പി.വി. അൻവറിനെതിരെ നടപടിയെടുക്കണണം-കെ. സുരേന്ദ്രൻ
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞ കാര്യങ്ങൾ ഗൗരവതരമാണെങ്കിൽ നടപടിയുണ്ടാവണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഭരണകക്ഷി എം.എൽ.എയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയും ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയും ആരോപണ വിധേയരായിരിക്കുന്ന സാഹചര്യത്തിൽ സമഗ്രമായ അന്വഷണം ആവശ്യമാണ്.
സ്വർണക്കടത്തും ഹവാലയും ഉൾപ്പെടെ ദേശസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളിൽ ഭരണത്തെ നിയന്ത്രിക്കുന്ന പ്രമുഖർക്ക് പങ്കുണ്ടെന്ന ആരോപണം ഞെട്ടിക്കുന്നതാണ്. ഭരണകക്ഷി എം.എൽ.എ പി.വി. അൻവറിന്റെ ആരോപണം തെറ്റാണെന്ന് മുഖ്യമന്ത്രി തുറന്നുപറഞ്ഞ സാഹചര്യത്തിൽ അദ്ദേഹത്തിന് എതിരെ നടപടിയെടുക്കാൻ സർക്കാർ തയാറാവുകയാണ് വേണ്ടത്. എ.ഡി.ജി.പിയെ മുഖ്യമന്ത്രി സംരക്ഷിച്ചതിലൂടെ സി.പി.ഐയുടെ പ്രസക്തി തന്നെ ഇടതുപക്ഷത്ത് നഷ്ടമായിരിക്കുകയാണ്. കരിപ്പൂർ വിമാനത്താവളം വഴി കോടിക്കണക്കിന് രൂപയുടെ സ്വർണക്കടത്തു നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി സമ്മതിച്ചിരിക്കുകയാണ്. സ്വർണക്കള്ളക്കടത്തുകാരാണ് പുതിയ വിവാദങ്ങൾക്കു പിന്നിലെന്നാണ് അദ്ദേഹം പറയുന്നത്.
ആ സ്വർണക്കള്ള കടത്തുകാർ സ്വന്തം പാർട്ടിയുടെ ആളുകൾ തന്നെയല്ലേ എന്ന് വ്യക്തമാക്കേണ്ട ബാധ്യത മുഖ്യമന്ത്രിക്ക് ഉണ്ട്. സ്വർണ കള്ളക്കടത്തുകാരുടെ വക്കാലത്ത് എടുത്തത് സ്വന്തം പാർട്ടിയുടെ എം.എൽ.എ തന്നെയാണെന്നത് മുഖ്യമന്ത്രിക്കും സർക്കാറിനും നാണക്കേടാണ്. പി.വി. അൻവറുടെ ഫോൺചോർത്തലിനെ പറ്റി മറുപടി പറയേണ്ടതും മുഖ്യമന്ത്രി തന്നെയാണ്. പുതിയ വിവാദങ്ങൾ സി.പി.എം നേതാക്കളുടെയും ഭരണസിരാകേന്ദ്രത്തിൽ ഉള്ളവരുടെയും തനി നിറം തെളിയിക്കുന്നതാണെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
മാധ്യമങ്ങൾ കേരളത്തെ അപകീർത്തിപ്പെടുത്തുകയാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. മാധ്യമങ്ങൾ അല്ല മുഖ്യമന്ത്രിയും സംഘവുമാണ് കേരളത്തെ ലോകത്തിനു മുന്നിൽ അവഹേളിക്കുന്നത് എന്ന് അദ്ദേഹം മനസിലാക്കണം. ഒരു ശവസംസ്കാരത്തിന് 75,000 രൂപ ചെലവ് വരുന്ന എസ്റ്റിമേറ്റ് തയാറാക്കിയ സംസ്ഥാന സർക്കാർ ആണ് കേരളത്തിന് അവമതിപ്പുണ്ടാക്കുന്നത്. മുഖ്യമന്ത്രി മാധ്യമങ്ങളെ ഭീഷണിപ്പെടുത്തുന്നത് തികച്ചും ജനാധിപത്യ വിരുദ്ധമാണ്.
എസ്.ഡി.ആർ.എഫ് ഫണ്ടിലെ കേന്ദ്ര വിഹിതത്തെപ്പറ്റി എന്താണ് മുഖ്യമന്ത്രി മിണ്ടാത്തത്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾ വയനാടിന് നൽകിയ സഹായത്തെപ്പറ്റി ഒരു വാക്ക് എങ്കിലും മുഖ്യമന്ത്രിക്ക് പറയാമായിരുന്നു. രാജ്യം ഒറ്റക്കെട്ടായി വയനാടിന് പിന്നിൽ അണിനിരക്കുമ്പോൾ ഇത്തരം സങ്കുചിത രാഷ്ട്രീയ മുഖ്യമന്ത്രിക്ക് ഭൂഷണമല്ലെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.