സുഗന്ധഗിരി കേസിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി; പിന്നിൽ മുട്ടിൽ മരം മുറിക്കേസ് അട്ടിമറി?
text_fieldsകൽപറ്റ: സുഗന്ധഗിരിയിലെ അനധികൃത മരം മുറിയുമായി ബന്ധപ്പെട്ട് വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാനുള്ള വനം മന്ത്രിയുടെ ഓഫിസ് നീക്കത്തിന് പിന്നിൽ മുട്ടിൽ മരം മുറിക്കേസ് അട്ടിമറിക്കാനുള്ള നീക്കമെന്ന് ആരോപണം.
വയനാട് സുഗന്ധിഗിരിയിൽ ആദിവാസികൾക്ക് പതിച്ചു നൽകിയ വനം വകുപ്പിന്റെ കൈവശത്തിലുള്ള 3000 ഏക്കർ ഭൂമിയിൽ നിന്ന് അപകടാവസ്ഥയിലുള്ള 20 മരങ്ങൾ മുറിച്ചുനീക്കാനുള്ള അനുമതിയുടെ മറവിൽ നൂറിലധികം മരങ്ങൾ മുറിച്ചു കടത്തിയെന്ന കേസിലാണ് ഡി.എഫ്.ഒ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരെ സസ്പൻഡ് ചെയ്ത് ബുധനാഴ്ച രാത്രി ഉത്തരവിറക്കിയത്.
എന്നാൽ, മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടതിനെ തുടർന്ന് സസ്പെൻഷൻ വ്യാഴാഴ്ചയോടെ മരവിപ്പിക്കുകയായിരുന്നു. അനധികൃത മരം മുറിയുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ബുധനാഴ്ച സമർപ്പിച്ച റിപ്പോർട്ടിൽ റേഞ്ച് ഓഫിസറെ സസ്പെൻഡ് ചെയ്യാനും ഡി.എഫ്.ഒ ഷജ്ന കരീം ഉൾപ്പെടെയുള്ളവരോട് വിശദീകരണം ചോദിക്കാനുമാണ് നിർദേശിച്ചിരുന്നത്.
എന്നാൽ, ഇതുമായി ബന്ധപ്പെട്ട് വിശദീകരണം നൽകുന്നതിന് മുമ്പുതന്നെ അന്വേഷണ സംഘത്തിന്റെ നിർദേശം മരവിപ്പിച്ച് വനം മന്ത്രിയുടെ ഓഫിസ് ഇടപെട്ട് ഡി.എഫ്.ഒ ഷജ്ന കരീം ഉൾപ്പെടെയുള്ളവരെ സസ്പെൻഡ് ചെയ്ത് ഉത്തരവിറക്കുകയായിരുന്നു. ഈ ഉത്തരവ് മരവിപ്പിക്കുന്നതായാണ് വ്യാഴാഴ്ചത്തെ ഉത്തരവിൽ പറയുന്നത്.
സസ്പെൻഷൻ ഉത്തരവിന് പിന്നിൽ വനം മന്ത്രിയുടെ ഓഫിസിൽ ചിലരുടെ ഇടപെടലുണ്ടായെന്ന സംശയം ഉയർന്നിട്ടുണ്ട്. പ്രമാദമായ മുട്ടിൽ മരം മുറിക്കേസിൽ മരങ്ങൾ കണ്ടുകെട്ടിയതും നിലവിൽ കോടതിയിൽ വനം വകുപ്പിന്റെ ഭാഗത്ത് നിന്നുള്ള കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതും ഡി.എഫ്.ഒ ഷജ്ന കരീമാണ്. ഇവരെ സസ്പെൻഡ് ചെയ്ത് ഇഷ്ടക്കാരായ ഉദ്യോഗസ്ഥരെ നിയമിച്ച് കേസ് അട്ടിമറിക്കാനായിരുന്നു നീക്കമെന്നാണ് ആക്ഷേപം.
ജില്ല വികസന സമിതിയിൽ ഉൾപ്പെടെ ശക്തമായ ആവശ്യമുയർന്നതിനെ തുടർന്നാണ് സുഗന്ധഗിരി എസ്റ്റേറ്റിൽ ജീവന് ഭീഷണയായ 20 മരങ്ങൾ മുറിക്കാൻ ഡി.എഫ്.ഒ ഉത്തരവിട്ടത്. ഇതിന്റെ മറവിൽ അനധികൃത മരം മുറി നടന്നതായി ബോധ്യപ്പെട്ടതിനെ തുടർന്ന് ഡി.എഫ്.ഒ ഷജ്ന കരീമിന്റെ നിർദേശ പ്രകാരമാണ് കേസെടുത്തതും അഞ്ച് വനം ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തതും.
റേഞ്ച് ഓഫിസറുടെ നേതൃത്വത്തിലായിരുന്നു അന്വേഷണ സംഘം രൂപവത്കരിച്ചത്. കൂടാതെ 10 പേരെ കേസിൽ അറസ്റ്റ് ചെയ്തതും അനധികൃതമായി മുറിച്ചു കടത്തിയ മരങ്ങൾ കണ്ടെടുത്തതുമെല്ലാം മന്ത്രിയുടെ ഓഫിസ് ഇടപെട്ട് സസ്പെൻഡ് ചെയ്യാൻ നിർദേശിച്ച ഇതേ ഉദ്യോഗസ്ഥയുടെ നേതൃത്വത്തിലായിരുന്നു.
ഉന്നത ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ ഉത്തരവിനെതിരെ ജീവനക്കാർക്കിടയിൽ തന്നെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ജില്ലയിൽ വന്യമൃഗ ശല്യം രൂക്ഷമായ സമയത്താണ് സുഗന്ധഗിരി മരം മുറി നടക്കുന്നത്. മരം മുറി നടക്കുന്ന സമയത്ത് ഡി.എഫ്.ഒമാർ ഉൾപ്പെടെയുള്ളവർ വന്യമൃഗ ശല്യമുണ്ടായ പ്രദേശങ്ങളിൽ ക്യാമ്പ് ചെയ്യുകയായിരുന്നു.
എന്നാൽ, ഈ സമയത്ത് ആവശ്യമായ ഫീൽഡ് പരിശോധന നടത്തിയില്ലെന്നും അനധികൃതമായി മുറിച്ച മുഴുവൻ കുറ്റികളും യഥാസമയം കണ്ടെത്തിയില്ലെന്നത് ഉൾപ്പെടെയുള്ള ആരോപണങ്ങളാണ് സസ്പെൻഷൻ ഉത്തരവിൽ പറഞ്ഞിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.