മാധവനെതിരായ നടപടി: കാലിക്കറ്റ് സർവകലാശാല വെട്ടിൽ
text_fieldsകോഴിക്കോട്: രാജ്യത്തെ സർവകലാശാലകളിലെ നിയമനത്തിലെയും പ്രവേശനത്തിലെയും സംവരണ അട്ടിമറിക്കെതിരെ പ്രതികരിച്ച ഡോ. കെ.എസ്. മാധവന് കാരണം കാണിക്കൽ നോട്ടീസ് നൽകിയ കാലിക്കറ്റ് സർവകലാശാല അധികൃതർ വെട്ടിലായി. സി.പി.എം സിൻഡിക്കേറ്റിെൻറ പിന്തുണയോടെയുള്ള അച്ചടക്കനടപടിക്കെതിരെ സജീവ പാർട്ടി അനുകൂലികളും രംഗത്തെത്തി.
ചരിത്രവിഭാഗം അസോഷ്യേറ്റ് പ്രഫസറായ മാധവൻ, ഡോ. പി.കെ. പോക്കർക്കൊപ്പം ചേർന്നെഴുതി 'മാധ്യമ'ത്തിൽ ഏപ്രിൽ 21ന് പ്രസിദ്ധീകരിച്ച ലേഖനമാണ് സർവകലാശാലയിലെ ഒരുവിഭാഗം ഉന്നതരെ ചൊടിപ്പിച്ചത്. കേന്ദ്ര സർവകലാശാലകളിലും മറ്റും സംഘ്പരിവാർ നടപ്പാക്കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായ നടപടിയാണ് ഇടത് സ്വഭാവമുള്ള കാലിക്കറ്റും നടപ്പാക്കിയതെന്നാണ് ആക്ഷേപം.
കാലിക്കറ്റിലെ അറിയപ്പെടുന്ന സി.പി.എം സഹയാത്രികരായ അധ്യാപകർ നടപടിയെ എതിർത്ത് വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജിന് കത്ത് നൽകി. ഇംഗ്ലീഷ്, ചരിത്രം, മലയാളം, ഫിലോസഫി തുടങ്ങിയ പഠന വകുപ്പുകളിലെ ഇടത് അധ്യാപകരാണ് മാധവനെ പിന്തുണക്കാനെത്തിയത്. തികച്ചും അക്കാദമികമായി എഴുതിയ ലേഖനം സർവിസ് ചട്ടങ്ങളുടെ ലംഘനമല്ലെന്നും സ്വാഭാവികമായ അഭിപ്രായ സ്വാതന്ത്ര്യമാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. അച്ചടക്കനടപടിക്കെതിരെ ഇടതുചിന്തകനും പ്രശസ്ത അധ്യാപകനുമായ പി.കെ. പോക്കർ നിശിത വിമർശനവുമായി രംഗത്തെത്തിയിരുന്നു.
വിവിധ വിദ്യാർഥി, യുവജന സംഘടനകളും പ്രതിഷേധിച്ചിരുന്നു. പൗരത്വസമരത്തിലടക്കം സംസ്ഥാനത്തുടനീളം പ്രഭാഷണങ്ങളും പ്രതിരോധവും തീർത്ത മാധവനെതിരായ നടപടി സംഘ്പരിവാറിനെ മാത്രമാണ് സന്തോഷിപ്പിക്കുന്നതെന്നാണ് സർവകലാശാലയിലെ ഇടത് അധ്യാപകരുടെ അഭിപ്രായം. എതിർപ്പുകൾ ശക്തമാകുന്നതിനാൽ മാധവെൻറ വിശദീകരണം കിട്ടിയശേഷം തുടർനടപടികൾ ഉപേക്ഷിക്കാനാണ് സാധ്യത. അതിനിടെ, കാരണംകാണിക്കൽ നോട്ടീസിന് മാധവൻ മറുപടി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.