ടൈറ്റാനിയം തട്ടിപ്പ് കേസ് പ്രതികൾ ബെവ്കോയിലും ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി
text_fieldsതിരുവനന്തപുരം: ടൈറ്റാനിയം ജോലി തട്ടിപ്പിലെ മുഖ്യ ഇടനിലക്കാരി ദിവ്യ നായരുടെ നേതൃത്വത്തിലുള്ള സംഘം ബെവ്കോ ഉൾപ്പെടെ സർക്കാർ സ്ഥാപനങ്ങളിലും ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി. ബെവ്കോയിൽ ജോലി വാഗ്ദാനം ചെയ്ത് പത്തനംതിട്ട കുന്നന്താനം സ്വദേശിയായ യുവതിയിൽനിന്ന് മൂന്ന് ലക്ഷം രൂപ ദിവ്യ നായർ വാങ്ങിയെന്ന പരാതിയിൽ കീഴ്വായ്പൂർ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. 2018 മുതൽ പല തട്ടിപ്പുകൾ നടത്തുന്ന സംഘം കേരള ബാങ്കിലും ബെവ്കോയിലും തട്ടിപ്പ് നടത്തിയെന്ന ആക്ഷേപം ഉണ്ടായിരുന്നെങ്കിലും പരാതി ലഭിക്കുന്നത് ഇപ്പോഴാണ്. തലസ്ഥാനത്ത് മാത്രമല്ല മറ്റ് ജില്ലകളിലും സംഘം തട്ടിപ്പ് നടത്തിയെന്ന് വ്യക്തമാവുകയാണ്.
വ്യാഴാഴ്ചയാണ് ദിവ്യ നായരെന്ന ദിവ്യ ജ്യോതിക്കെതിരെ കീഴ്വായ്പൂർ പൊലീസിന് പരാതി കിട്ടിയത്. ജൂലൈ നാലിന് 33കാരിയായ കുന്നന്താനം സ്വദേശി കേരള സ്റ്റേറ്റ് ബിവറേജസ് കോർപറേഷനിൽ ജോലി കിട്ടുമെന്ന പ്രതീക്ഷയിൽ ദിവ്യ നായർക്ക് പണം കൈമാറി. ടൈറ്റാനിയത്തിൽ ജോലി തട്ടിപ്പിന് ഇരയായ ഉദ്യോഗാർഥികൾ ദിവ്യ നായർക്ക് പണം അയച്ച യൂനിയൻ ബാങ്കിന്റെ തൈക്കാട് ബ്രാഞ്ചിലെ അക്കൗണ്ടിലേക്കാണ് ഈ യുവതിയും പണം അയച്ചത്. മാസങ്ങൾ കഴിഞ്ഞിട്ടും ജോലി കിട്ടാതെ വന്നതോടെ പലതവണ യുവതി ദിവ്യയെ ബന്ധപ്പെട്ടിട്ടും ഫലമുണ്ടായില്ല. ടൈറ്റാനിയത്തിലെ തട്ടിപ്പ് വാർത്തകൾ പുറത്തുവന്നതോടെയാണ് യുവതി പൊലീസിൽ പരാതി നൽകിയത്.
കീഴ്വായ്പൂരിൽ രജിസ്റ്റർ ചെയ്ത കേസിൽ ദിവ്യ നായരെ കസ്റ്റഡിയിൽ വാങ്ങുന്ന നടപടികളിലേക്ക് പൊലീസ് അടുത്തദിവസം കടക്കും. തിരുവനന്തപുരം സിറ്റി പരിധിയിൽ രജിസ്റ്റർ ചെയ്ത ഒമ്പത് കേസുകളിൽ ഇതുവരെ ദിവ്യയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. പുതിയ പ്രത്യേക സംഘം ചുമതലയേറ്റ സാഹചര്യത്തിൽ അവർ തുടർനടപടികൾ സ്വീകരിക്കുമെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.