ട്രെയിൻ തീവെപ്പ്: പ്രതി ഷൊർണൂരിൽ ചെലവിട്ടത് 14 മണിക്കൂർ
text_fieldsഷൊർണൂർ: ട്രെയിനിൽ തീയിട്ട കേസിലെ പ്രതി ഷാറൂഖ് സെയ്ഫി ഷൊർണൂർ റെയിൽവേ സ്റ്റേഷനിലും പരിസരങ്ങളിലുമായി 14 മണിക്കൂർ തങ്ങിയതായി പ്രാഥമിക നിഗമനം. പ്രതി ഷൊർണൂരിൽ ഇറങ്ങിയതായി പറയുന്ന 12218 ചണ്ഡിഗഢ്- കൊച്ചുവേളി സമ്പർക്ക് ക്രാന്തി എക്സ്പ്രസ് ആ ദിവസം പുലർച്ച 4.52ന് ഷൊർണൂരിലെത്തി 5.24ന് യാത്ര തുടർന്നതായാണ് റെയിൽവേ രേഖകളിലുള്ളത്. സംഭവം നടന്ന ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടിവ് എക്സ്പ്രസ് ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ പ്രസ്‍തുത ദിവസമെത്തിയത് വൈകീട്ട് 7.11നാണ്.
പുലർച്ച വന്നിറങ്ങിയ പ്രതി പകൽ മുഴുവൻ ഷൊർണൂരിലും പരിസരങ്ങളിലും ചെലവഴിക്കുകയായിരുന്നെന്നാണ് പൊലീസ് നിഗമനം. ഇതിനിടയിൽ പ്രതി എവിടേക്കെങ്കിലും പോയിട്ടുണ്ടോയെന്ന് വിശദമായ അന്വേഷണത്തിലേ അറിയാനാകൂ. ഇയാളെ ചോദ്യംചെയ്തപ്പോൾ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പെട്രോൾ വാങ്ങിയത് ഷൊർണൂരിൽനിന്നാണെന്ന് തെളിഞ്ഞത്. റെയിൽവേ സ്റ്റേഷന് മുൻവശത്തെ സ്റ്റാൻഡിലെ ഓട്ടോറിക്ഷയിലാണ് ഇയാൾ പെട്രോൾ വാങ്ങാൻ പോയത്.
സ്റ്റേഷന് 200 മീറ്റർ അടുത്തുള്ള എസ്.എം.പി ജങ്ഷനിൽ പെട്രോൾ പമ്പുണ്ട്. എന്നാൽ, ഷൊർണൂർ -കുളപ്പുള്ളി സംസ്ഥാന പാതക്കരികിലെ കുളഞ്ചീരിക്കുളത്തിനടുത്തുള്ള പമ്പിൽനിന്നാണ് പ്രതി മൂന്ന് കുപ്പികളിൽ പെട്രോൾ വാങ്ങിയത്. എന്തുകൊണ്ടാണ് ദൂരത്തുള്ള പമ്പിൽനിന്ന് വാങ്ങിയതെന്ന് വ്യക്തമല്ല. ഷൊർണൂരിലെത്തിയ അന്വേഷണസംഘം പെട്രോൾ പമ്പിൽനിന്ന് സി.സി.ടി.വി ദൃശ്യങ്ങളടങ്ങിയ ഹാർഡ് ഡിസ്ക് കൊണ്ടുപോയി. റെയിൽവേ സംരക്ഷണസേനയുടെയും റെയിൽവേ പൊലീസിന്റെയും പക്കലുള്ള ദൃശ്യങ്ങളും എടുത്തിട്ടുണ്ട്. ഇതിൽ റെയിൽവേ പ്ലാറ്റ്ഫോമുകളിലെയും പരിസര പ്രദേശങ്ങളിലെയും കാഴ്ചകൾ ലഭ്യമാകും. കൂടുതൽ ശാസ്ത്രീയ തെളിവുകൾ കണ്ടെത്താനുള്ള ശ്രമവും പ്രത്യേക അന്വേഷണ സംഘം നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.