ഏറ്റെടുത്തും കൈവിട്ടും ഭെൽ
text_fieldsസംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങളിൽ മുൻനിരയിലായിരുന്നു കാസർകോട് ബദ്രഡുക്കയിലെ കേരള ഇലക്ട്രിക്കൽ ആൻഡ് അലെയ്ഡ് എൻജിനീയറിങ് കമ്പനി ലിമിറ്റഡ്. 12 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന കമ്പനി നല്ല നിലക്ക് പ്രവർത്തിച്ചുപോന്നു. സ്ഥിരം, കരാർ വിഭാഗങ്ങളിലായി ഇരുന്നൂറോളം പേർക്ക് ജോലി. ട്രെയിനുകളിലെ എ.സി കമ്പാർട്ട്മെൻറുകളിൽ ആവശ്യമായ ആൾട്ടർനേറ്ററുകൾ, പവർ കാറുകൾ തുടങ്ങിയവയാണ് ഉൽപാദിപ്പിച്ചത്. പൊതുമേഖല സ്ഥാപനമായതിനാൽ ടെൻഡറില്ലാതെ തന്നെ യഥേഷ്ടം ജോലി കരാർ ലഭിച്ചു. ഇതെല്ലാം കണ്ട് ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ് (ഭെൽ) 'കെൽ' ഏറ്റെടുക്കുന്നു. രാജ്യത്തെ ഏറ്റവും വലിയ കമ്പനി 'കെൽ' ഏറ്റെടുക്കുേമ്പാൾ കണ്ട സ്വപ്നങ്ങളെല്ലാം തകിടം മറിയുന്നതായി പിന്നീടുള്ള കാര്യങ്ങൾ. ജീവനക്കാരുടെ അന്നം മുടക്കിയ കമ്പനി ഇപ്പോൾ ഒരുവർഷമായി അടച്ചിട്ടിരിക്കുകയാണ്. ഒാഹരി വേണ്ടെന്ന് ഭെല്ലും പറഞ്ഞു. ഏറ്റെടുക്കലും പിന്മാറലും എല്ലാം ചതിയായിരുന്നോ. ഇതേക്കുറിച്ച് 'മാധ്യമം' നടത്തുന്ന അന്വേഷണ പരമ്പരയുടെ രണ്ടാം ഭാഗം.
കാസർകോട്: മികച്ച നിലയിൽ പ്രവർത്തിക്കുന്ന കെൽ യൂനിറ്റ് മഹാരത്ന കമ്പനിയായ ഭെൽ സ്വന്തമാക്കുന്നു. ഭെൽ ഇ.എം.എൽ എന്ന് പേരിടുന്നു. കുറച്ചുവർഷം കഴിഞ്ഞ് ഞങ്ങൾക്കത് വേണ്ടെന്ന് ഭെൽ. ആ ഒാഹരി തിരിച്ചുവാങ്ങാൻ കേരളം തയാറാകുന്നു. എന്നാൽ, പറച്ചിലല്ലാതെ പിന്നീട് ഒന്നുമില്ല. ഇതാണ് ചുരുക്കിപ്പറഞ്ഞാൽ കാസർകോട് ഭെൽ ഇലക്ട്രിക്കൽ മെഷീൻ ലിമിറ്റഡ് എന്ന പഴയ കെൽ യൂനിറ്റിെൻറ ഇന്നത്തെ അവസ്ഥ.
അതിനാൽ തന്നെ കൈമാറ്റത്തിൽ അടിമുടി ദുരൂഹത ഇപ്പോഴും നിലനിൽക്കുന്നു. രാജ്യത്തെ പൊതുമേഖല സ്ഥാപനങ്ങൾ ഒാരോന്നായി സ്വകാര്യ മേഖലക്ക് തീറെഴുതുന്ന പുതിയ കാലത്ത് ഭെൽ ഇ.എം.എല്ലിന് ആശ്വസിക്കാൻ വകയുണ്ട്. 2009ൽ കെൽ സ്വന്തമാക്കിയ ഭെൽ, തിരിച്ച് അത് സംസ്ഥാനത്തിനുതന്നെ നൽകാൻ തീരുമാനിച്ചല്ലോ എന്ന കാര്യത്തിലാണ് ഏക ആശ്വാസം.
