അദാലത്തിൽ എതിര്‍കക്ഷികള്‍ ഹാജരായില്ലെങ്കിൽ നടപടി –വനിത കമീഷന്
text_fieldsകാസർകോട്: അദാലത്തില്‍ പരാതികള്‍ പരിഗണിക്കുമ്പോള്‍ പലപ്പോഴും എതിര്‍കക്ഷികള്‍ ഹാജരാകാത്ത പ്രവണതയുണ്ടെന്നും ഇതിനെതിരെ ശക്തമായ നടപടിയെടുക്കുമെന്നും വനിത കമീഷന് അംഗം അഡ്വ. ഷാഹിദ കമാല്‍ പറഞ്ഞു. വസ്തു തര്‍ക്കത്തിെൻറ പേരില്‍ ശല്യപ്പെടുത്തുന്നുവെന്ന പരാതിയില്‍ ഗോപാല സാഫല്യ, കുരുടപ്പടവ്, ഉപ്പള, കാസര്‍കോട് എന്ന എതിര്‍കക്ഷി നാല് തവണ നോട്ടീസ് അയച്ചിട്ടും കമീഷനു മുന്നില്‍ ഹാജരായിട്ടില്ലെന്ന് കമീഷന് അംഗം അറിയിച്ചു.
ഫെബ്രുവരിയിലെ അടുത്ത അദാലത്തില്‍ ഇദ്ദേഹത്തെ ഹാജരാക്കാനായി കാസര്‍കോട് ഡിവൈ.എസ്.പിക്ക് നിര്‍ദേശം നല്കി. പൊലീസിനെ ഉപയോഗിക്കാതെ ഇരുകക്ഷികളെയും വിളിച്ച് പ്രശ്നങ്ങള്‍ക്ക് രമ്യമായി പരിഹാരം കാണുകയെന്ന നിലപാടാണ് കമീഷന് സ്വീകരിച്ചുവരുന്നത്. എതിര്‍കക്ഷികള്‍ക്ക് കാര്യങ്ങള്‍ ബോധിപ്പിക്കുന്നതിന് സൗഹാര്‍ദപരമായ അന്തരീക്ഷം നിലവിലുണ്ട്. എന്നാല്‍, എതിര്‍കക്ഷികള്‍ തുടര്‍ച്ചയായി ഹാജരാകാത്തതിനെ കമീഷന് വളരെ ഗൗരവമായി കാണുന്നുവെന്ന് അവര്‍ പറഞ്ഞു.
കലക്ടറേറ്റില്‍ നടന്ന വനിത കമീഷന് മെഗാ അദാലത്തില്‍ 47 പരാതികളില്‍ 11 എണ്ണം പരിഹരിച്ചു. നാല് പരാതികളില്‍ പൊലീസ് അടക്കം വിവിധ വകുപ്പുകളുടെ റിപ്പോര്‍ട്ട് തേടി. ബാക്കിയുള്ള 32 പരാതികള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കും. ജില്ല, പഞ്ചായത്ത്, വാര്‍ഡ് തല ജാഗ്രത സമിതികള്‍ ശക്തമാക്കുന്നതിെൻറ ഭാഗമായി ഫെബ്രുവരി ആദ്യവാരത്തില്‍ ജില്ല പഞ്ചായത്ത്, പഞ്ചായത്ത് പ്രസിഡൻറുമാര്‍, വൈസ് പ്രസിഡൻറുമാര്‍, നഗരസഭ ചെയര്പേഴ്സൻ, വൈസ് ചെയര്പേഴ്സൻ എന്നിവര്‍ക്കായി വനിത കമീഷനും ജില്ല ഭരണകൂടവും സംയുക്തമായി ബോധവത്കരണം സംഘടിപ്പിക്കും.
സ്തീകള്‍ക്കും കുട്ടികള്‍ക്കും നിര്‍ഭയമായി ജീവിക്കാന്‍ കഴിയുന്നതിന് സാമൂഹിക സാഹചര്യവും കുടുംബ പശ്ചാത്തലവും ഒരുക്കുകയെന്നതാണ് ജാഗ്രത സമിതികള്‍ കൊണ്ട് കമീഷന് ഉദ്ദേശിക്കുന്നത്. വാര്‍ഡ് തല ജാഗ്രത സമിതികള്‍ സജീവമാക്കി മുന്നോട്ടുപോയാല്‍ ഒരു പരിധിവരെ പ്രശ്നങ്ങള്‍ താഴേത്തട്ടില്‍തന്നെ പരിഹരിക്കാന്‍ സാധിക്കുമെന്നും ഷാഹിദ കമാല്‍ അഭിപ്രായപ്പെട്ടു.
ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അഡ്വ. എസ്.എന്‍. സരിത, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സി. ഭാനുമതി, സിവില്‍ പൊലീസ് ഓഫിസര്‍മാരായ പി. ഷൈല, ടി.ആര്. രമ്യത, വനിത സംരക്ഷണ വിഭാഗം ഫാമിലി കൗണ്‍സലര്‍ രമ്യ ശ്രീനിവാസന് എന്നിവരും അദാലത്ത് നടപടിക്രമങ്ങള്‍ നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.