സ്വർണക്കടത്ത് കൂടുതൽ കാലം തുടരാൻ പ്രതികൾ പദ്ധതിയിട്ടെന്ന് എൻ.െഎ.എ
text_fieldsകൊച്ചി: യു.എ.ഇ കോൺസുലേറ്റിെൻറ നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയ കേസിലെ പ്രതികൾ ദീർഘകാലാടിസ്ഥാനത്തിൽ സ്വർണം കടത്താൻ പദ്ധതിയിട്ടതിെൻറ ഡിജിറ്റൽ രേഖകൾ ലഭിച്ചതായി എൻ.ഐ.എ.
കേസിലെ പ്രതികൾ സമർപ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കവെയാണ് എറണാകുളം പ്രത്യേക എൻ.ഐ.എ കോടതിയിൽ അന്വേഷണ സംഘം ഇക്കാര്യം ബോധിപ്പിച്ചത്.
കേസിലെ ഒന്നാം പ്രതി പി.എസ്. സരിത്തിെൻറ മൊബൈൽ ഫോണുകൾ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമാക്കുന്ന തെളിവുകൾ ലഭിച്ചത്. 2019 നവംബറിൽ തുടങ്ങിയ നയതന്ത്രപാഴ്സൽ സ്വർണക്കടത്ത് പിടികൂടിയത് 2020 ജൂണിലാണ്. ഇതിനിടയിൽ 21 തവണ ഒരേ രീതിയിൽ സ്വർണക്കടത്ത് തുടർന്നു.
സമാന രീതിയിൽ അടുത്ത മാസങ്ങളിലും സ്വർണക്കടത്ത് പലതവണ ആവർത്തിക്കാനുള്ള പദ്ധതി പ്രതികൾ തയാറാക്കിയതിെൻറ തെളിവുകളാണ് സരിത്തിെൻറ ഫോണിൽ ലഭിച്ചതെന്ന് അന്വേഷണ സംഘം ബോധിപ്പിച്ചു.
പിടിക്കപ്പെട്ട പാഴ്സലിൽ 30 കിലോഗ്രാം സ്വർണമാണ് പ്രതികൾ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ചത്. തുടർന്നുള്ള പാസ്സലുകളിൽ ഇതിൽ കൂടുതൽ സ്വർണം കടത്താനുള്ള പദ്ധതിയും പ്രതികൾ തയാറാക്കിയിരുന്നുവെന്നും എൻ.ഐ.എ അറിയിച്ചു.
രഹസ്യമൊഴിയുടെ പകർപ്പ് വേണമെന്ന് കസ്റ്റംസ്
കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായർ നൽകിയ രഹസ്യമൊഴിയുടെ പകർപ്പാവശ്യപ്പെട്ട് കസ്റ്റംസ് എറണാകുളം പ്രത്യേക എൻ.ഐ.എ കോടതിയെ സമീപിച്ചു. കഴിഞ്ഞയാഴ്ച ആലുവ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ നൽകിയതാണ് രഹസ്യമൊഴി.
കേസുമായി ബന്ധപ്പെട്ട് മുഴുവൻ കാര്യങ്ങളും സ്വമേധയാ തുറന്നുപറയാൻ തയാറാണെന്നും മാപ്പുസാക്ഷിയാക്കണമെന്നും ആവശ്യപ്പെട്ട് സന്ദീപ് നായർ അപേക്ഷ നൽകിയതിനെത്തുടർന്നാണ് രഹസ്യമൊഴിയെടുക്കാൻ കോടതി തീരുമാനിച്ചത്. കുറ്റം സമ്മതിക്കുന്നതിലൂടെ കുറ്റകൃത്യത്തിൽനിന്ന് ഒഴിവാക്കുമെന്നോ മാപ്പുസാക്ഷിയാക്കുമെന്നോ ഉറപ്പ് നൽകാനാവില്ലെന്നും കേസിൽ കുറ്റക്കാരനായി കണ്ടെത്തിയേക്കാമെന്നും കോടതി ഓർമപ്പെടുത്തിയെങ്കിലും സന്ദീപ് നായർ ഇത് അംഗീകരിച്ചു. പത്ത് മണിക്കൂറോളം സമയമെടുത്താണ് കോടതി രഹസ്യമൊഴി രേഖപ്പെടുത്തിയത്.
വിസ സ്റ്റാമ്പിങ്ങിനും കമീഷൻ വാങ്ങിയെന്ന് സ്വപ്നയുടെ മൊഴി
കൊച്ചി: സ്വർണക്കടത്ത്, പ്രളയത്തിലകപ്പെട്ട വീടുകളുടെ പുനർനവീകരണം, ലൈഫ് പദ്ധതി എന്നിവക്ക് പുറമെ വേറെയും ഇടപാടുകൾക്ക് കമീഷൻ കൈപ്പറ്റിയതായി പ്രതി സ്വപ്ന സുരേഷിെൻറ മൊഴി. വിസ സ്റ്റാമ്പിങ്ങുമായി ബന്ധപ്പെട്ട് കരാർ ഏറ്റെടുത്ത ചെന്നൈയിലെ ഫോർത്ത് ഫോഴ്സിന് വേണ്ടിയായിരുന്നു ഇടപെടൽ. ഉദ്യോഗാർഥിയുടെ പശ്ചാത്തലം പരിശോധിക്കാൻ കരാർ എടുത്ത കമ്പനിയാണിത്.
കരാർ ലഭിക്കാൻ വൻതുകയാണ് ലഭിച്ചതെന്നാണ് എൻഫോഴ്സ്മെൻറിന് നൽകിയ മൊഴി. ഇതിെൻറ അടിസ്ഥാനത്തിൽ ഫോർത്ത് ഫോഴ്സ് മാനേജിങ് ഡയറക്ടർ ആർ.എൻ. ജയപ്രകാശിനെ എൻഫോഴ്സ്മെൻറ് ചോദ്യം ചെയ്തിരുന്നു. സംഭവം ശരിയാണെന്നും സ്വപ്നക്ക് പണം നൽകിയെന്നും ജയപ്രകാശ് ഇ.ഡിയോട് പറഞ്ഞു.
വ്യാജ സർട്ടിഫിക്കറ്റ്:കേസ് വിജിലൻസിന് കൈമാറിയേക്കും
തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കി സർക്കാർ വകുപ്പിൽ ജോലി നേടിയ കേസ് വിജിലന്‍സിന് കൈമാറിയേക്കും.
കേസിൽ വിജിലന്‍സ് അന്വേഷണത്തിന് ശിപാര്‍ശ ചെയ്ത് തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണർ ബൽറാംകുമാർ ഉപാധ്യായ ആഭ്യന്തരവകുപ്പിന് കത്ത് നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.