ക്ലസ്റ്റർ പരിശീലനത്തിൽ പങ്കെടുക്കാത്തവർക്കെതിരെ നടപടി -മന്ത്രി
text_fieldsകാട്ടാക്കട: ഒരുകൂട്ടം അധ്യാപകര്‍ ക്ലസ്റ്റർ പരിശീലനത്തിൽ പങ്കെടുക്കാതെ മാറി നിൽക്കുകയാണെന്നും മതിയായ കാരണങ്ങൾ ഇല്ലാതെ അവധി എടുത്തവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും മന്ത്രി വി. ശിവൻകുട്ടി.
കുളത്തുമ്മൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നബാർഡ് 6.75 കോടി രൂപ ചെലവിൽ നിർമിച്ച ലിഫ്റ്റ് സൗകര്യത്തോട് കൂടി ജില്ലയിലെ ആദ്യ ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. വിദ്യാർഥികളുടെ അക്കാദമിക ചുമതല അധ്യാപകർക്കാണ്.
കുട്ടികളുടെ പഠനനിലവാരം താഴ്ന്നാൽ അതിന്റെ 75 ശതമാനം ഉത്തരവാദിത്തം അധ്യാപകർക്കാണെന്ന കാര്യം മറക്കരുതെന്നും മന്ത്രി പറഞ്ഞു. ഇതിനനുസരിച്ചാണ് ക്ലസ്റ്റർ മീറ്റിങ്ങുകൾ സംഘടിപ്പിക്കുന്നത്. എന്നാൽ, പലരും പങ്കെടുക്കാതെ മാറി നിൽക്കുകയാണ്. അടുത്ത വർഷം മുതൽ അഞ്ച് ദിവസത്തെ റസിഡൻഷ്യൽ ക്ലസ്റ്റർ മീറ്റിംഗുകളായിരിക്കും ഉണ്ടാകുക. അതുപോലെ സ്ഥിരമായി ഒരേ സ്കൂളിൽ അധ്യാപകർ വർഷങ്ങളായി ജോലിചെയ്യുന്ന സമ്പ്രദായം മാറി മൂന്ന് വർഷത്തിലൊരിക്കൽ അധ്യാപകർക്ക് സ്ഥലം മാറ്റവും ഉണ്ടാകും. പരിഷ്ക്കരിച്ച പാഠപുസ്തകം എത്രയും പെട്ടെന്ന് കുട്ടികളുടെ കൈകളിലെത്തുമെന്നും മന്ത്രി പറഞ്ഞു.
ഐ.ബി. സതീഷ് എം.എൽ.എ അധ്യക്ഷത വഹിച്ചു. അടൂർ പ്രകാശ് എം.പി, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഇന്ദുലേഖ എന്നിവർ സംസാരിച്ചു.
തുടർന്ന് കുട്ടികളുടെ കലാപരിപാടികളും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.