സ്വകാര്യ വനം ഏറ്റെടുക്കൽ: 50 സെന്റ് വരെയുള്ള കർഷകർക്ക് ഇളവ്
text_fieldsതിരുവനന്തപുരം: സ്വകാര്യ വനങ്ങൾ സർക്കാറിലേക്ക് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നിയമ ഭേദഗതിയിൽ 50 സെന്റ് വരെയുള്ള ചെറുകിട, നാമമാത്ര കർഷകർക്ക് പൂർണ ഇളവ് നൽകാൻ തീരുമാനം. വനം മന്ത്രി എ.കെ. ശശീന്ദ്രന്റെ എതിർപ്പ് അവഗണിച്ച് ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗമാണ് ഇതുസംബന്ധിച്ച് ധാരണയിലെത്തിയത്.
അടുത്ത് ചേരുന്ന മന്ത്രിസഭായോഗം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. 50 സെന്റ് വരെ സ്വകാര്യ വനഭൂമി കൈവശംവെച്ച് വീടുണ്ടാക്കി താമസിക്കുന്നുവെന്നോ ആ ഭൂമിയിൽ കൃഷി ചെയ്യുന്നുവെന്നോ തെളിയിക്കുന്നവർക്ക് ഭൂമിയുടെ ഉടമസ്ഥാവകാശം ലഭിക്കും. വീടുവെച്ച് താമസിക്കുന്നവർക്കാകും മുൻഗണന. കൃഷിഭൂമിയാണെന്ന് തെളിയിക്കുന്ന രേഖ, കമീഷൻ റിപ്പോർട്ട്, പ്ലാന്റേഷൻ കമ്മിറ്റി റിപ്പോർട്ട് തുടങ്ങിയവ ഹാജരാക്കിയാലും ഉടമസ്ഥാവകാശം ലഭിക്കും.
ഇളവ് പാടില്ലെന്ന് ആദ്യം നിലപാടെടുത്ത വനംവകുപ്പ് പിന്നീട് 25 സെന്റ് വരെയുള്ള കർഷകർക്ക് നൽകാമെന്ന നിലപാടിലേക്ക് വന്നു. മന്ത്രിസഭാ യോഗത്തിൽ ശശീന്ദ്രൻ ഇത് ആവർത്തിച്ചെങ്കിലും മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ കെ. രാജൻ, പി. രാജീവ് എന്നിവർ വിയോജിച്ചു. വനം വകുപ്പിന്റെ നിർദേശം അംഗീകരിച്ചില്ലെങ്കിൽ വനം കൈയേറ്റം വ്യാപകമാകുമെന്ന് ശശീന്ദ്രൻ ചൂണ്ടിക്കാട്ടി.
50 സെന്റ് വരെയെങ്കിലും ഇളവ് നൽകിയില്ലെങ്കിൽ ഒട്ടേറെ സാധാരണക്കാരെ ബാധിക്കുമെന്നും ഭൂപരിഷ്കരണ നിയമത്തിന്റെ അന്തസ്സത്തക്ക് വിരുദ്ധമാകുമെന്നും രാജൻ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയും രാജീവും അതിനോട് യോജിച്ചതോടെ വനംമന്ത്രിയും വഴങ്ങുകയായിരുന്നു.
കർഷകർ ഹാജരാക്കുന്ന രേഖ തർക്കമറ്റ തെളിവായി കണക്കാക്കണമെന്ന സുപ്രീംകോടതി വിധിയുടെ ബലത്തിൽ പുതിയ ഭേദഗതി ബില്ലിൽ അതുകൂടി ഉൾപ്പെടുത്തണമെന്ന് റവന്യൂ വകുപ്പിന് അഭിപ്രായമുണ്ട്. അല്ലെങ്കിൽ അംഗീകരിക്കാവുന്ന തെളിവുകളിൽ ഉൾപ്പെടുത്തണം. എന്നാൽ, തർക്കമറ്റ തെളിവായി കണക്കാക്കാനാവില്ലെന്നാണ് വനംവകുപ്പിന്റെ നിലപാട്. ഇക്കാര്യത്തിൽ വനം, റവന്യൂ, നിയമ മന്ത്രിമാർ ചർച്ച നടത്തി ധാരണയിലെത്താനാണ് മന്ത്രിസഭ തീരുമാനം. തെളിവ് നിയമത്തിന്റെ അടിസ്ഥാനത്തിൽ ഇക്കാര്യം വിശദമായി പരിശോധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.