വിലങ്ങുമായി രക്ഷപ്പെട്ട മോഷണക്കേസ് പ്രതി കൊല്ലത്ത് പിടിയിൽ
text_fieldsനിലമ്പൂർ: പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ട നിരവധി മോഷണക്കേസുകളിലെ പ്രതിയെ കൊല്ലത്തുനിന്ന് പിടികൂടി. ചുങ്കത്തറ പൂക്കോട്ടുമണ്ണ ഉടുമ്പിലാശേരി അൻഷിദാണ് (18) കേരള പൊലീസിന്‍റെ സഹായത്തോടെ തമിഴ്നാട് പൊലീസ് നടത്തിയ അന്വേഷണത്തിനിടയിൽ പിടിയിലായത്.
തിങ്കളാഴ്ച രാവിലെ ആറരയോടെ താഴെ ചന്തക്കുന്നിൽനിന്നാണ് തമിഴ്നാട് പൊലീസിനെ കബളിപ്പിച്ച് പ്രതി രക്ഷപ്പെട്ടത്. കോയമ്പത്തൂരിൽനിന്ന് മോഷ്ടിച്ച ബൈക്കുമായി വരവെ, കൈകാണിച്ചിട്ടും നിർത്താതെ പോയതോടെ വഴിക്കടവ് പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. കോയമ്പത്തൂരിലെ കുനിയമുത്തൂർ സ്റ്റേഷൻ പരിധിയിൽ നിന്ന് നവംബർ 27ന് രാത്രി മോഷണംപോയ യമഹ ബൈക്കായിരുന്നു ഇത്.
വഴിക്കടവ് പൊലീസ് കോയമ്പത്തൂർ പൊലീസിന് കൈമാറിയതിനെത്തുടർന്ന് പ്രതിയുമായി തമിഴ്നാട് പൊലീസ് കാറിൽ മടങ്ങുന്നതിനിടെയാണ് ചന്തക്കുന്ന് പെട്രോൾ പമ്പിൽനിന്ന് വിലങ്ങുമായി ഇയാൾ രക്ഷപ്പെട്ടത്. അന്തർസംസ്ഥാന വാഹന മോഷ്ടാവാണ് ഇയാളെന്ന് വഴിക്കടവ് പൊലീസ് പറഞ്ഞു. എടക്കര മൊബൈൽ ഷോപ് കുത്തിത്തുറന്ന കേസിലും നീലഗിരി, കോയമ്പത്തൂർ ആർ.എസ് പുരം സ്റ്റേഷനുകളിൽ നിരവധി ബൈക്ക് മോഷണക്കേസുകളിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
തമിഴ്നാട്ടിൽ നിന്ന് ബൈക്കുകൾ മോഷ്ടിച്ച് കൊണ്ടുവന്ന് അതേ മോഡലിലുള്ള വാഹനത്തിന്‍റെ വ്യാജ നമ്പർ പതിച്ച് വിൽക്കുകയാണ് രീതി. വഴിക്കടവ് പൊലീസ് ഇൻസ്പെക്ടർ മനോജ് പറയറ്റയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി നേരത്തേ പിടിയിലായത്. വഴിക്കടവ് സ്റ്റേഷനിലെ പൊലീസുകാരായ റിയാസ് ചീനി, കെ.പി. ബിജു, എസ്. പ്രശാന്ത് കുമാർ, അലക്സ് കൈപ്പിനി എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.