ഒരു ദിവസത്തെ വരുമാനം 8.40 കോടി; കെ.എസ്.ആർ.ടി.സിയുടെ നേട്ടം സ്വപ്നതുല്യം
text_fieldsകോട്ടയം: ഒരു ദിവസം 839.99 ലക്ഷം രൂപ വരുമാനം നേടിയ കെ.എസ്.ആർ.ടി.സിയുടെ നേട്ടം സ്വപ്നതുല്യം. ജീവനക്കാരുടെ മിന്നുന്ന പ്രകടനമാണ് സെപ്റ്റംബർ 12 തിങ്കളാഴ്ച റെക്കോഡ് വരുമാനം കൈവരിച്ചത്. കേവലം 3941 ബസുകളോടിച്ചാണ് ഇവർ 839.99 ലക്ഷം രൂപ കോർപറേഷന് നേടിക്കൊടുത്തത്. ബസ് ഒന്നിന് 21,829 രൂപയും സർവിസ് നടത്തിയ ഓരോ കിലോമീറ്ററിനും 63.10 രൂപയും വരുമാനവും നേടി.
ജീവനക്കാർ ജോലി ചെയ്യുന്നില്ലെന്ന ഗതാഗത മന്ത്രിയുടെയും കോർപറേഷൻ മേധാവികളുടെയും ആക്ഷേപത്തിനുള്ള മറുപടിയാണ് ഈ നേട്ടം. 3941 ബസിൽ 21.84 ലക്ഷം പേരാണ് യാത്ര ചെയ്തത്. മുൻവർഷങ്ങളിൽ 4950ലധികം ബസുകൾ സർവിസ് നടത്തിയിരുന്നപ്പോൾ വരുമാനം എട്ടുകോടിപോലും എത്തിയിരുന്നില്ല. 52 പേരെ കയറ്റാവുന്ന ഫാസ്റ്റിലും സൂപ്പർഫാസ്റ്റിലും നൂറിൽപരം യാത്രക്കാരെ കയറ്റി സർവിസ് നടത്തിയതോടെയാണ് കലക്ഷൻ വർധിച്ചത്.
പിണറായി സർക്കാർ അധികാരമേറ്റപ്പോൾ 43,000 ആയിരുന്ന ജീവനക്കാർ 2022 ആഗസ്റ്റിൽ 22,000 ആയി നേർപകുതിയായി കുറഞ്ഞിരുന്നു. എന്നിട്ടും ഓണത്തലേന്നുവരെ പണിയെടുത്ത ജീവനക്കാർക്ക് രണ്ടുമാസത്തെ ശമ്പളം കുടിശ്ശികയാക്കിയതും കൈക്കുഞ്ഞുങ്ങളുമായി ജീവനക്കാരുടെ കുടുംബങ്ങൾ സമരത്തിനിറങ്ങേണ്ടിവന്നതും വിവാദമായിരുന്നു.
ബസുകളിലെ ഓവർലോഡ് കടുത്ത നിയമലംഘനമാണെങ്കിലും കെ.എസ്.ആർ.ടി.സി മേധാവിയായ ബിജു പ്രഭാകർ തന്നെ ഗതാഗത സെക്രട്ടറിയായി തുടരുന്ന സാഹചര്യത്തിൽ നടപടികൾ ഉണ്ടായില്ല. തൊട്ടുമുമ്പത്തെ തിങ്കളാഴ്ചയായ സെപ്റ്റംബർ അഞ്ചിന് 3895 ബസുകൾ 12.49 ലക്ഷം കിലോമീറ്റർ ഓടിച്ച് 19.63 ലക്ഷം യാത്രക്കാരെ കയറ്റി 661.46 ലക്ഷം രൂപ വരുമാനം നേടി. ഈ ദിവസം ബസ് ഒന്നിന് 17,901 രൂപയും കിലോമീറ്റർ വരുമാനം 52.96 രൂപയുമായിരുന്നു.
തിളങ്ങാതെ സ്വിഫ്റ്റ്
കഴിഞ്ഞ തിങ്കളാഴ്ച കെ.എസ്.ആർ.ടി.സിയുടെ ശരാശരി കിലോമീറ്റർ വരുമാനം 63.10 രൂപയായിരുന്നപ്പോൾ ഉയർന്ന യാത്രക്കൂലിയുള്ള വിലകൂടിയ സ്വിഫ്റ്റ് ബസുകൾക്ക് കിട്ടിയ വരുമാനം കിലോമീറ്ററിന് 55.56 രൂപ മാത്രം.
90 ലക്ഷം രൂപക്ക് വാങ്ങിയ വൈദ്യുതി ബസുകൾ വൻ പരാജയമായി. 19 ഇലക്ട്രിക് ബസുകൾ 2424 കിലോമീറ്റർ ഓടിയപ്പോൾ കയറിയത് 5583 യാത്രക്കാരെ മാത്രം. ആകെ വരുമാനമാകട്ടെ 94,754 രൂപയിൽ ഒതുങ്ങി. കിലോമീറ്റർ വരുമാനം 39 രൂപ മാത്രം. ബസ് ഒന്നിന് കിട്ടിയ വരുമാനമാകട്ടെ 4987 രൂപ മാത്രവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.