ബഹ്റൈനിലെ പ്രവാസിയുടെ മരണം കൊലപാതകമെന്ന്; പിന്നിൽ സ്വര്‍ണക്കടത്ത് റാക്കറ്റെന്ന് ആക്ഷന്‍ കമ്മിറ്റി
text_fieldsപേരാമ്പ്ര: ബഹ്റൈനിലെ ഹുദൈബിയയില്‍ ജോലി ചെയ്തുവരുകയായിരുന്ന കോടേരിച്ചാലിലെ വടക്കെ എളോല്‍ മീത്തല്‍ രജിന് രാജിെൻറ (33) ദുരൂഹ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ജനുവരി 16നാണ് രജിന് രാജിനെ താമസസ്ഥലത്തുനിന്ന് ഏറെ അകലെയുള്ള ഫ്ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. ദേഹത്ത് പരിക്കുകളുണ്ടായിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ബഹ്റൈനില്‍നിന്ന് നാട്ടിലേക്ക് സ്വര്‍ണം അനധികൃതമായി കടത്തുന്ന റാക്കറ്റിെൻറ കെണിയില്‍ വീഴുകയായിരുന്നു ഈ യുവാവ്. സ്വർണം ഏൽപിച്ചവര് അത് നഷ്ടപ്പെട്ടതിെൻറ ഉത്തരവാദിത്തം രജിന് രാജിെൻറ തലയില്‍ കെട്ടിവെക്കുകയായിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട് രജിന് രാജിനെ മറ്റൊരു ഫ്ലാറ്റിലേക്ക് കടത്തിക്കൊണ്ടുപോയി ഇവര്‍ മർദിച്ചെന്നും ഭാരവാഹികള്‍ ആരോപിച്ചു.
ഫ്ലാറ്റിലെ സി.സി.ടി.വിയില്‍ വ്യക്തമായി തെളിഞ്ഞ അഞ്ചു പേരില്‍ മൂന്നുപേര്‍ നാട്ടിലെത്തിയിട്ടുണ്ടെന്നാണ് സൂചന. മരണം കൊലപാതകമാണെന്ന് ബന്ധുക്കളും നാട്ടുകാരും സംശയിക്കുന്നു. നാട്ടിലെത്തിയവരെ കണ്ടെത്തി ചോദ്യം ചെയ്താല്‍ നിജസ്ഥിതി പുറത്തുവരുമെന്നാണ് ആക്ഷന്‍ കമ്മിറ്റിയുടെ നിഗമനം. രജിന് രാജ് വിദേശത്ത് ജോലി ചെയ്യാന്‍ തുടങ്ങിയിട്ട് നാലു വര്‍ഷമായി. മൃതദേഹം സല്‍മാനിയ ഹോസ്പിറ്റല്‍ മോര്‍ച്ചറിയിലാണുള്ളത്.
കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.കെ. ബിന്ദു, ആക്ഷന്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എം.സി. ഉണ്ണികൃഷ്ണന്, ആക്ഷന്‍ കമ്മിറ്റി ചെയര്പേഴ്സൻ ഗ്രാമപഞ്ചായത്തംഗം കെ. രാജശ്രീ, കമ്മിറ്റി അംഗങ്ങളായ മോഹന്‍ദാസ് ഓണിയില്‍, കെ. പ്രിയേഷ് എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.