അൽപം ചരിത്രം
ഇ. അഹമ്മദ് വ്യവസായ മന്ത്രിയായിരിക്കെ 1987ലെ റിപ്പബ്ലിക് ദിനത്തിലാണ് കാസർകോട് കെൽ യൂനിറ്റിന് തറക്കല്ലിട്ടത്. '90ൽ മുഖ്യമന്ത്രി ഇ.കെ. നായനാർ ഉദ്ഘാടനം ചെയ്തു.
അഞ്ചുവർഷം വരെ ലാഭമുണ്ടാക്കിയ സ്ഥാപനം. റെയിൽവേക്ക് ആവശ്യമായ ആൾട്ടർനേറ്ററുകൾ, പവർകാറുകൾ, പ്രതിരോധ വകുപ്പിനുവേണ്ട വിവിധ തരം ആൾട്ടർനേറ്ററുകൾ തുടങ്ങിയവയാണ് ഉൽപാദിപ്പിച്ചത്. പൊതുമേഖല സ്ഥാപനമായതിനാൽ ടെൻഡറില്ലാതെ തന്നെ കോടികളുടെ ജോലി ഒാർഡറുകൾ ലഭിച്ചു. ഗുണമേന്മക്ക് െഎ.എസ്.ഒ സർട്ടിഫിക്കറ്റും ലഭിച്ചു.
വരുന്നു ഭെൽ
കേന്ദ്രത്തിൽ എ.കെ. ആൻറണി പ്രതിരോധ മന്ത്രിയും സംസ്ഥാനത്ത് എളമരം കരീം വ്യവസായ മന്ത്രിയുമായ കാലം. അന്നാണ് കോഴിക്കോട് ചാലിയത്ത് നിർദേശ് ഉൾെപ്പടെയുള്ള വൻ പദ്ധതികൾ തുടങ്ങാൻ തീരുമാനിച്ചത്. ഫറോക്കിലെ സ്റ്റീൽ കോംപ്ലക്സ് സെയിലുമായും അങ്കമാലിയിലെ ടെൽക്ക് എൻ.ടി.പി.സിയുമായും സംയോജിപ്പിക്കാൻ തീരുമാനിച്ചു.
ഇതിനൊപ്പമാണ് കാസർകോട് കെൽ, ഭെല്ലുമായി സഹകരിക്കാൻ പദ്ധതി ആവിഷ്കരിച്ചത്. ടെൽക്ക്, സ്റ്റീൽ കോംപ്ലക്സ് എന്നിവയിൽനിന്ന് വ്യത്യസ്തമായി 51 ശതമാനം ഒാഹരിയാണ് ഇവിടെ ഭെല്ലിന് കൈമാറിയത്. ഇതോടെ ചെയർമാനും എം.ഡിയും ഉൾപ്പെടെ ഏഴംഗ ഭരണസമിതിയിലെ ആറുപേരും ഭെല്ലിേൻറതായി.
ബദ്രഡുക്കയിലെ 12 ഏക്കറിലധികം വ്യാപിച്ചുകിടക്കുന്ന പ്ലാൻറിന് പത്തരക്കോടി രൂപ വില നിശ്ചയിച്ചാണ് പകുതിയിലധികം ഒാഹരി സ്വന്തമാക്കിയത്. 2009 ഫെബ്രുവരി മൂന്നിന് എം.ഒ.യു ഒപ്പിട്ടു. ഭെൽ ഇ.എം.എൽ എന്ന പേരിൽ 2011 മാർച്ച് 28ന് പുതിയ കമ്പനി നിലവിൽവന്നു.
