മാലിന്യം തള്ളുന്നതിനെതിരെ പരാതിപ്പെട്ടതിന് പഞ്ചായത്ത് അംഗത്തിന്റെ വീടിന് തീയിട്ട പ്രതിക്ക് ഒമ്പത് വർഷം തടവ്
text_fieldsചേർത്തല: ഇറച്ചി മാലിന്യം തള്ളുന്നതിനെതിരെ പരാതിപ്പെട്ടതിന് പഞ്ചായത്ത് അംഗത്തിന്‍റെ വീടിനു തീയിട്ടെന്ന കേസിൽ പ്രതിക്ക് ഒമ്പതുവർഷം തടവും 35,000 രൂപ പിഴയും വിധിച്ചു.
പട്ടണക്കാട് ഗ്രാമപഞ്ചായത്ത് അംഗമായിരുന്ന ബേബിച്ചനും കുടുംബവും കിടന്നുറങ്ങുന്ന സമയം വീടിനു തീയിട്ട അയൽവാസിയായ പാലിയത്തറ വീട്ടിൽ ടിൻഷോയെയാണ് ചേർത്തല അസി. സെഷൻസ് കോടതി ജഡ്‌ജ് ബെവീന നാഥ്, കുറ്റക്കാരാണെന്നുകണ്ട് ശിക്ഷിച്ചത്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകളിലായാണ് ഒമ്പതുവർഷം തടവും പിഴയും വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ രണ്ടുവർഷത്തെ തടവ് കൂടി അനുഭവിക്കണം.
2016 ഫെബ്രുവരി 29നായിരുന്നു കേസിനാസ്പദമായ സംഭവം. പ്രോസിക്യൂഷനുവേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ ജി. രാധാകൃഷ്ണൻ ഹാജരായി. പട്ടണക്കാട് പൊലീസ് കുറ്റപത്രം സമർപ്പിച്ച കേസിലെ രണ്ടാംപ്രതിയായിരുന്ന മാരാരിക്കുളം വടക്ക് പഞ്ചായത്ത് വലിയപറമ്പിൽ ജോസഫ് മകൻ ജോംസനെ തെളിവില്ല എന്നുകണ്ട് വെറുതെവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.