10 ലക്ഷം സ്വകാര്യ അക്കൗണ്ടിലേക്ക് മാറ്റിയ കൃഷി ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് റിപ്പോർട്ട്
text_fieldsകോഴിക്കോട് : കൃഷി ഡയറക്ടറേറ്റിൽനിന്ന് പരിശീലനത്തിന് അനുവദിച്ച 10 ലക്ഷം രൂപ സ്വകാര്യ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്ത ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് ധനകാര്യ റിപ്പോർട്ട്. കൃഷി ഡയറക്ടറേറ്റിലും കൃഷി വകുപ്പിന് കീഴിലെ ജീവനക്കാർക്ക് ട്രെയിനിങ് നൽകുന്ന കേന്ദ്രമായ സമേതിയിലും ധനകാര്യ (സ്പെഷ്യൽ ഇൻസ്പെക്ഷൻ ടീം) വകുപ്പ് നടത്തിയ പരിശോധനയുടെ റിപ്പോർട്ടിലാണ് നടപടിക്ക് ശിപാർശ ചെയ്തത്.
പരിശോധനയിൽ മാനവ വിഭവശേഷി ടെക്നോളജി സപ്പോർട്ടിനും കപ്പാസിറ്റി ബിൽഡിങിനുമാണ് 10 ലക്ഷം രൂപ 2018 ജൂലൈ മൂന്നിലെ ഉത്തരവ് പ്രകാരം സമേതിക്ക് അനുവദിച്ചത്. ഹൈടെക് ഫാമിങ് ജനകീയമാക്കുക, പ്രത്യേക കാർഷിക മേഖലകളിലെ പച്ചക്കറികൾക്കും പൂക്കൾക്കുമുള്ള പുതിയ പോളിഹൗസുകൾ സാങ്കേതിക പിന്തുണ നൽകുക, യൂനിറ്റ് ഏരിയയിൽ നിന്ന് ഉൽപാദനം വർധിപ്പിക്കുന്നതിനുള്ള സാങ്കേതികവിദ്യയെ കർഷകർക്ക് ബോധ്യപ്പെടുത്തുക എന്നിവയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. എന്നാൽ സമേതി ഡയറക്ടറുടെ അക്കൗണ്ടിലേക്ക് 10 ലക്ഷം രൂപ എത്തിയില്ല. മലബാർ മാർക്കറ്റ് കമ്മിറ്റിയിലെ കുടുംബപെൻഷണറായ കോഴിക്കോട് വെസ്റ്റ് ഹിൽ സ്വദേശി എം.വി വനജയുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് 10 ലക്ഷം രൂപ ക്രെഡിറ്റ് ചെയ്തത്.
ഈ തുക സർക്കാരിലേക്ക് തിരിച്ചടക്കുവാൻ നിരന്തരം ആവശ്യപ്പെട്ടിട്ടും വനജ തിരിച്ചടക്കാത്ത സാഹചര്യത്തിൽ തുക തിരിച്ചുപിടിക്കുവാനുള്ള റവന്യൂ റിക്കവറി വേഗത്തിലാക്കുവാനുള്ള നടപടികൾ ഡയറക്ടറേറ്റിൽ നിന്നും സ്വീകരിക്കുവാനുള്ള നിർദേശം ഭരണവകുപ്പ് നൽകണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ. ഈ തുക തിരിച്ചടക്കാത്തപക്ഷം വനജയുടെ ബാങ്ക് അക്കൗണ്ടിലേക്ക് തുക ട്രാൻസ്റ്റർ ചെയ്ത ഡയറക്ടറേറ്റിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്നും ഈ തുക 18 ശതമാനം പലിശ സഹിതം ഈടാക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ ശിപാർശ നൽകി.
സമേതി ഡയറക്ടറുടെ അക്കൗണ്ട് നമ്പറിനു പകരം വനജയുടെ അക്കൗണ്ട് നമ്പർ ചേർത്തിരിക്കുന്നത് ഡി.ഡി.ഒ അഡ്മിൻ ലോഗിനിൽ നിന്നാണെന്ന് പരിശോധനയിൽ കണ്ടെത്തി. സ്ഥാപനത്തിലെ ഡി.ഡി.ഒക്ക് മാത്രമാണ് ഡി.ഡി.ഒ അഡ്മിൻ ലോഗിൻ ലഭിക്കുന്നത്. ഈ സാഹചര്യത്തിൽ ഈ കാലയളവിൽ ഡയറക്ടറേറ്റിൽ ഡി.ഡി.ഒ ആയി സേവനമനുഷ്ഠിച്ചിരുന്ന സുഷമകുമാരിക്കെതിരെ ഉചിതമായ വകുപ്പുതല നടപടികൾ എടുക്കണെന്നും ശിപാർശ ചെയ്തു.
