നെല്ലിയമ്പം ഇരട്ടക്കൊല: പ്രതിക്ക് വധശിക്ഷ
text_fieldsകൽപറ്റ: വയനാട് പനമരം നെല്ലിയമ്പം ഇരട്ടക്കൊലക്കേസിലെ പ്രതിക്ക് വധശിക്ഷ. കായക്കുന്ന് നെല്ലിയമ്പം കുറുമ കോളനിയിലെ അര്ജുന് വയനാട് ജില്ല അഡീഷനല്‍ സെഷന്‍സ് കോടതിയാണ് വധശിക്ഷ വിധിച്ചത്. 2021 ജൂൺ 10നാണ് റിട്ട. അധ്യാപകൻ പത്മാലയത്തിൽ കേശവൻ നായർ (70), ഭാര്യ പത്മാവതി (65) എന്നിവർ വീട്ടിനകത്ത് കുത്തേറ്റ് മരിച്ചത്. മോഷണശ്രമത്തിനിടെ അയല്‍വാസിയായ അര്ജുന് ഇരുവരെയും കൊലപ്പെടുത്തുകയായിരുന്നു. കൊലക്കുറ്റത്തിന് വധശിക്ഷ വിധിച്ച കോടതി വീട്ടില്‍ അതിക്രമിച്ചു കയറിയതിന് 10 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. കൂടാതെ തെളിവ് നശിപ്പിച്ചതിന് ആറ് വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്.
പ്രതി കുറ്റക്കാരനാണെന്ന് കോടതി നേരത്തേ കണ്ടെത്തിയിരുന്നു. നെല്ലിയമ്പത്തെ വീട്ടില്‍ വെട്ടേറ്റ നിലയിൽ അയൽവാസികളാണ് ദമ്പതികളെ ആദ്യം കണ്ടത്. കേശവന് സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. നെഞ്ചിനും കഴുത്തിനും ഇടയില്‍ കുത്തേറ്റ പത്മാവതി വയനാട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ പിറ്റേദിവസമാണ് മരിച്ചത്. പനമരം, നീര്‍വാരം സ്കൂളുകളിലെ കായിക അധ്യാപകനായിരുന്നു കേശവന് നായർ. സംഭവം കഴിഞ്ഞ് മൂന്നു മാസത്തിനുശേഷം സെപ്റ്റംബർ 17നാണ് പ്രതി അറസ്റ്റിലാവുന്നത്.
2021 ജൂണ്‍ ഒമ്പതിന് മാനന്തവാടി ഡിവൈ.എസ്.പിയുടെ കാര്യാലയത്തില്‍ ചോദ്യം ചെയ്യുന്നതിനിടെ പുറത്തേക്കോടിയ അര്ജുന് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സക്കുശേഷം വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് കുറ്റസമ്മതം നടത്തിയത്. പ്രത്യേക സംഘം മൂന്നു മാസത്തിലധികം നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കേസന്വേഷണത്തിന്റെ ഭാഗമായി മുന്‍കാല കുറ്റവാളികളടക്കം മൂവായിരത്തോളം പേരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. അഞ്ചുലക്ഷത്തോളം മൊബൈല്‍ ഫോണ്‍ കോളുകളും 150ഓളം സി.സി.ടി.വി കാമറ ദൃശ്യങ്ങളും പരിശോധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.