അപേക്ഷകന് രേഖകൾ കൈമാറിയില്ല; സപ്ലൈ ഓഫിസർക്കെതിരെ നടപടിയെന്ന് വിവരാവകാശ കമീഷണർ
text_fieldsതൃശൂർ: വിവരാവകാശപ്രകാരം ചോദിച്ച രേഖകൾ കൈമാറാതെ അപേക്ഷകനെയും വിവരാവകാശ കമീഷനെയും അവഗണിച്ച താലൂക്ക് സപ്ലൈ ഓഫിസർക്കെതിരെ ശിക്ഷാനടപടിക്ക് സംസ്ഥാന വിവരാവകാശ കമീഷണർ.
റേഷൻ കടകളിലേക്ക് ഭക്ഷ്യധാന്യങ്ങൾ നൽകുന്നതിൽ തൂക്കക്കുറവ് അനുഭവപ്പെടുന്നതുമായി ബന്ധപ്പെട്ട പരാതിയിൽ തൃശൂരിലെ വിവരാവകാശ പ്രവർത്തകൻ പി.ബി. സതീഷ് വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ട രേഖകളാണ് നൽകാതിരുന്നത്. നിരവധി തവണ അപേക്ഷ നൽകിയപ്പോൾ ബന്ധപ്പെട്ട ഓഫിസ് ഇതല്ലെന്ന തെറ്റായ മറുപടിയും നൽകി. താലൂക്ക് സപ്ലൈ ഓഫിസർക്കും ജില്ല സപ്ലൈ ഓഫിസിലെ അപ്പീൽ അധികാരിക്കും അപേക്ഷ നൽകിയെങ്കിലും മറുപടിയുണ്ടായില്ല.
ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി സംസ്ഥാന വിവരാവകാശ കമീഷന് നൽകിയ പരാതിയിലാണ് സപ്ലൈ ഓഫിസർക്ക് വീഴ്ച സംഭവിച്ചതായി കമീഷൻ വിലയിരുത്തിയത്. അപേക്ഷകൻ ആവശ്യപ്പെട്ട രേഖകൾ ശേഖരിച്ച് കൈമാറാൻ കഴിയുമെന്ന് ബോധ്യമുണ്ടായിട്ടും കൈമാറാതിരുന്നത് ഗുരുതര വീഴ്ചയാണെന്ന് കമീഷൻ ഉത്തരവിൽ പറയുന്നു. വീഴ്ച വ്യക്തമായ സാഹചര്യത്തിൽ ശിക്ഷാനടപടി സ്വീകരിക്കാൻ തീരുമാനിക്കുന്നതായും ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും ബോധിപ്പിക്കാനുണ്ടെങ്കിൽ 15 ദിവസത്തിനകം രേഖാമൂലം കമീഷനെ അറിയിക്കാനും വിവരാവകാശ കമീഷണർ പി.ആർ. ശ്രീലത ഉത്തരവിൽ വ്യക്തമാക്കുന്നു. അപേക്ഷകൻ ആവശ്യപ്പെട്ട രേഖകൾ ബന്ധപ്പെട്ട അധികാരിയിൽനിന്ന് ശേഖരിച്ച് നൽകാനും ലഭ്യമാക്കിയ റിപ്പോർട്ടിന്റെ പകർപ്പ് കമീഷന് അയക്കാനും ഉത്തരവിൽ വിവരാവകാശ കമീഷൻ നിർദേശിക്കുന്നു.
തൃശൂർ താലൂക്കിൽ റേഷൻ കടകളിലേക്ക് പ്രതിമാസം സപ്ലൈകോ വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങൾ തൂക്കക്കുറവിൽ വിതരണം നടത്തി ബാക്കി കരിഞ്ചന്തയിൽ മറിച്ചുവിൽക്കുന്നുവെന്ന് ആക്ഷേപമുയർന്നിരുന്നു. സപ്ലൈകോ നൽകുന്ന ഭക്ഷ്യധാന്യങ്ങളുടെ അളവ് തൂക്കങ്ങളും റേഷൻ കടകളുടെ വിശദാംശങ്ങളുമടക്കമാണ് നേർക്കാഴ്ച അസോസിയേഷൻ ഡയറക്ടർ പി.ബി. സതീഷ് താലൂക്ക് സപ്ലൈ ഓഫിസറോട് ആവശ്യപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.