സർക്കാർ പ്ലാൻ ഫണ്ട് തുക സ്വകാര്യ വ്യക്തിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്ത് നൽകിയതുമായി ബന്ധപ്പെട്ട യഥാർഥ ഉത്തരവാദികളെ കണ്ടെത്തുന്നതിനും ഡി.ഡി.ഒ അഡ്മിൻ ലോഗിൻ ഉപയോഗപ്പെടുത്തി മറ്റാരെങ്കിലും ബോധപൂർവം തുക ട്രാൻസ്ഫർ ചെയ്‌തിരിക്കുന്നതാണോ എന്ന് കണ്ടെത്തുന്നതിനും ഈ വിഷയവുമായി ബന്ധപ്പെട്ട് ഒരു ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം നടത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് റിപ്പോർട്ട്.
സമേതിക്ക് പരിശീലന പ്രോഗ്രാം നടത്തുവാനായി തുക നൽകിയശേഷം ഈ ട്രെയിനിങ്ങിന്റെ പൂർത്തീകരണ റിപ്പോർട്ടോ വിനിയോഗ സാക്ഷ്യപത്രമോ കൃഷി ഡയറക്ടറേറ്റിൽ ഹാജരാക്കിയിരുന്നില്ല. പൂർത്തീകരണ റിപ്പോർട്ട് ഹാജരാക്കാതെയിരുന്നിട്ടും കൃഷി ഡയറക്ടറേറ്റിൽനിന്ന് യാതൊരുവിധ തുടർനടപടികളും സ്വീകരിച്ചില്ല. ഡയറക്ടറേറ്റിലെ വെജിറ്റബിൾ സെൽ സെക്ഷനിൽ ആ കാലയളവിൽ സേവനമനുഷ്ഠിച്ചിരുന്ന ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ ഉചിതമായ വകുപ്പുതല നടപടികൾ ഭരണവകുപ്പ് സ്വീകരിക്കണമെന്നും ശിപാർശ ചെയ്തു.
കൃഷി ഡയറക്ടറേറ്റിലെ ക്ലാർക്കായിരുന്ന എസ്. റോയിയോട് ഈ വിഷയത്തിൽ വിശദീകരണം ആവശ്യപ്പെട്ടെങ്കിലും നാളിതുവരെ അദ്ദേഹം മറുപടി നൽകിയിട്ടില്ല. ധനകാര്യ പരിശോധന വിഭാഗത്തിൻ്റെ അന്വേഷണ കുറിപ്പിന് സമയബന്ധിതമായി മറുപടി നൽകാതിരുന്ന റോയ് ക്കെതിരെ ഉപിതമായ നടപടികൾ ഭരണവകുപ്പ് സ്വീകരിക്കണം. കൃഷി വകുപ്പിലെ അക്കൗണ്ട്‌സ് സമയബന്ധിതമായി പരിശോധിക്കുന്നില്ല. അക്കൗണ്ടുകളിൽ ക്രെഡിറ്റ് ചെയ്യാതെ തിരികെ മടങ്ങുന്ന തുകകൾ സമയബന്ധിതമായി മോണിറ്റർ ചെയ്തിട്ടുമില്ല. അതിന് ചുമതലപ്പെട്ട ഡയറക്ടറേറ്റിലെ ജൂനിയർ സൂപ്രണ്ടായിരുന്ന എസ്. സുനിത, ക്ലാർക്കായ എസ്. റോയ് എന്നിവർക്കെതിരെ ഉചിതമായ നടപടികൾ സ്വീകരിക്കണമെന്നാണ് ശിപാർശ.
"മാനവ വിഭവശേഷി ടെക്നോളജി സപ്പോർട്ടിനും കപ്പാസിറ്റി ബിൽഡിങ്" എന്ന പരിശീലന പരിപാടി നടത്തുന്നതിനായി സമേതി ഡയറക്ടറുടെ ബാങ്ക് അക്കൗണ്ടിലേക്ക് തുക അനുവദിച്ചത്. എന്നാൽ നാളിതുവരെ ഈ പരിശീലന പരിപാടി നടത്തയിട്ടില്ല. ഈ സാഹചര്യത്തിൽ സമേതി വഴി നട
ത്തുന്ന പരിശീലന പരിപാടികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നുണ്ടെന്ന് ഭരണവകുപ്പ് ഉറപ്പാക്കണം. സംമേതി നടപ്പിലാക്കുന്ന പരിശീലന പരിപാടികൾ വേണ്ടവിധത്തിൽ മോണിറ്റർ ചെയ്യുന്നില്ല. പരിശീലന പ്രോഗ്രാം നടത്തിയതിനുശേഷം അതിന്റെ വിനിയോഗ സാക്ഷ്യപത്രവും പൂർത്തീകരണ റിപ്പോർട്ടും യഥാസമയം വകുപ്പ് ഡയറക്റ്ററേറ്റിൽ നൽകുന്നില്ല. ഈ സാഹചര്യത്തിൽ സമേതി വഴി നടപ്പിലാക്കുന്ന പരിശീലന പരിപാടികൾ പൂർത്തീകരിക്കുന്ന മുറക്ക് അതിന്റെ വിനിയോഗ സാക്ഷ്യപത്രവും പൂർത്തീകരണ റിപ്പോർട്ടും യഥാസമയം ഡയറക്ടറേറ്റിൽ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് റിപ്പോർട്ട്.
