ഇരട്ടക്കൊലക്കേസ് പ്രതിയുടെ കുടുംബത്തിൽ കല്യാണംകൂടൽ; കെ.പി.സി.സി സെക്രട്ടറിക്കെതിരെ നടപടിക്ക് നീക്കം
text_fieldsകാസർകോട്: കല്യോട്ട് ഇരട്ടക്കൊലക്കേസ് പ്രതിയുടെ കുടുംബത്തിലെ കല്യാണച്ചടങ്ങിൽ പങ്കെടുത്ത വിവാദത്തിൽ കെ.പി.സി.സി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ ഉൾപ്പെടെ മൂന്നുപേർക്കെതിരെ നടപടിക്ക് നീക്കം. ബാലകൃഷ്ണൻ പെരിയ, സഹോദരനും ഉദുമ മണ്ഡലം യു.ഡി.എഫ് ചെയർമാനുമായ രാജൻ പെരിയ, ഇതിനകം മണ്ഡലം പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കം ചെയ്യപ്പെട്ട പ്രമോദ് പെരിയ എന്നിവരെ സസ്പെൻഡ് ചെയ്യാനാണ് നേതൃതലത്തിലുള്ള ധാരണ. ജൂൺ 20ന് ചേരുന്ന കെ.പി.സി.സി യോഗത്തിൽ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകും. കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത്ലാൽ എന്നിവരെ കൊലപ്പെടുത്തിയ കേസിലെ 13ാം പ്രതിയുടെ മകന്റെ കല്യാണച്ചടങ്ങിൽ പങ്കെടുത്ത് പടമെടുത്ത് സമൂഹ മാധ്യമങ്ങളിലിട്ടതാണ് പാർട്ടിക്കുള്ളിൽ ഇവർക്കെതിരെയുള്ള പ്രകോപനത്തിന് കാരണം.
മേയ് ഏഴിനുനടന്ന ചടങ്ങിൽ ഒരാൾ അവതാരകനായി സാന്നിധ്യം കൊഴുപ്പിച്ച് അതിരുവിട്ടു. ഇതിനെതിരെ കോൺഗ്രസ് പ്രവർത്തകർ രാജ്മോഹൻ ഉണ്ണിത്താന് പരാതി നൽകി. ഉണ്ണിത്താൻ അത് സ്വന്തം പരാതിയാക്കി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് നൽകി. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പി.എം. നിയാസ്, രാഷ്ട്രീയകാര്യസമിതി അംഗം എൻ. സുബ്രഹ്മണ്യൻ എന്നിവരടങ്ങിയ സമിതി വിഷയം അന്വേഷിച്ചു. ഇവർ സമർപ്പിച്ച റിപ്പോർട്ടിലാണ് നടപടി. ഗുരുതര വീഴ്ച നേതാക്കൾക്ക് സംഭവിച്ചിട്ടുണ്ട് എന്ന് പരാമർശിച്ച റിപ്പോർട്ട് നടപടി അർഹിക്കുന്നതായും പരാമർശിച്ചിട്ടുണ്ട്. കുറ്റാരോപിതരായവർക്ക് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവരുമായി അടുത്ത ബന്ധമാണുള്ളത്. അതുവഴി നടപടി ഒഴിവാക്കാനുള്ള ശ്രമം നടത്തിയിരുന്നു. എന്നാൽ, കൃപേഷ് -ശരത്ലാൽ എന്നിവരുടെ കുടുംബങ്ങളും പ്രവർത്തകരും അന്വേഷണസമിതിക്ക് നൽകിയ മൊഴി നടപടി ഉറപ്പുവരുത്തി. തെരഞ്ഞെടുപ്പുഫലം ഉണ്ണിത്താന് എതിരായാൽ കടുത്തനടപടി ഒഴിവാക്കാനുള്ള ശ്രമവും ഉണ്ടായിരുന്നു. ഒരുലക്ഷത്തിനുമുകളിലെ ഭൂരിപക്ഷത്തിൽ ഉണ്ണിത്താൻ ജയിച്ചതോടെ ഉണ്ണിത്താന്റെ പരാതിയിൽ നടപടി ഒഴിവാക്കാനാകാത്ത സ്ഥിതിവന്നു. പുറത്താക്കാനുള്ള പരിശ്രമമാണ് ഉണ്ണിത്താൻ പക്ഷം നടത്തിയതെങ്കിലും പ്രവർത്തകരെ അനുനയിപ്പിക്കാൻ സസ്പെൻഷൻ മതിയെന്ന നിഗമനത്തിലാണ് ഇപ്പോൾ കെ.പി.സി.സി എത്തിയിരിക്കുന്നത്. 20ന് യോഗത്തിൽ തീരുമാനമുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.