എ.ഡി.ജി.പി അജിത് കുമാറിനെതിരായ നടപടിയിലും ‘കരുതൽ’; ഉത്തരവിൽ കാരണം പറയുന്നില്ല
text_fieldsതിരുവനന്തപുരം: ഏറെ വിവാദങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കുമൊടുവിൽ ഒരു മാസത്തിന് എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെതിരെ പിണറായി സർക്കാർ സ്വീകരിച്ച നടപടിയിലും കരുതൽ. അജിത് കുമാറിന്‍റെ സ്ഥാനചലനത്തിന് കാരണം എന്താണെന്ന് ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നില്ല.
അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നു മാറ്റിയെന്നും നിലവിലെ സായുധ പൊലീസ് ബറ്റാലിയന്‍റെ ചുമതലയിൽ തുടരുമെന്നും മാത്രമാണ് ഇന്നലെ രാത്രി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്. കൂടാതെ, ഇന്‍റലിജൻസ് എ.ഡി.ജി.പി മനോജ് എബ്രഹാമിന് ക്രമസമാധാന ചുമതല നൽകിയെന്നും ഉത്തരവിൽ വിവരിക്കുന്നു. ഉത്തരവിലൂടെ അധികചുമതലയിൽ നിന്ന് മാറ്റിയെന്ന പ്രതീതിയാണ് സൃഷ്ടിച്ചത്.
ആരോപണം ഉയർന്ന ദിവസം മുതൽ പ്രവചിക്കപ്പെടുകയും അന്നേ ആഭ്യന്തര വകുപ്പ് തയാറാക്കുകയും ചെയ്ത നടപടിയാണ് ഒരു മാസത്തോളമെടുത്ത് ഞായറാഴ്ച രാത്രി ഒമ്പതോടെ മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്ന് ഉത്തരവായി ഇറങ്ങിയത്. ഇടതുമുന്നണി ഘടകകക്ഷിയായ സി.പി.ഐയുടെ അടക്കം കടുത്ത സമ്മർദങ്ങൾക്കിടയിലും മുഖ്യമന്ത്രി എ.ഡി.ജി.പിക്ക് കവചമൊരുക്കുന്നെന്ന വിമർശനം സാധൂകരിക്കുന്നതാണിത്.
അജിത് കുമാറിനെതിരെ പി.വി. അൻവർ ആരോപണങ്ങൾ ഉന്നയിച്ച ദിവസം കോട്ടയത്ത് പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ സമ്മേളനത്തിലെ മുഖ്യമന്ത്രിയുടെ പ്രസംഗം മുതൽ പകരക്കാരനായി പരിഗണിച്ചത് ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷിനെ ആയിരുന്നു. പൂരം കലക്കൽ, ഹേമ കമ്മിറ്റി തുടങ്ങിയ സുപ്രധാന അന്വേഷണ ചുമതല അദ്ദേഹത്തിന് ആയതിനാലാണ് മനോജ് എബ്രഹാമിനെ ക്രമസമാധാന ചുമതല ഏൽപിച്ചത്.
എ.ഡി.ജി.പി അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റിയത് വെറും പ്രഹസനമാണെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞത്. നിയമസഭ സമ്മേളനം ചേരാനിരിക്കെ പ്രതിപക്ഷത്തെ പേടിച്ചാണ് ഇത്തരമൊരു നടപടിയെടുത്തത്. ഇത് കണ്ണിൽ പൊടിയിടാനുള്ള തന്ത്രമാണ്. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ഈ നടപടി പോര. ഏത് കാര്യത്തിലാണ് ഇപ്പോഴത്തെ നടപടിയെന്നറിയണം. നടപടിയിൽ തൃപ്തിയില്ലെന്നും നിയമസഭയില്‍ കാണാമെന്നും വി.ഡി സതീശൻ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ദൂതനായിട്ടാണ് എ.ഡി.ജി.പി ആർ.എസ്.എസ് നേതാക്കളെ കണ്ടത്. അതിന്‍റെ പേരിലാണ് നടപടിയെങ്കിൽ നേരത്തെ എടുക്കാമായിരുന്നു. അത് കഴിഞ്ഞ് 16 മാസത്തിനു ശേഷമാണ് ഇപ്പോൾ നടപടിയുണ്ടായത്. പൂരം കലക്കിയതിന്‍റെ പേരിലാണ് നടപടിയെങ്കിൽ അത് കഴിഞ്ഞ് അഞ്ച് മാസം കഴിഞ്ഞു. ഏത് കാര്യത്തിലാണ് ഇപ്പോഴത്തെ നടപടി എന്നറിയണമെന്നും വി.ഡി സതീശൻ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ രക്ഷാപ്രവര്‍ത്തനമെന്നാണ് എ.ഡി.ജി.പി എം.ആര്‍. അജിത് കുമാറിന് സ്ഥാനമാറ്റത്തെ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ വിശേഷിപ്പിച്ചത്. ക്രമസമാധാന ചുമതലയില്‍ നിന്ന് ഒഴിവാക്കി സായുധ പൊലീസ് ബറ്റാലിയനിലേക്ക് നിര്‍ത്തിക്കൊണ്ടാണ് അജിത് കുമാറിനോടുള്ള കരുതല്‍ മുഖ്യമന്ത്രി കാട്ടിയത്. ഇത് ശിക്ഷാനടപടിയെന്ന് വിശേഷിപ്പിക്കുന്നത് പോലും നാണക്കേടാണെന്നും സുധാകരൻ വ്യക്തമാക്കി.
മുഖ്യമന്ത്രിക്ക് വേണ്ടി രാഷ്ട്രീയ ദൗത്യമേറ്റെടുത്ത് ആര്‍.എസ്.എസ് നേതാക്കളെ കണ്ട എ.ഡി.ജി.പിയെ കൈവിടാന്‍ തയ്യാറല്ലെന്ന സന്ദേശമാണ് സര്‍ക്കാര്‍ നല്‍കുന്നത്. ആര്‍.എസ്.എസ് നേതൃത്വത്തിന്റെ പ്രീതി നിലനിര്‍ത്താനാണ് എ.ഡി.ജി.പി അജിത് കുമാറിനെ മുഖ്യമന്ത്രി ചേര്‍ത്ത് പിടിക്കുന്നത്.
എ.ഡി.ജി.പിയെ പരമാവധി സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നടപടിയെ തങ്ങളുടെ വിജയമെന്ന് അവകാശപ്പെടുന്നത് സി.പി.ഐയുടെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ ഗതികേടാണ്. എ.ഡി.ജി.പിയെ നുള്ളിനോവിക്കാതെ മുഖ്യമന്ത്രി നടത്തിയ തൊലിപ്പുറത്തെ ചികിത്സയെ വിജയമായി ആഘോഷിക്കുന്ന സി.പി.ഐ കേരളീയ സമൂഹത്തില്‍ കൂടുതല്‍ അപഹാസ്യമായെന്നും കെ. സുധാകരന്‍ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.