കൃഷി ഡയറക്ടറേറ്റിൽ കഴിഞ്ഞ എട്ട് വർഷത്തോളമായി ആഭ്യന്തര പരിശോധന നടത്തിയിട്ടില്ലെന്നും പരിശോധനയിൽ കണ്ടെത്തി. ഈ സാഹചര്യത്തിൽ കൃത്യമായ ഇടവേളകളിൽ ആഡിറ്റ് നടത്തുന്നതിനും പൂർത്തിയാക്കുന്നതിനും ഓഡിറ്റ് റിപ്പോർട്ടുകളിലെ ഖണ്ഡികകൾ സമയബന്ധിതമായി തീർപ്പാക്കുന്നതിനുമുള്ള നടപടികൾ ഭരണവകുപ്പ് സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ ശിപാർശ നൽകി.
കോഴിക്കോട് സ്വദേശി വനജ മറ്റൊരു തട്ടിപ്പും നടത്തിയെന്ന് പരിശോധനയിൽ കണ്ടെത്തി. മറ്റൊരാളുടെ കുടുംബപെൻഷൻ അനർഹമായി വാങ്ങി. പ്രവർത്തനം നിലച്ച മലബാർ മാർക്കറ്റ് കമ്മിറ്റിയിൽ നിന്നും വിരമിച്ച ജീവനക്കാർക്കും ഫാമിലി പെൻഷൻകാർക്കും 2018-19 സാമ്പത്തിക വർഷം മുതൽ കൃഷി ഡയറക്ടറേറ്റ് വഴി പെൻഷൻ നൽകിയിരുന്നു. മലബാർ മാർക്കറ്റ് കമ്മറ്റിയിൽ നിന്നും വിരമിച്ച ജീവനക്കാരനായ കെ. ബാലൻ എന്ന വ്യക്തിക്കും ഡയറക്ടറേറ്റ് മുഖേനയാണ് പെൻഷൻ വിതരണം ചെയ്തിരുന്നത്. എന്നാൽ ബാലൻ 2018 ൽ മരിച്ചു. പിന്നീടുള്ള കുടുംബപെൻഷൻ അദ്ദേഹത്തിന്റെ ഭാര്യയായ എം.വി വനജയുടെ അക്കൗണ്ടിലേക്ക് നൽകി.
മലബാർ മാർക്കറ്റ് കമ്പനിയിലെ തന്നെ മറ്റൊരു പെൻഷണറായ എം. ദാമോദരന് പെൻഷൻ നൽകിയിരുന്നത് കനറാ ബാങ്ക് അക്കൗണ്ടിലേക്കാണ്. എം. ദാമോദരന്റെ ഭാര്യയുടെ പേരും വനജ എന്നുതന്നെയാണ്. എന്നാൽ എം. ദാമോദരൻ മരണപ്പെട്ടശേഷം അദ്ദേഹത്തിന്റെ കുടുംബ പെൻഷൻ എം.വി വനജയുടെ എസ്.ബി.ഐ ബാങ്ക് അക്കൗണ്ടിലേക്ക് തെറ്റായി നൽകിയതായി പരിശോധനയിൽ കണ്ടെത്തി. അനർഹമായി കൈപ്പറ്റിയ പെൻഷൻ തുകയും തിരിച്ചു പിടിക്കണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ. കൃഷി ഡയറക്ടറേറ്റിൽ നിന്നും സമേതി' എന്ന സ്ഥാപനത്തിന് നൽകേണ്ടിയിരുന്ന 10 ലക്ഷം രൂപ അക്കൗണ്ടിലേക്ക് എത്തിയതായി വനജ സമ്മതിച്ചു. മൂന്ന് വർഷം കഴിഞ്ഞിട്ടും സർക്കരിന് തുക തിരിച്ച് പിടിക്കാൻ കഴിഞ്ഞിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.