നിഖിൽ തോമസിന്റെ പ്രവേശനം; എം.എസ്.എം കോളജിനെതിരെ നടപടിയിലേക്ക്
text_fieldsതിരുവനന്തപുരം: കലിംഗ സർവകലാശാലയുടെ പേരിൽ വ്യാജ ബി.കോം ബിരുദ സർട്ടിഫിക്കറ്റുണ്ടാക്കിയ മുൻ എസ്.എഫ്.ഐ നേതാവ് നിഖിൽ തോമസിന് എം.കോമിന് പ്രവേശനം നൽകിയ കായംകുളം എം.എസ്.എം കോളജ് അധികൃതർക്കെതിരെ കേരള സർവകലാശാല നടപടിയിലേക്ക്. കോളജ് പ്രിൻസിപ്പൽ, മാനേജർ, കോമേഴ്സ് വിഭാഗം മേധാവി, വകുപ്പിലെ മറ്റ് അധ്യാപകർ, കോളജിൽ വിവരാവകാശ ഇൻഫർമേഷൻ ഓഫിസറുടെ ചുമതലയുള്ള അധ്യാപകൻ എന്നിവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകാൻ വൈസ്ചാൻസലർ ഡോ. മോഹൻ കുന്നുമ്മലിന്റെ അധ്യക്ഷതയിൽ ചേർന്ന സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. 15 ദിവസത്തിനകം വിശദീകരണം നൽകണം.
കോളജിന് സംഭവിച്ചത് ഗുരുതര പിഴവെന്ന് റിപ്പോർട്ട്
തിരുവനന്തപുരം: നിഖിൽ തോമസിന്റെ പ്രവേശന നടപടിയിൽ കായംകുളം എം.എസ്.എം കോളജ് ഗുരുതര കൃത്യവിലോപം വരുത്തിയെന്ന് സർവകലാശാല നിയോഗിച്ച അന്വേഷണ സമിതി റിപ്പോർട്ട്. രജിസ്ട്രാർ, പരീക്ഷ കൺട്രോളർ, ഐ.ക്യു.എ.സി ഡയറക്ടർ എന്നിവർ ചേർന്ന സമിതിയാണ് റിപ്പോർട്ട് നൽകിയത്.
സമിതിയുടെ പ്രധാന കണ്ടെത്തൽ:
- വിദ്യാർഥി പ്രവേശനത്തിനുള്ള അഡ്മിഷൻ കമ്മിറ്റി സർവകലാശാല നിർദേശിച്ച രീതിയിൽ പ്രവർത്തിച്ചില്ല.
- ഓരോ ഡിപ്പാർട്മെന്റിലെയും അധ്യാപകർ അഡ്മിഷൻ കമ്മിറ്റിയുടെ ഭാഗമാകണമെന്ന നിബന്ധന പാലിച്ചില്ല.
- സർവകലാശാലയുടെ 2013ലെ സി.ബി.സി.എസ് റെഗുലേഷൻ പ്രകാരം ക്ലാസ് അധ്യാപകൻ, വകുപ്പു മേധാവി എന്നിവർ വിദ്യാർഥിയുടെ അക്കാദമിക യോഗ്യത പരിശോധിച്ച് ഉറപ്പുവരുത്തിയില്ല.
- പ്രവേശനത്തിൽ ഡിപ്പാർട്മെന്റ്തല മേൽനോട്ടം, യോഗങ്ങൾ എന്നിവ കാര്യക്ഷമമായില്ല. ഇവ നടന്നിരുന്നെങ്കിൽ അഞ്ച് സെമസ്റ്ററിലും തോറ്റ വിദ്യാർഥിക്ക് പി.ജിക്ക് പ്രവേശനം നൽകുന്നത് തടയാമായിരുന്നു.
- പ്രവേശന നടപടികളിൽ ഡിപ്പാർട്മെന്റിലെ അധ്യാപകരുടെ കൂട്ടുത്തരവാദിത്തം ഉണ്ടായില്ല.
- നിഖിലിന്റെ പ്രവേശനവുമായി ബന്ധപ്പെട്ട് ലഭിച്ച വിവരാവകാശ അപേക്ഷ കൈകാര്യം ചെയ്യുന്നതിൽ വീഴ്ച സംഭവിച്ചു.
- വിദ്യാർഥിയുടെ രേഖകൾ പരിശോധിച്ച് പ്രവേശനം നൽകുന്നതിൽ മാനേജ്മെന്റ്, കോളജ് തലത്തിൽ ഏകോപനം ഉണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.