സംവരണ അട്ടിമറിക്കെതിരെ ലേഖനം; ഡോ.കെ എസ് മാധവനെതിരെയുള്ള നടപടി പിൻവലിക്കണം -കേരള ചരിത്ര കോൺഗ്രസ്
text_fieldsതിരുവനന്തപുരം: രാജ്യത്തെ സർവകലാശാലകളിൽ സംഘടിതമായി നടക്കുന്ന സംവരണ അട്ടിമറിക്കെതിരെ ലേഖനമെഴുതിയതിെൻറ പേരിൽ ചരിത്രാദ്ധ്യാപകനും കീഴാള പഠന വിദഗ്ധനുമായ ഡോ. കെ എസ് മാധവന് കാരണം കാണിക്കൽ നോട്ടീസ് നൽകിയ കാലിക്കറ്റ് സർവകലാശാലയുടെ നടപടിക്കെതിരെ കേരള ചരിത്ര കോൺഗ്രസ് പ്രതിഷേധിച്ചു.
കെ.എസ് മാധവന് എല്ലാവിധ പിന്തുണയും നല്കുന്നുവെന്നും, ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിെൻറ നിലവാരത്തെ കരുതി കാലിക്കറ്റ് സർവകലാശാല കെ.എസ് മാധവന് കൊടുത്തിരിക്കുന്ന കാരണം കാണിക്കൽ മെമ്മോ പിൻവലിക്കണമെന്നും കേരള ചരിത്ര കോൺഗ്രസ് ജനറൽ സെക്രട്ടറി ആവശ്യപ്പെട്ടു.
അധ്യാപകനും പ്രഭാഷകനുമായ ഡോ. പി കെ പോക്കറിനൊപ്പം 'സർവ്വകലാശാലകളിൽ നിറഞ്ഞാടുന്ന സംവരണ വിരുദ്ധ മാഫിയ' എന്ന തലക്കെട്ടിൽ 'മാധ്യമം' ദിനപത്രത്തിൽ എഴുതിയ ലേഖനത്തിെൻറ പേരിലാണ് കെ എസ് മാധവനെതിരെ സർവകലാശാല നടപടി എടുത്തിരിക്കുന്നത്.
ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് ലേഖനമെഴുതിയ അക്കാദമീഷ്യന് കാരണം കാണിക്കൽ നോട്ടീസ് നൽകുന്നത് ജനാധിപത്യ സമൂഹത്തിന് യോജിച്ചതല്ല. അക്കാദമിക മികവുകൊണ്ടും സാമൂഹിക ഇടപെടൽ ശേഷി കൊണ്ടും ശ്രദ്ധേയനായ ജൈവ ബുദ്ധിജീവിയാണ് കെ.എസ് മാധവൻ. പൊതു രാഷ്ട്രീയ സാമൂഹിക വിഷയങ്ങളിൽ തൻറെ ധൈഷണിക ബോധം കൊണ്ടും വാക്കുകൊണ്ടും അദ്ദേഹം നടത്തുന്ന ഇടപെടലുകൾ പ്രശംസനീയമാണ്.
ഏതെങ്കിലും പ്രത്യേക സർവകലാശാലയെയോ, വ്യക്തികളെയോ മാത്രം വിമർശിക്കുന്നതിനുമപ്പുറം ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഭരണഘടനാപരമായ അവകാശ സംരക്ഷണത്തിനും അഭിപ്രായ രൂപികരണത്തിനുമുള്ള ക്ഷണമായിരുന്നു പ്രസ്തുത ലേഖനം.
പൊതുസമൂഹത്തോട് ചേർന്നുനിൽക്കുന്ന ബൗദ്ധിക ഇടപെടൽ നടത്തുന്ന കെ.എസ് മാധവനെ പോലെ ഒരാൾ ഇന്ത്യൻ സർവകലാശാലകളിലും ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിലും കാലങ്ങളായി നടമാടുന്ന കീഴാള വിരുദ്ധയിലേക്കും സംവരണ വിരുദ്ധ മനോഭാവത്തിലേക്കും ശ്രദ്ധ ക്ഷണിക്കുമ്പോൾ അതിനെ അർഹിക്കുന്ന ഗൗരവത്തോടുകൂടി ആയിരുന്നു സർവകലാശാല കാണേണ്ടത്.
എന്നാൽ തീർത്തും ദൗർഭാഗ്യകരമായ നിലപാടാണ് സർവകലാശാല അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായത്. രാജ്യമെങ്ങും ഉന്നത വിദ്യാഭ്യാസ മേഖലയിൽ സ്വേച്ഛാധികാര പ്രവണതകൾ വർധിച്ചുവരുന്ന സമകാലിക സാഹചര്യത്തിൽ കേരളത്തിലെ സർവകലാശാലകളും അത്തരമൊരു നയം സ്വീകരിക്കുന്നത് ഒട്ടും ഭൂഷണമല്ലെന്ന് മാത്രമല്ല അക്കാദമികവിരുദ്ധവും, സാമൂഹിക വിരുദ്ധവുമാണെന്ന് കൗൺസിൽ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.