എ.ഡി.ജി.പിക്കെതിരെയുള്ള നടപടി ജനങ്ങളെ കബളിപ്പിക്കാനുള്ള തന്ത്രം -വെൽഫെയർ പാർട്ടി
text_fieldsതിരുവനന്തപുരം: എ.ഡി.ജി.പി അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റി, സായുധ ബറ്റാലിയൻ ചുമതലയിൽ നിലനിർത്താനുള്ള തീരുമാനം ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. ഘടകകക്ഷികളും ജനങ്ങളും ഉയർത്തിയ വിമർശനങ്ങളെയും പ്രതിഷേധങ്ങളെയും തണുപ്പിക്കുന്നതിന് വേണ്ടി നടപടിയെടുത്തു എന്ന് തോന്നിപ്പിക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്. ആർ.എസ്.എസുമായി ഉണ്ടാക്കിയ ഡീലിൻ്റെ ഭാഗമായി എ.ഡി.ജി.പിക്ക് സംരക്ഷണ കവചം തീർത്ത മുഖ്യമന്ത്രിക്ക് പിന്നോട്ടുപോകേണ്ടി വന്നത് പോലും ജനരോഷം കൊണ്ടാണ്.
പൊലീസ് മേധാവി സമർപ്പിച്ച റിപ്പോർട്ടിൽ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു എന്നതടക്കമുള്ള ഗുരുതര നിരീക്ഷണങ്ങൾ ഉണ്ടായിട്ടും ഇപ്പോഴും അജിത് കുമാറിനെ സസ്പെൻ്റ് ചെയ്യാതെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണ്. ഇത് ആർ.എസ്.എസ് സമ്മർദ്ദത്തിന്റെ ഭാഗമായാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന ഇത്തരം നടപടികളിലൂടെ ജനരോഷത്തെ ഇല്ലാതാക്കാമെന്നാണ് മുഖ്യമന്ത്രിയും സി.പി.എമ്മും കരുതുന്നതെങ്കിൽ അത് വെറും വ്യാമോഹം മാത്രമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.