കൈയേറ്റം സംരക്ഷിക്കാൻ വേണമെങ്കിൽ കൈയൂക്കും
text_fields
മൂന്നാർ: മൂന്നാറിലെ വിവിധ സർക്കാർ വകുപ്പുകളുടെ ഭൂമി കൈയേറാൻ രാഷ്ട്രീയ പാർട്ടികൾ നടത്തുന്നത് ആസൂത്രിത നീക്കം. കൈയേറ്റ ഭൂമി സംരക്ഷിക്കാൻ ആവശ്യമെങ്കിൽ കൈയൂക്കുമാകാം എന്ന അവസ്ഥയാണ് നിലനിൽക്കുന്നത്. ടൗണിലും ഇക്കാനഗറിലും ദേവികുളത്തും കോടികളുടെ ഭൂമികളാണ് ഷെഡുകൾ നിർമിച്ചും റിസോർട്ടുകൾ പണിതും സി.പി.എം അടക്കം പാർട്ടി നേതൃത്വങ്ങളുടെ ഒത്താശയോടെ കൈയേറുന്നത്.
ആദ്യം ഭൂമി വേലികെട്ടിത്തിരിക്കും. തുടർന്ന് പഞ്ചായത്ത്, റവന്യൂ വകുപ്പുകളിലെ ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാജരേഖകൾ ചമച്ച് അവധി ദിനങ്ങളിൽ അവിടെ കെട്ടിടം നിർമിക്കും. ഇതാണ് വ്യാപകമായി നടക്കുന്നത്. വി.എസിെൻറ കാലത്ത് കൈയേറ്റമെന്ന് കണ്ടെത്തി നോട്ടീസ് നൽകിയ റിസോർട്ടുകളുടെ ഉടമകളാണ് ഇക്കാനഗറിലും ഭൂമി കൈവശംവെക്കുന്നത്.
ചെറുകിട കൈയേറ്റക്കാരാണെന്ന് വരുത്തിത്തീർത്ത് ഇവരെ സംരക്ഷിക്കാൻ എം.എൽ.എമാരടക്കം രംഗത്തുണ്ട്. സർക്കാർ ഭൂമി വ്യാജരേഖയുണ്ടാക്കി മറിച്ചുവിറ്റ് റിസോർട്ടുകളും കോട്ടേജുകളും പണിയുന്നവരെ ഒഴിപ്പിക്കരുതെന്ന് പറയുന്നവർ കുറ്റിയാർവാലിയിൽ തൊഴിലാളികൾക്ക് ഭൂമി അളന്നുതിരിച്ചു നൽകണമെന്ന് സർക്കാറിനോട് ആവശ്യപ്പെടുന്നില്ല. സർക്കാർ സർവിസിൽനിന്ന് വിരമിച്ച ഉദ്യോഗസ്ഥൻ ക്വാർേട്ടഴ്സിനു സമീപം ഭൂമി കൈയേറി ഷെഡ് നിർമിച്ചത് ന്യായീകരിക്കാനാണ് ബുധനാഴ്ച ദേവികുളത്ത് സി.പി.എം പ്രവർത്തകർ രംഗത്തിറങ്ങിയത്. പാവപ്പെട്ടവർക്ക് വിതരണം ചെയ്യാൻ ദേവികുളം കച്ചേരി സെറ്റിൽമെൻറിലടക്കം മാറ്റിയിട്ടിരുന്ന ഭൂമി കൈയേറി വീടും കോട്ടേജും നിർമിച്ചവർ തന്നെയാണ് വീണ്ടും സർക്കാർ ഭൂമികൾ കൈയേറാൻ ഒത്താശ ചെയ്യുന്നത്. മൂന്നാറിൽ കൈയേറ്റം ഒഴിപ്പിക്കാൻ പൊലീസിെൻറ പിന്തുണ ലഭിക്കുന്നില്ലെന്ന് സബ് കലക്ടർ അടക്കമുള്ളവർ നേരത്തേ പരാതിപ്പെട്ടിരുന്നു. ഇതാണ് ബുധനാഴ്ച ദേവികുളത്തും കണ്ടത്.
മൂന്നാറിലെ ഭൂമി സംരക്ഷിക്കാൻ നിയോഗിക്കപ്പെട്ട ഭൂസംരക്ഷണ സേനയെ നടപടിയിൽനിന്ന് ബലമായി പിന്തിരിപ്പിക്കാനാണ് ഒരു കൂട്ടരുടെ ശ്രമം. മൂന്നാർ ടൗണിൽ പുഴ കൈയേറി നിർമിച്ച കെട്ടിടം പൊളിക്കാനെത്തിയ സബ് കലക്ടറെ ഇവർ വിരട്ടിയോടിച്ചു. സബ് കലക്ടറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ദേവികുളം ആർ.ഡി ഓഫിസ് മുന്നിൽ സി.പി.എം പോഷക സംഘടന ദിവസങ്ങളോളം സമരം ചെയ്തെങ്കിലും ഫലമുണ്ടായില്ല. കൈയേറ്റം ഒഴിപ്പിക്കാതെ പിൻമാറില്ലെന്ന ഉറച്ച നിലപാടെടുത്ത സബ് കലക്ടർക്ക് ഇപ്പോൾ പൊലീസ് സംരക്ഷണവും ഇല്ലാതായിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.