സമസ്തയിലെ ലീഗ് വിരുദ്ധർക്കെതിരെ നടപടി പരിശോധിക്കുന്നു
text_fieldsകോഴിക്കോട്: പൊന്നാനി, മലപ്പുറം മണ്ഡലങ്ങളിൽ മുസ്ലിം ലീഗ് സ്ഥാനാർഥികൾക്കെതിരെ സംഘടന സംവിധാനം ദുരുപയോഗം ചെയ്ത് ചിലർ പരസ്യപ്രചാരണം നടത്തിയത് സമസ്ത പോഷക സംഘടന ശാഖ കമ്മിറ്റികൾ പരിശോധിക്കുന്നു. സംഘടന പദവികൾ ഉപയോഗിച്ചും സംഘടനകളുടെ വാട്സ്ആപ് ഗ്രൂപ്പുകൾ കേന്ദ്രീകരിച്ചും ലീഗ് സ്ഥാനാർഥികൾക്കെതിരെ പ്രവർത്തിച്ചവർക്കെതിരെ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് ഘടകങ്ങൾ പരിശോധന നടത്തുന്നത്.
തെളിവുകൾ ലഭ്യമാകുന്ന മുറക്ക് ഘടകങ്ങൾതന്നെ നടപടി സ്വീകരിക്കും. ഇതോടെ തെരഞ്ഞെടുപ്പിന് മുന്നോടിയായി സമസ്തയിലെ ലീഗ് വിരുദ്ധരുടെ നിലപാടുണ്ടാക്കിയ പ്രശ്നങ്ങൾ കൂടുതൽ കാലുഷ്യത്തിലേക്ക് നീങ്ങിയേക്കും. ഈ വിഭാഗവുമായി ഇനി അനുരഞ്ജനം വേണ്ടെന്നാണ് ലീഗ് നിലപാട്. നേരത്തേ ഇക്കൂട്ടരോട് മൃദുസമീപനമുണ്ടായിരുന്നവർ കൂടി തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കർക്കശ നിലപാടിലാണ്.
അതേസമയം, ലീഗ് നേരിട്ട് സമസ്തയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടില്ല. മഹല്ല് കമ്മിറ്റികളിലൂടെയാണ് അനുകൂല വിഭാഗം കരുക്കൾ നീക്കുന്നത്. വ്യക്തികൾ എന്ന നിലയിൽ തെരഞ്ഞെടുപ്പിൽ നിലപാട് സ്വീകരിക്കുന്നതിനോട് സമസ്തക്ക് എതിർപ്പില്ലെന്ന് നേതൃത്വം വ്യക്തമാക്കിയിരുന്നു.
എന്നാൽ, സമസ്ത സെക്രട്ടറി കൂടിയായ മുക്കം ഉമർ ഫൈസി സംഘടനയുടെ പേരുപയോഗിച്ച് പരസ്യ നിലപാട് സ്വീകരിച്ച വിഷയം മുശാവറ ചർച്ച ചെയ്യണമെന്ന ആവശ്യവുമുയർന്നിട്ടുണ്ട്. നേരത്തേ എസ്.വൈ.എസ് നേതാവ് നാസർ ഫൈസി കൂടത്തായ് സി.പി.എമ്മിനെതിരെ രണ്ടുതവണ പ്രസ്താവന ഇറക്കിയപ്പോഴും സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുകോയ തങ്ങൾ അത് സമസ്ത നിലപാടല്ലെന്ന് പറഞ്ഞ് രംഗത്തുവന്നിരുന്നു.
എന്നാൽ, തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മുസ്ലിം ലീഗിനെതിരെ പരസ്യമായി കടുത്ത പ്രസ്താവന നടത്തിയിട്ടും ജിഫ്രി തങ്ങൾ അതിനെതിരെ നിലപാട് സ്വീകരിക്കാത്തതും വിമർശനവിധേയമായിട്ടുണ്ട്. ഉമർ ഫൈസിയുടെ പ്രസ്താവന വിവാദമായപ്പോൾ സമസ്ത ഭാരവാഹികൾ ഇറക്കിയ പ്രസ്താവനയിലാകട്ടെ, തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് പറയുകയല്ലാതെ ഉമർ ഫൈസിയുടെ നിലപാടിനെതിരെ പരാമർശമുണ്ടായിരുന്നില്ല.
തുടർന്ന് മുശാവറ അംഗം ബഹാഉദ്ദീൻ നദ്വി കൂരിയാട് സമൂഹമാധ്യമത്തിൽ സി.പി.എമ്മിനെ കടുത്ത ഭാഷയിൽ വിമർശിച്ച് രംഗത്തുവന്നു. ഉമർ ഫൈസിയെപ്പോലുള്ള കള്ളനാണയങ്ങളെ തിരിച്ചറിയാൻ മഹത്തുക്കൾ നേതൃത്വം നൽകുന്ന സമസ്തക്ക് കഴിയുമെന്ന് സമസ്ത വിദ്യാഭ്യാസ ബോർഡ് അംഗവും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ എം.സി. മായിൻഹാജി ‘മാധ്യമ’ത്തോട് പറഞ്ഞു.
തെറ്റായ പ്രചാരണം: സമസ്ത നിയമനടപടിക്ക്
മലപ്പുറം: സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെയും പോഷകഘടകങ്ങളുടെയും നേതാക്കൾക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തികരമായ പോസ്റ്റർ പ്രചരിപ്പിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ജില്ല നേതൃത്വം തീരുമാനിച്ചു.
സമസ്ത ജില്ല ആസ്ഥാനമായ സുന്നി മഹൽ കേന്ദ്രീകരിച്ച് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ ചെയർമാനായ ഹജ്ജ്-ഉംറ ഗ്രൂപ്പുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണം നടത്തുകയും അതുവഴി നേതാക്കളെ അപകീർത്തിപ്പെടുത്താനുമാണ് പോസ്റ്റർ പ്രചരിപ്പിച്ചവർ ലക്ഷ്യമിട്ടത്. പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ നഷ്ടപരിഹാരവും മാപ്പും ആവശ്യപ്പെട്ട് ഹൈകോടതി അഭിഭാഷകൻ അഡ്വ. എൻ.കെ. മജീദ് മുഖേന നോട്ടീസയക്കുമെന്നും നേതാക്കൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.