43) ആണ് കോഴിക്കോട് മെഡിക്കൽകോളജ് ആശുപത്രിയിൽ മരിച്ചത്. വിദ്യാർഥികളെ സ്കൂളിൽ കൊണ്ടുപോകുന്ന ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു. സ്കൂളിലെ പെൺകുട്ടിയോട് മോശമായി സംസാരിച്ചെന്ന കേസിൽ പ്രതിയാകുമെന്ന സാഹചര്യത്തിൽ കഴിഞ്ഞ 14ന് ലിജീഷിനെ കാണാതായിരുന്നു. ഇതു സംബന്ധിച്ച് ബന്ധുക്കൾ അന്നുതന്നെ ചേവായൂർ പൊലീസിൽ പരാതി നൽകി.
പെൺകുട്ടികളുടെ രക്ഷിതാക്കൾ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ലിജീഷിനെതിരെ പോക്സോ കേസുമെടുത്തിരുന്നു. അന്വേഷണത്തിൽ കർണാടകയിലാണെന്ന വിവരമാണ് പൊലീസിന് ലഭിച്ചത്. താൻ നിരപരാധിയാണെന്നും ആത്മഹത്യചെയ്യുകയാണെന്നും ബന്ധുക്കൾക്ക് മൊബൈൽഫോണിൽ സന്ദേശമയച്ചിരുന്നതായി ചേവായൂർ പൊലീസ് പറഞ്ഞു. ഞായറാഴ്ച രാവിലെ ലിജീഷിനെ നടക്കാവിലെ റോഡരികിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു.
സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ലിജീഷിനെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയും തിങ്കളാഴ്ച രാവിലെയോടെ മരിക്കുകയുമായിരുന്നു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം സംസ്കരിച്ചു. മരണത്തിൽ സംശയമുള്ളതായി ബന്ധുക്കൾ അറിയിച്ചു. ഇതുസംബന്ധിച്ച് പരാതി നൽകുമെന്ന് സഹോദരൻ ലിനീഷ് കുമാർ പറഞ്ഞു. പിതാവ്: പരേതനായ രാമൻകുട്ടിനായർ. മാതാവ്: ശോഭന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.