വൈക്കം മുഹമ്മദ് ബഷീറിനെ തീവ്രവാദിയാക്കി സ്‌കൂളില്‍ ചോദ്യാവലി: നടപടിയെടുക്കണം -അഡ്വ. എ.കെ സലാഹുദ്ദീന്‍
text_fieldsതിരുവനന്തപുരം: വിഖ്യാത സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറിനെ തീവ്രവാദിയാക്കിയുള്ള ചോദ്യാവലി സ്‌കൂളില്‍ വിതരണം ചെയ്ത സംഭവം ആസൂത്രിതമാണെന്നും കുറ്റക്കാര്‍ക്കെതിരേ ശക്തമായ നിയമ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാവണമെന്നും എസ്.ഡി.പി.ഐ സംസ്ഥാന ട്രഷറര്‍ അഡ്വ. എ കെ സലാഹുദ്ദീന്‍.
കോഴിക്കോട് ചാലപ്പുറം ഗവ. ഗണപതി ബോയ്സ് ഹൈസ്‌കൂള്‍ അധികൃതരാണ് വര്‍ഗീയ അജണ്ട വിദ്യാര്‍ഥികൾക്ക് പകര്‍ന്നുനല്‍കാന്‍ ഗൂഢശ്രമം നടത്തിയത്. ഇത് കൈയബദ്ധമോ അച്ചടി പിശകോ അല്ല. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായുള്ള ഉപ്പുസത്യഗ്രഹത്തില്‍ പങ്കെടുത്ത് ജയിലില്‍ കഴിഞ്ഞ ശേഷം വൈക്കം മുഹമ്മദ് ബഷീറും പി.എ സൈനുദ്ദീന്‍ നൈനയും ചേര്‍ന്ന് തുടങ്ങിയ ഉജ്ജീവനം പത്രത്തെയാണ് തീവ്രവാദ പത്രമായി വിശേഷിപ്പിച്ചത്. നവോത്ഥാന നായകന്‍ സഹോദരന്‍ അയ്യപ്പന്റെ കവിതയുടെ പേരാണ് പത്രത്തിന് നല്‍കിയത്. ഇത്രയും ദേശസ്‌നേഹപരവും മതസൗഹാര്‍ദ്ദപരവുമായ വിഷയത്തെ പോലും തീവ്ര വംശീയതയുടെ വക്താക്കള്‍ എങ്ങിനെ വളച്ചൊടിക്കുന്നു എന്നു വ്യക്തമാക്കുന്നതാണ് ഈ സംഭവമെന്ന് സലാഹുദ്ദീൻ പറഞ്ഞു.
ഒരേസമയം വിശ്വവിഖ്യാത സാഹിത്യകാരനെയും സ്വാതന്ത്ര്യസമരചരിത്രത്തെയും അവഹേളിച്ചിരിക്കുകയാണ് സ്‌കൂള്‍ അധികൃതര്‍. മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും അടിയന്തര അന്വേഷണത്തിലൂടെ കുറ്റക്കാര്‍ക്കെതിരെ മാതൃകാപരമായ നിയമനടപടി സ്വീകരിക്കണമെന്നും അഡ്വ. എ.കെ സലാഹുദ്ദീന്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.