സാങ്കേതിക സർവകലാശാലയിൽ യു.ജി.സി ചട്ടങ്ങൾക്ക് വിരുദ്ധമായ നടപടിയെന്ന്; വി.സി നിയമനം റദ്ദാക്കി സുപ്രീംകോടതി
text_fieldsന്യൂഡല്‍ഹി: യു.ജി.സി ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി എ.പി.ജെ. അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ ഡോ. രാജശ്രീ എം.എസിന്റെ നിയമനം സുപ്രീം കോടതി റദ്ദാക്കി. നിയമനം യു.ജി.സി ചട്ടങ്ങള്‍ക്ക് എതിരാണെന്ന് കാണിച്ച് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല എന്‍ജിനീയറിങ് വിഭാഗത്തിലെ മുന്‍ ഡീന്‍ പ്രഫസർ ഡോ. ശ്രീജിത്ത് പി.എസ്. നല്‍കിയ ഹരജിയിലാണ് സുപ്രീംകോടതി വിധി. കേരള ഹൈകോടതി സിംഗിൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും തള്ളിക്കളഞ്ഞ ശ്രീജിത്തിന്റെ ഹരജിയിലെ ആവശ്യം ജസ്റ്റിസുമാരായ എം.ആര്‍. ഷാ, സി.ടി. രവികുമാര്‍ എന്നിവരടങ്ങുന്ന ബെഞ്ച് അംഗീകരിച്ചത് സംസ്ഥാന സർക്കാറിനും വി.സിക്കും തിരിച്ചടിയായി.
ആദ്യ വിജ്ഞാപനപ്രകാരം പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ശ്രീജിത്തിന്റെ പേരുണ്ടായിരുന്നു. എന്നാൽ, ഇത് റദ്ദാക്കി രണ്ടാമത്തെ വിജ്ഞാപനപ്രകാരമിറക്കിയ ചുരുക്കപ്പട്ടികയിൽ നിന്ന് ഒഴിവാക്കുകയായിരുന്നു. പിന്നീട് മാധ്യമങ്ങളിൽനിന്നാണ് രാജശ്രീയെ വി.സിയായി നിയമിച്ചത് അറിഞ്ഞതെന്ന് ശ്രീജിത്ത് സുപ്രീംകോടതിയിൽ ബോധിപ്പിച്ചു. ഈ നിയമനം യു.ജി.സി ചട്ടങ്ങളുടെ ലംഘനമാണെന്ന ശ്രീജിത്തിന്റെ വാദം സുപ്രീംകോടതി അംഗീകരിച്ചു. 2019 ഫെബ്രുവരി രണ്ടിനാണ് ഡോ. രാജശ്രീ എം.എസിനെ സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറായി നിയമിച്ച് ഗവര്‍ണര്‍ ഉത്തരവിറക്കിയത്. ഇതിൽ മൂന്ന് ചട്ടലംഘനം ഉണ്ടായെന്ന് ശ്രീജിത്ത് ബോധിപ്പിച്ചിരുന്നു.
വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള സെര്‍ച് കമ്മിറ്റി ചട്ടങ്ങള്‍ ലംഘിച്ചാണ് രൂപവത്കരിച്ചതെന്നതായിരുന്നു ഒന്നാമത്തെ തെറ്റ്. വിദ്യാഭ്യാസ മേഖലയുമായി ബന്ധമുള്ള പ്രമുഖ വ്യക്തികള്‍ അടങ്ങുന്നതായിരിക്കണം സെര്‍ച് കമ്മിറ്റിയെന്നത് ലംഘിച്ച് ചീഫ് സെക്രട്ടറിയെ അംഗമാക്കി. അദ്ദേഹത്തിന് വിദ്യാഭ്യാസ മേഖലയുമായി ബന്ധമില്ലായിരുന്നു. യു.ജി.സി ചെയര്‍മാന്റെ നോമിനിക്കു പകരം എ.ഐ.സി.ടി.ഇ നോമിനിയെ സെര്‍ച് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയതും ശരിയായ നടപടിയല്ല. വൈസ് ചാന്‍സലര്‍ നിയമനത്തിന് പാനല്‍ നല്‍കണമെന്ന ചട്ടം ലംഘിച്ച് ഡോ. രാജശ്രീയുടെ പേര് മാത്രമാണ് ചാന്‍സലറായ ഗവര്‍ണര്‍ക്ക് കൈമാറിയതെന്നും ശ്രീജിത്തിന്റെ അഭിഭാഷകരായ ഡോ. അമിത് ജോര്‍ജ്, മുഹമ്മദ് സാദിഖ് എന്നിവർ ബോധിപ്പിച്ചു. ഈ വാദം കോടതി അംഗീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.