കളമശ്ശേരി പോളി. ഹോസ്റ്റലിൽ മാസങ്ങളായി കഞ്ചാവ് വിൽപനയെന്ന് പ്രതികൾ
text_fieldsകൊച്ചി: കളമശ്ശേരി പോളിടെക്നിക്കിലെ ഹോസ്റ്റലിൽ മാസങ്ങൾക്കുമുമ്പേ കഞ്ചാവ് വിൽപന ആരംഭിച്ചതായി പ്രതികളുടെ മൊഴി. മുഖ്യപ്രതിയായ അനുരാജിന് കേസിലെ പ്രതികളായ പൂർവവിദ്യാർഥികൾ കടമായും കഞ്ചാവ് എത്തിച്ച് നൽകിയിരുന്നതായി പ്രതികൾ പൊലീസിനോട് വെളിപ്പെടുത്തി.
കഞ്ചാവ് മൊത്തക്കച്ചവടത്തിനായി അനുരാജ് ഗൂഗിൾപേ വഴി 16,000 രൂപ നൽകിയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവർക്ക് കഞ്ചാവ് നൽകിയ അന്തർസംസ്ഥാനക്കാരനായി അന്വേഷണം ഊർജിതമാക്കി. കഞ്ചാവ് പിടികൂടി പൊലീസ് നടപടി ആരംഭിച്ചതോടെ മൊബൈൽ ഫോൺ ഓഫ് ചെയ്ത് ഇയാൾ ഒളിവിൽ പോയതായാണ് വിവരം. അന്തർസംസ്ഥാനക്കാരനാണ് കഞ്ചാവ് നൽകിയതെന്ന് പിടിയിലായ പൂർവവിദ്യാർഥികളായ ആഷിഖും ഷാലിക്കും മൊഴി നൽകിയിരുന്നു. വിശദ വിവരങ്ങൾക്കായി റിമാൻഡിൽ കഴിയുന്ന ഇവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ഇവരുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച പരിശോധനകളും ആരംഭിച്ചിട്ടുണ്ട്.
കിലോക്ക് പതിനായിരം രൂപ നൽകിയാണ് കഞ്ചാവ് വാങ്ങിയതെന്ന് ഇവർ വെളിപ്പെടുത്തിയിരുന്നു. അനുരാജ് നാലുകിലോ കഞ്ചാവ് വാങ്ങിയെന്നും ഇതിൽ രണ്ടുകിലോ പോളിടെക്നിക് ഹോസ്റ്റലിൽ എത്തിച്ചെന്നുമാണ് ലഭിച്ച മൊഴി. മറ്റാർക്കൊക്കെ കഞ്ചാവ് നൽകിയെന്നാണ് പൊലീസ് അന്വേഷിക്കുന്നത്.
അനുരാജും പൂർവ വിദ്യാർഥികളായ ആഷിക്കും ഷാലിക്കും അടങ്ങുന്ന സംഘമാണ് ഇടപാടുകൾ നിയന്ത്രിച്ചിരുന്നതെന്നാണ് സൂചന.
ഹോസ്റ്റലിലേക്ക് ലഹരിയെത്തുന്നതിൽ രാഷ്ട്രീയ ഭേദമില്ലായിരുന്നെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ പേരിലേക്ക് അന്വേഷണം നീങ്ങുകയാണ്.
കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചയാണ് കളമശ്ശേരി പോളിടെക്നിക് ഹോസ്റ്റലിൽ നടത്തിയ പരിശോധനയിൽ രണ്ടുകിലോയോളം കഞ്ചാവ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ അഞ്ചുപേരാണ് പിടിയിലായത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.