സ്റ്റോപ്പിൽ നിർത്തിയില്ല, സിഗ്നൽ ലംഘനം; കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർമാർക്കെതിരെ നടപടി
text_fieldsഅമ്പലപ്പുഴ: ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുന്നിൽ നിർത്താതിരിക്കുന്ന കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർമാർക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടപടി ആരംഭിച്ചു.ആലപ്പുഴ ഡിപ്പോയിലെ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി. അഞ്ച് ഡ്രൈവർമാർക്ക് കാരണംകാണിക്കൽ നോട്ടീസ് നൽകി. സിഗ്നൽ ലംഘിച്ചെതിനും കാത്തിരിപ്പ് കേന്ദ്രത്തിൽനിന്ന് ബസ് മാറ്റി പാർക്ക് ചെയ്തതിനുമാണ് നടപടി.
മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒയാണ് ലൈസൻസ് റദ്ദാക്കിയത്. തെക്ക് ഭാഗത്തേക്ക് പോകുന്ന ബസുകൾ നിർത്താനായി അമ്പലപ്പുഴ കച്ചേരിമുക്ക് ജങ്ഷന് തെക്കു ഭാഗത്തായി വർഷങ്ങൾക്കു മുമ്പ് പഞ്ചായത്ത് മുൻകൈയെടുത്ത് യാത്രക്കാർക്കായി കാത്തിരിപ്പ് കേന്ദ്രം സ്ഥാപിച്ചിരുന്നു. എന്നാൽ, കെ.എസ്.ആർ.ടി.സി ബസുകൾ പലതും ഇവിടെ നിർത്തിയിരുന്നില്ല. തിരക്കേറിയ ജങ്ഷനിൽ തന്നെ ബസുകൾ നിർത്തുന്നതിനാൽ രൂക്ഷമായ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടിരുന്നു.
ബസുകൾ കാത്തിരിപ്പ് കേന്ദ്രത്തിന് മുന്നിൽ നിർത്തണമെന്ന് മോട്ടോർ വാഹന വകുപ്പ് ഡ്രൈവർമാർക്ക് പലതവണ നിർദേശം നൽകിയിരുന്നു. ഒരാഴ്ച മുമ്പും പരിശോധനക്കിടെ ഈ നിർദേശം നൽകിയിരുന്നു. പാലിച്ചില്ലെങ്കിൽ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിരുന്നതാണ്.തുടർന്നും ഇത് പാലിക്കാതെ വന്നതോടെയാണ് നടപടി ആരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.