സെൻകുമാറിനെ ‘കുടുക്കി’ നടപടിക്ക് നീക്കം
text_fieldsതിരുവനന്തപുരം: വിരമിക്കാൻ ദിവസങ്ങൾമാത്രം ശേഷിക്കെ ഡി.ജി.പി ടി.പി. സെൻകുമാറിനെ സ്വസ്ഥമായി പെൻഷൻ വാങ്ങാൻ അനുവദിക്കില്ലെന്ന വാശിയിലാണ് സർക്കാർ. തങ്ങളെ കോടതി കയറ്റി നാണംകെടുത്തിയ സെൻകുമാർ അങ്ങനെ എളുപ്പത്തിൽ പെൻഷനും മറ്റ് ആനുകൂല്യങ്ങളും കൈപ്പറ്റണ്ടെന്നുറപ്പിച്ച പ്രവർത്തനങ്ങളാണ് ഇപ്പോഴുണ്ടാകുന്നത്.
വിരമിക്കുന്നതിന് മുമ്പ് അദ്ദേഹത്തെ സർവിസിൽനിന്ന് സസ്പെൻഡ് ചെയ്യുകയും കോടതിയെപോലും സമീപിക്കാനുള്ള അവസരം നിഷേധിക്കാനുമുള്ള നീക്കവും ഇതിന് പിന്നിലുണ്ടെന്നാണ് സൂചന. ഇതിനായി വിജിലൻസ് അന്വേഷണം ഉൾപ്പെടെയുള്ള നടപടികൾക്ക് അണിയറയിൽ നീക്കംതുടങ്ങി. നാല് കേസുകൾ സംബന്ധിച്ച വിശദാംശങ്ങൾ വിജിലൻസിന് കൈമാറി.
മുമ്പ് സെൻകുമാറിനെതിരെ അഴിമതി ആരോപിച്ച് കോട്ടയത്ത് സമർപ്പിച്ച ആറ് പരാതികളിൽ വിജിലൻസ് അദ്ദേഹത്തിന് ക്ലീൻചിറ്റ് നൽകിയിരുന്നു. അതിന് പുറമെയാണ് ഇേപ്പാൾ നാല് വിഷയങ്ങൾ സർക്കാർ തന്നെ വിജിലൻസിന് കൈമാറിയിട്ടുള്ളത്. പൊലീസ് ആസ്ഥാനത്തെ ഫയലുകൾ പരിശോധിച്ച് സർക്കാറിനും ചില പൊലീസ് ഉദ്യോഗസ്ഥർക്കുമെതിരെ വിരമിച്ചശേഷം സെൻകുമാർ നിയമനടപടി ഉൾപ്പെടെ സ്വീകരിക്കുമോയെന്ന ഭയവും സർക്കാറിനുണ്ട്. അതിനാലാണ് ടി ബ്രാഞ്ച് സംബന്ധിച്ച വിഷയത്തിൽ സെൻകുമാറിനോട് സർക്കാർ ഇപ്പോൾ വിശദീകരണം ചോദിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് കൊച്ചിയിൽ തിരക്കിലായതിനാൽ അദ്ദേഹം മറുപടി നൽകിയിട്ടില്ലെന്നാണ് വിവരം.
തിങ്കളാഴ്ച തലസ്ഥാനത്ത് മടങ്ങിയെത്തിയശേഷം അദ്ദേഹം മറുപടി നൽകുമെന്നാണറിയുന്നത്. വിവരാവകാശ കമീഷെൻറ കൂടി നിർദേശാനുസരണമാണ് രഹസ്യസ്വഭാവമുള്ള ടി ബ്രാഞ്ചിലെ വിവരങ്ങൾ പരസ്യപ്പെടുത്തണമെന്നും അതുസംബന്ധിച്ച വിവരങ്ങൾ കൈമാറണമെന്നുമുള്ള ഉത്തരവ് സെൻകുമാർ ദിവസങ്ങൾക്ക് മുമ്പ് പുറത്തിറക്കിയത്. എന്നാൽ, ഇതിനെതിരായ റിപ്പോർട്ടാണ് പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരി സർക്കാറിന് സമർപ്പിച്ചത്. അതിെൻറകൂടി അടിസ്ഥാനത്തിലാണ് കഴിഞ്ഞദിവസം ആഭ്യന്തര സെക്രട്ടറി സെൻകുമാറിനോട് വിശദീകരണം തേടിയിട്ടുള്ളത്. എന്നാൽ, സെൻകുമാർ സ്വന്തംനിലക്ക് ഇത്തരത്തിലൊരു ഉത്തരവിറക്കിയിട്ടില്ലെന്നാണ് പൊലീസ് ആസ്ഥാന വൃത്തങ്ങൾ പറയുന്നത്.
വർഷങ്ങൾക്ക് മുമ്പ് അന്നത്തെ ഡി.ജി.പി ഇറക്കിയ ഉത്തരവ് നടപ്പാക്കണമെന്ന നിർദേശം മാത്രമാണ് അദ്ദേഹം നൽകിയതെന്നും അതിൽ അസ്വാഭാവികതയൊന്നുമില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, കോടതി ഉത്തരവ് പ്രകാരം അധികാരത്തിലേറി 40 ദിവസം പിന്നിടുേമ്പാഴും സെൻകുമാറിനെ വരിഞ്ഞുമുറുക്കുകയാണ് സർക്കാർ ചെയ്യുന്നത്. ഡി.ജി.പി എന്ന നിലയിൽ അദ്ദേഹം പുറത്തിറക്കിയ ഉത്തരവുകളെല്ലാം തന്നെ മരവിപ്പിക്കുന്ന നടപടികളാണുണ്ടായിട്ടുള്ളതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.