ശമ്പളം മുടങ്ങി, പി.എഫ് അടച്ചില്ല
പകുതിയിലധികം ഒാഹരികൾ സ്വന്തമാക്കിയതോടെ കാസർകോട് കെൽ ഏറക്കുറെ അനാഥമായി. അതുവരെ കൃത്യമായി നടന്ന ഉൽപാദനം ഏറക്കുറെ പിന്നോട്ടടിക്കാൻ തുടങ്ങി. 2016 ആയപ്പോഴേക്കും നീതി ആയോഗ് ഒരു തീരുമാനമെടുത്തു. ഇത്തരം പൊതുമേഖല സ്ഥാപനങ്ങൾ ഏറ്റെടുക്കേണ്ടതില്ലെന്നായിരുന്നു ആ തീരുമാനം.
2018 ഡിസംബർ മുതൽ ശമ്പളം മുടങ്ങി. 2019 മാർച്ചിൽ എം.ഡിയെ പോർട്ടിക്കോയിൽവെച്ച് ലീഗ് അനുകൂല സംഘടന എസ്.ടി.യു തടഞ്ഞു. ഭരണപക്ഷമായതിനാൽ സി.െഎ.ടി.യു തുടക്കത്തിൽ പ്രതിഷേധത്തിൽ അൽപം പിന്നിലായിരുന്നു. പക്ഷേ, കമ്പനിയുടെ പോക്ക് എങ്ങോെട്ടന്ന് എല്ലാവർക്കും ബോധ്യമായി.
2018 അവസാനമായപ്പോഴേക്കും പി.എഫ് അടക്കുന്നത് നിന്നു. അതിനിടെ, പിരിഞ്ഞുപോയവർക്ക് ഗ്രാറ്റുവിറ്റി കൊടുക്കുന്നതും നിലച്ചു. പി.എഫ് വിഹിതം അടക്കാത്തതിനാൽ വിരമിച്ചവർക്ക് പി.എഫ് പെൻഷനും ഇല്ല. ശമ്പളവും മുടങ്ങി. 2020 മാർച്ചോടെ അടച്ചിടുകയും ചെയ്തു. ഇതോടെ ജീവനക്കാർ പെരുവഴിയിലായി.
കൈയൊഴിഞ്ഞ് ഭെല്ലും
വലിയ ആവേശത്തോടെ പകുതിയിലധികം ഷെയറെടുത്ത് കെൽ സ്വന്തമാക്കിയ ഭെൽ അത് എങ്ങനെയെങ്കിലും തലയിൽനിന്ന് പോയാൽ മതിയെന്നായി. കേന്ദ്ര വ്യവസായ വകുപ്പ് അറിയിച്ച പ്രകാരം സംസ്ഥാന സർക്കാർ ഭെല്ലിൽനിന്ന് 51 ശതമാനം ഒാഹരികൾ ഒരു രൂപക്ക് തിരിച്ചുവാങ്ങാൻ തീരുമാനിച്ചു. 2017 ജൂണിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് തീരുമാനം.
എന്നാൽ, തീരുമാനമെടുത്തുവെന്നല്ലാതെ അത് നടപ്പിലായില്ല. സംസ്ഥാന സർക്കാറും കേന്ദ്രവും ഇക്കാര്യത്തിൽ പിന്നീട് അഴകൊഴമ്പൻ നിലപാടാണ് എടുത്തത്. ഭെൽ കൈമാറുന്നുവെന്ന് കേന്ദ്രവും ഏറ്റെടുക്കുന്നുവെന്ന് സംസ്ഥാനവും നിരന്തരം പറയുമെന്നല്ലാതെ ഇരുവർക്കും തീർപ്പാക്കാൻ താൽപര്യമില്ല. ജീവനക്കാർ കോടതിയെ സമീപിച്ചു. മൂന്നുമാസത്തിനകം തീർപ്പുണ്ടാക്കണമെന്നാണ് ഏപ്രിലിലെ വിധി.
സമരം കാസർകോട് നഗരത്തിലേക്ക് മാറ്റി. നൂറുദിവസം സമരം പിന്നിെട്ടങ്കിലും എവിടെയുമല്ലാത്ത സ്ഥിതിയാണ് കമ്പനിയുടെ അവസ്ഥ. കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് തീർപ്പാക്കാൻ ഒരു താൽപര്യവുമില്ല. അപ്പോൾ നശിക്കുന്നത് കമ്പനിയും...
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.