പാട്ടക്കാലാവധി തീർന്ന ഭൂമി തിരിച്ചെടുക്കാൻ നടപടി വരുന്നു
text_fieldsകോട്ടയം: സംസ്ഥാനത്ത് പാട്ടക്കാലാവധി തീർന്ന സർക്കാർ ഭൂമി തിരിച്ചുപിടിക്കാനുള്ള നടപടികൾ വേഗത്തിലാക്കും. ഇതോടൊപ്പം സർവകലാശാലകൾ, കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വിവിധ സർക്കാർ വകുപ്പുകൾ, പൊതുമേഖല സ്ഥാപനങ്ങൾ എന്നിവക്ക് കൈമാറിയിട്ടുള്ള സർക്കാർ ഭൂമിയുടെ കണക്കെടുക്കാനും റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിക്ക് സർക്കാർ നിർദേശം നൽകി.
സർക്കാർ ഭൂമി കൈവശപ്പെടുത്തിയവർ മറ്റാർക്കെങ്കിലും കൈമാറിയിട്ടുണ്ടോയെന്നും അന്വേഷിക്കും. മുൻ സർക്കാറിെൻറ കാലത്ത് സർക്കാർ ഭൂമി വിവിധ സ്ഥാപനങ്ങൾക്ക് മറിച്ചു നൽകിയതായ പരാതികളും നിലവിലുണ്ട്. വികസന പദ്ധതികൾക്ക് സർക്കാർ ഭൂമി പാട്ടത്തിനെടുത്ത ശേഷം ഇതുവരെ ഒരു പദ്ധതിയും നടപ്പാക്കാതിരുന്നവരെക്കുറിച്ചും ഭൂമിയുടെ ഇേപ്പാഴത്തെ അവസ്ഥയെക്കുറിച്ചും അന്വേഷിക്കും. ഭൂമി കൈമാറിയത് ആർക്കൊക്കെ, എന്താവശ്യത്തിന്, ഇപ്പോഴത്തെ സ്ഥിതി എന്നിവയും പരിശോധിക്കും.
എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഇത്തരത്തിൽ വ്യാപകമായി സർക്കാർ ഭൂമി വിവിധ വികസന പദ്ധതികളുടെ പേരിൽ സ്വകാര്യ സംരംഭകർക്കുവരെ കൈമാറിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇത് 3000^4000 ഏക്കർവരെ വരുമെന്നാണ് സൂചന. പാട്ടക്കാലാവധി തീർന്ന ഭൂമി കണ്ടെത്താൻ സർക്കാർ നിയോഗിച്ച സ്പെഷൽ ഒാഫിസർ രാജമാണിക്യം സമർപ്പിച്ച റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കാനും റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്താകെ 65,000 ഏക്കറിലധികം സർക്കാർ ഭൂമി തിരിച്ചുപിടിക്കാനുണ്ടെന്നാണ് റിപ്പോർട്ട്.
മൂന്നാറിലടക്കം ഇടുക്കി ജില്ലയിൽ വ്യാപകമായി നടന്ന ഭൂമി കൈയേറ്റത്തിലും ശക്തമായ നടപടിയെടുക്കും. മൂന്നാറിലെ ഭൂമി കൈയേറ്റത്തെക്കുറിച്ച് ലാൻഡ് റവന്യൂ കമീഷണർ നൽകിയ റിപ്പോർട്ടും റവന്യൂ സെക്രട്ടറി പരിശോധിക്കും.
തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ഇതുസംബന്ധിച്ച മുഴുവൻ റിപ്പോർട്ടുകളും വിലയിരുത്തി. ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട ഒാരോ കേസും പ്രേത്യകം പരിശോധിക്കാനാണ് നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.