സംവിധായകൻ ജോഷിയുടെ വീട്ടിൽ കവർച്ച നടത്തിയ പ്രതി ഉഡുപ്പിയിൽ പിടിയിൽ
text_fieldsകൊച്ചി: ചലചിത്ര സംവിധായകൻ ജോഷിയുടെ വീട്ടിൽ കവർച്ച നടത്തിയ പ്രതിയെ കർണാടകയിലെ ഉടുപ്പിയിൽ നിന്ന് പിടികൂടി. ബിഹാർ സ്വദേശി മുഹമ്മദ് ഇർഫാനാണ് പിടിയിലായത്. കവർച്ച നടത്തി മുംബൈയിലേക്ക് മടങ്ങും വഴിയാണ് എറണാകുളം സൗത്ത് പൊലീസ് ഇയാളെ പിടികൂടുന്നത്. മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള കാറിൽ നിന്നും സ്വർണവും വജ്രാഭരണങ്ങളും കണ്ടെടുത്തു.
വെള്ളിയാഴ്ച പുലർച്ചെയാണ് ജോഷിയുടെ എറണാകുളം പനമ്പിള്ളി നഗറിലുള്ള വീട്ടിൽ കവർച്ച നടന്നത്. ഒരു കോടിയിലേറെ രൂപ വിലമതിക്കുന്ന സ്വർണ, വജ്ര ആഭരണങ്ങളാണ് കവർന്നത്. പ്രതിയുടെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. വീടിന് പിറകിലെ ജനൽ തകർത്താണ് അകത്തുകയറിയത്.
മുകൾ നിലയിലെ അലമാര കുത്തിതുറന്ന് ആഭരണങ്ങൾ കവരുകയായിരുന്നു. വജ്ര നെക്‌ലേസ്, 10 വജ്രമോതിരങ്ങൾ, 12 വജ്രം പതിച്ച കമ്മലുകൾ, സ്ത്രീകൾ വിവാഹത്തിന് കൈയിലണിയുന്ന സ്വർണത്തിന്റെ രണ്ട് വങ്കി, 10 സ്വർണമാലകൾ, 10 വാച്ചുകൾ എന്നിവയാണ് മോഷണം പോയത്. ജോഷിയുടെ മകൻ അഭിലാഷ് ജോഷിയുടെ മുറിയിലും ആളില്ലാതിരുന്ന മറ്റൊരു മുറിയിലുമാണ് മോഷ്ടാവ് കയറിയത്. അഭിലാഷ് സ്ഥലത്തില്ലായിരുന്നു.
പിടിയിലായ പ്രതിയെ ഉടൻ കൊച്ചിയിലെത്തിച്ചേക്കും. മുംബൈയിൽ നിന്നും ഒറ്റക്ക് കാർ ഒടിച്ചാണ് കൊച്ചിയിലെത്തിയത്. ഇയാൾ പ്രദേശിക സഹായം ലഭിച്ചിരുന്നോ എന്നുൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.