മെഡിക്കൽ കോഴ: ബി.ജെ.പി നേതാവ് വി.വി രാജേഷിനെതിരെ നടപടി
text_fieldsതിരുവനന്തപുരം: മെഡിക്കൽ കോഴ, വ്യാജ രസീത് വാർത്തകൾ ചോർന്ന സംഭവത്തിൽ രണ്ട് ബി.ജെ.പി നേതാക്കൾക്കെതിരെ പാർട്ടി നടപടി. സംസ്ഥാന സെക്രട്ടറി വി.വി. രാജേഷ്, യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി പ്രഫുൽ കൃഷ്ണ എന്നിവരെ സംഘടനാ ചുമതലകളിൽനിന്ന് മാറ്റി. സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനാണ് നടപടിയെടുത്തത്. ഇക്കാര്യം പാർട്ടി ഒൗദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
കേന്ദ്ര നേതൃത്വത്തിെൻറ നിർദേശപ്രകാരമാണ് നടപടി. അതേസമയം മെഡിക്കൽ കോഴയുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ടിൽ പരാമർശമുള്ളവർക്കെതിരെ നടപടിയില്ല. വ്യാജ രസീത് സംഭവത്തിലും നടപടി വന്നിട്ടില്ല. വാർത്ത പുറത്തുപോയതുമായി ബന്ധപ്പെട്ട് മാത്രമാണ് നടപടി.
മെഡിക്കൽ കോഴവിവാദം സംബന്ധിച്ച് അന്വേഷിച്ച പാർട്ടിയുടെ രണ്ടംഗ കമീഷൻ റിപ്പോർട്ട് ചോർത്തി മാധ്യമങ്ങൾക്ക് നൽകിയെന്നാണ് രാജേഷിനെതിരായ പാർട്ടിയുടെ കണ്ടെത്തൽ.
എന്നാൽ, ഇതു സംബന്ധിച്ച് ആരാണ് അന്വേഷണം നടത്തിയത്, എന്താണ് കണ്ടെത്തിയത് എന്നതിനെക്കുറിെച്ചാന്നും വിശദീകരിക്കാൻ ബി.ജെ.പി നേതൃത്വം തയാറായിട്ടില്ല. മുമ്പ് യുവമോർച്ച സംസ്ഥാന പ്രസിഡൻറ്, ബി.ജെ.പി വക്താവ് എന്നീ സ്ഥാനങ്ങൾ വി.വി. രാജേഷ് വഹിച്ചിട്ടുണ്ട്. ഇദ്ദേഹം പാർട്ടിയുടെ പ്രാഥമിക അംഗമായി തുടരുമെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന.
കോഴിക്കോട് നടന്ന ദേശീയ നിർവാഹകസമിതി യോഗത്തോടനുബന്ധിച്ച് വ്യാജ രസീത് അച്ചടിച്ച് പിരിവ് നടത്തിയെന്ന വാർത്ത പുറത്തുവന്നതാണ് പ്രഫുൽ കൃഷ്ണക്കെതിരെ അച്ചടക്ക നടപടിയെടുക്കാൻ കാരണമായത്. സംസ്ഥാന നേതാക്കളെ ഉൾപ്പെടെ പ്രതിക്കൂട്ടിലാക്കുന്നതായിരുന്നു ഇൗ വാർത്തകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.