തദ്ദേശസ്ഥാപനങ്ങളിൽ അപേക്ഷകരെ ബുദ്ധിമുട്ടിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് നിർദേശം
text_fieldsപാലക്കാട്: അപേക്ഷകരെ ബുദ്ധിമുട്ടിക്കുന്ന തദ്ദേശവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ മുന്നറിയിപ്പില്ലാതെ അച്ചടക്ക നടപടിയെടുക്കുമെന്ന് പ്രിൻസിപ്പൽ ഡയറക്ടറേറ്റിൽ നിന്ന് മുന്നറിയിപ്പ്. തദ്ദേശസ്ഥാപനങ്ങളിൽ വിവിധ ആവശ്യങ്ങൾക്കായി സമീപിക്കുന്നവരെ ഉദ്യോഗസ്ഥർ ബോധപൂർവം ബുദ്ധിമുട്ടിക്കുന്ന സമീപനം തുടരുന്നത് അനുവദിക്കാനാവില്ലെന്ന് പ്രിൻസിപ്പൽ ഡയറക്ടർ എം.ജി. രാജമാണിക്യം ഉത്തരവിൽ ചൂണ്ടിക്കാട്ടി.
അപേക്ഷകൾ ശരിയാംവിധം പരിശോധിക്കാതെയും അപാകതകളുണ്ടെങ്കിൽ അവ അപേക്ഷകരെ യഥാസമയം അറിയിക്കാതെയും തദ്ദേശസ്ഥാപനങ്ങൾ അലംഭാവം തുടരുകയാണെന്ന് വിജിലൻസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആവശ്യങ്ങൾക്കായി അപേക്ഷകർ തദ്ദേശസ്ഥാപനങ്ങളിൽ പലതവണ കയറിയിറങ്ങേണ്ട സ്ഥിതിയാണ്.
ഈ അവസ്ഥ മാറണം. അപേക്ഷ സമർപ്പിക്കുന്ന സമയത്ത് തന്നെ അനുബന്ധ രേഖകളുണ്ടോയെന്ന് പരിശോധിക്കണം. അപാകത അതത് സമയം അറിയിക്കണം. അനുബന്ധരേഖകളുടെ ചെക് ലിസ്റ്റ് ഉദ്യോഗസ്ഥർ കരുതുകയും അവ ഉറപ്പാക്കുകയും വേണം. നിശ്ചയിച്ച സമയപരിധിക്കകം അപേക്ഷകളിൽ തീർപ്പാക്കണം.
തുടർന്ന് രേഖകളിൽ അപാകത കണ്ടാൽ അപേക്ഷകന് രേഖാമൂലം അറിയിപ്പ് നൽകണം. അപാകതകൾക്ക് അടിസ്ഥാനമായ നിയമങ്ങളും ചട്ടങ്ങളും ഉത്തരവുകളും പരാമർശിച്ച് വേണം അറിയിപ്പ് നൽകേണ്ടത്. നിരവധി തവണ അറിയിപ്പുകൾ നൽകി അപേക്ഷകനെ ഓഫിസിൽ വിളിച്ചുവരുത്തേണ്ടതില്ല. കാലതാമസമുണ്ടാകുന്നതുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ വകുപ്പുതലത്തിലും സർക്കാർ തലത്തിലും ഇപ്പോഴുമെത്തുന്നു. അപേക്ഷകൾ സമയബന്ധിതമായി തീർപ്പാക്കാൻ നിരവധി നിർദേശങ്ങൾ ഇതിനകം നൽകി.
അപേക്ഷകരെ ബുദ്ധിമുട്ടിപ്പിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ 1960 ലെ കേരള സിവിൽ സർവിസസ് (തരംതിരിക്കലും നിയന്ത്രണവും അപ്പീലും) ചട്ടങ്ങൾ പ്രകാരം മുന്നറിയിപ്പില്ലാതെ നടപടി സ്വീകരിക്കും.
പരാതി ലഭിച്ചാൽ ഉടൻ അന്വേഷണം നടത്തി പ്രിൻസിപ്പൽ ഡയറക്ടേറ്റിലെ ചീഫ് വിജിലൻസ് ഓഫിസർക്ക് നേരിട്ട് റിപ്പോർട്ട് ചെയ്യാൻ ജില്ലകളിലെ ഇന്റേണൽ വിജിലൻസ് ഓഫിസർമാരെ ചുമതലപ്പെടുത്തി. ഈ നിർദേശം എല്ലാ ഉദ്യോഗസ്ഥരിലും എത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്ന് തദ്ദേശ സെക്രട്ടറിമാരോട് നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.