ജോണ്‍ ബ്രിട്ടാസ് എം.പിക്കെതിരായ നീക്കം: രാജ്യം എത്തിപ്പെട്ടിരിക്കുന്ന അപകടകരമായ സ്ഥിതിയുടെ ഉദാഹരമാണെന്ന് സി.പി.എം
text_fieldsതിരുവനന്തപുരം: ജോണ്‍ ബ്രിട്ടാസ് എം.പിക്കെതിരായ കേന്ദ്രഭരണകക്ഷിയുടെ നീക്കം രാജ്യം എത്തിപ്പെട്ടിരിക്കുന്ന അപകടകരമായ സ്ഥിതിയുടെ ഉദാഹരമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ്. ആഭ്യന്തര മന്ത്രി അമിത്‌ഷാ കര്‍ണാടകത്തില്‍ നടത്തിയ കേരളത്തിനെതിരായ പരാമര്‍ശം ലേഖനത്തില്‍ ഉദ്ധരിച്ചു എന്നതിന്റെ പേരിലാണ് രാജ്യസഭ അധ്യക്ഷന്‍ വിളിച്ചുവരുത്തി വിശദീകരണം തേടിയിരിക്കുന്നത്.
കേരളം നിങ്ങളുടെ അടുത്തുണ്ട്. ഞാന്‍ കൂടുതല്‍ പറയുന്നില്ല തുടങ്ങിയ പരാമര്‍ശങ്ങള്‍ ആ അവസരത്തില്‍ തന്നെ പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്‌തതാണ്. ഈ കാര്യം ലേഖനത്തില്‍ എടുത്തുപറഞ്ഞു എന്നതിന്റെ പേരിലാണ് രാജ്യസഭാ അധ്യക്ഷന്‍ വിശദീകരണം ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്.
അമിത്‌ഷാ മാത്രമല്ല സംഘപരിവാറിന്റെ പല നേതാക്കളും നിരന്തരം കേരളത്തെ അവഹേളിക്കുന്ന പ്രസംഗങ്ങളും പ്രസ്‌താവനകളും നടത്തിക്കൊണ്ടിരിക്കുകയാണ്. മാനവിക വികസന സൂചികകളില്‍ ഒന്നാം സ്ഥാനത്തുള്ള കേരളത്തെ സോമാലിയോടു ഉപമിച്ച സ്ഥിതിവിശേഷവും നേരത്തെ ഏറെ ചര്‍ച്ചചെയ്തിരുന്നു.
കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു വെയ്‌ക്കുന്ന ആഗോളവത്‌ക്കരണ നയങ്ങള്‍ക്ക് ബദല്‍ ഉയര്‍ത്തുന്നതിനും മതനിരപേക്ഷത സംരക്ഷിക്കുന്നതിനും രാജ്യത്തിന് മാതൃകയാകുന്ന നിലപാടാണ് കേരളം മുന്നോട്ടു വെക്കുന്നത്. ബി.ജെ.പി നേതാക്കളുടെ കൊടിയ പകക്ക് കേരളം ഇടയാകുന്നതിനും കാരണം ഇതാണ്. സംഘപരിവാറിന്റെ ഇടപെടലിലൂടെ കേരളവിരുദ്ധ സിനിമകള്‍ പോലും പടച്ചുവിടുന്ന സാഹചര്യത്തില്‍കൂടിയാണ് ഇത്തരം ഒരു നീക്കം നടന്നുകൊണ്ടിരിക്കുന്നത്.
ബി.ജെ.പി മുന്നോട്ടു വെയ്‌ക്കുന്ന വർഗീയ അജണ്ടയ്‌ക്ക് കേരളത്തിനോടുള്ള അവഗണനക്കും എതിരായി ശക്തമായിപോരാടുന്ന എം.പിയാണ് ജോണ്‍ബ്രിട്ടാസ്. ഇന്ത്യൻ ഭരണഘടനയുടെ ആര്‍ട്ടിക്കല്‍ 19 അഭിപ്രായപ്രകടന സ്വാതന്ത്യം എല്ലാ പൗരന്മാര്‍ക്കും ഉറപ്പുവരുത്തുന്നുണ്ട്. ജനാധിപത്യത്തിന്റെ അടിസ്ഥാനതത്വങ്ങളില്‍ ഒന്നുമാണിത്. ഇതുപോലും വിസ്‌മരിച്ചു കൊണ്ട് മുന്നോട്ടു പോകുന്ന സംഘപരിവാറിന്റെ നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കേണ്ടതുണ്ടെന്നും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്‌താവനയില്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.