ആർ.ടി.പി.സി.ആർ ഫലം വൈകൽ ഒഴിവാക്കാൻ നടപടി; സ്വകാര്യ മേഖലയിലെ ഉയർന്ന നിരക്ക് ഈടാക്കുന്നത് പരിശോധിക്കും
text_fieldsതിരുവനന്തപുരം: ആർ.ടി.പി.സി.ആര്‍ ടെസ്റ്റിെൻറ ഫലം വൈകുന്നത് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ ദിവസങ്ങളില്‍ ആളുകളെ കൂട്ടത്തോടെ പരിശോധനക്ക് വിധേയമാക്കിയതിനാലാണ് ഫലം ലഭിക്കുന്നതില്‍ താമസമുണ്ടായത്. ആ പ്രശ്നം ഉടൻ പരിഹരിക്കും.
ഇ.എസ്.ഐ ആശുപത്രികളെക്കൂടി കോവിഡ് ചികിത്സയുടെ ഭാഗമാക്കണമെന്ന നിർദേശം ആരോഗ്യവകുപ്പ് പരിശോധിക്കും. നിയന്ത്രണങ്ങള്‍ കർശനമാക്കുന്നുണ്ടെങ്കിലും ഉല്‍പാദനമേഖലയും നിർമാണമേഖലയും സ്തംഭിക്കരുതെന്നാണ് സര്‍ക്കാർ നിലപാട്. അതുകൊണ്ടാണ് സമ്പൂര്‍ണ ലോക്ഡൗണ്‍ ഒഴിവാക്കുന്നത്.
കൃഷി, വ്യവസായം, ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍, മത്സ്യബന്ധനം, പാല്‍ ഉൽപാദനം, തൊഴിലുറപ്പ് പദ്ധതി, കുടില്‍ വ്യവസായം എന്നിവയൊന്നും സ്തംഭിക്കരുത്. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിച്ചുകൊണ്ട് ഇവയെല്ലാം പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വകാര്യ മേഖലയിൽ ആർ.ടി.പി.സി.ആർ പരിശോധനക്ക് ഉയർന്ന നിരക്ക് ഇൗടാക്കുന്നത് പ്രത്യേകം പരിശോധിക്കും. ന്യായമായ രീതിയിൽ തന്നെ ആർ.ടി.പി.സി.ആർ പരിശോധന നടക്കുന്നതിനു സൗകര്യമൊരുക്കുമെന്നും വാർത്തസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഉയർന്ന നിരക്കാണ് കേരളത്തിലുള്ളതെന്നത് ദിവസങ്ങളായി പരാതിക്കിടയാക്കുന്നുണ്ട്. 1700 രൂപയാണ് േകരളത്തിലെ ആർ.ടി.പി.സി.ആർ നിരക്ക്. തമിഴ്നാട്ടിൽ 1200 രൂപയാണ്.
അന്തർസംസ്ഥാന യാത്രകൾക്ക് ആർ.ടി.പി.സി.ആർ ടെസ്റ്റ് നിർബന്ധമായ സാഹചര്യത്തിൽ വലിയ പ്രയാസമാണ് യാത്രക്കാരടക്കം നേരിടുന്നത്. കുടുംബസമേതം യാത്ര ചെയ്യുന്നവരും ബിസിനസ് ആവശ്യാർഥമുള്ള യാത്രക്കാരുമെല്ലാം വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.
സർക്കാർ ആശുപത്രികളിൽ സൗജന്യ പരിശോധനയുണ്ടെങ്കിലും ഉടൻ ലഭ്യമാകാത്തതിനാൽ പലപ്പോഴും സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ടിവരും. 1500 രൂപയായി നിരക്ക് കുറച്ചിരുന്നുവെങ്കിലും ലാബുകളുടെയും ആശുപത്രികളുടെയും ഹരജിയെത്തുടർന്ന് ഹൈകോടതി 1700 രൂപയാക്കിയെന്നാണ് ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടുന്നത്.
ഒാരോ തദ്ദേശ സ്ഥാപനത്തിനു കീഴിലും മെഡിക്കൽ ടീം
ഒാരോ തദ്ദേശ സ്ഥാപനത്തിനു കീഴിലും ഒരു മെഡിക്കൽ ടീമിനെ സജ്ജമാക്കാൻ നിർദേശം നൽകിയതായി മുഖ്യമന്ത്രി അറിയിച്ചു. കൂടാതെ ടെലി മെഡിസിന്‍ സംവിധാനം ശക്തിപ്പെടുത്തും. ഡോക്ടര്‍മാര്‍ക്കൊപ്പം മെഡിക്കല്‍ വിദ്യാർഥികളെയും ഇതിനായി ഉപയോഗിക്കാം.
സർക്കാർ ഡോക്ടര്‍മാര്‍ക്കൊപ്പം സ്വകാര്യ ഡോക്ടര്‍മാരെയും ഈ സംഘത്തില്‍ ഉള്‍പ്പെടുത്തണം. ഈ തീരുമാനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കാനും നിര്‍ദേശം നൽകി.
സ്വകാര്യ ആശുപത്രികളിലെ അമിത നിരക്ക് പ്രത്യേകം പരിശോധിക്കും
കോവിഡ് ചികിത്സക്ക് സ്വകാര്യ ആശുപത്രികൾ അമിത നിരക്ക് ഇൗടാക്കുന്നെന്ന പരാതി സർക്കാർ പ്രത്യേകം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് ചികിത്സ നിരക്ക് നിയന്ത്രിക്കാനും ഏകീകരിക്കാനും സ്വകാര്യ ആശുപത്രി പ്രതിനിധികളുമായി കഴിഞ്ഞദിവസം സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിരുന്നു.
അനുകൂല പ്രതികരണമാണ് അവരില്‍നിന്ന് ഉണ്ടായത്. എന്നാല്‍, കൂടിയ നിരക്ക് ഈടാക്കുന്നെന്ന പരാതി അതിനുശേഷവും ഉയരുന്നുണ്ട്. ഇക്കാര്യം പ്രത്യേകം പരിശോധിക്കും. കോവിഡ് വ്യാപനത്തിെൻറ ഗൗരവം മുന്നില്‍ കണ്ട് ആശുപത്രികളില്‍ കിടക്കയും ഐ.സി.യുവും വെൻറിലേറ്ററും ഓക്സിജനും മരുന്നും ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ മുന്‍കരുതൽ സ്വീകരിച്ചിട്ടുണ്ട്. കൃത്യമായി അവലോകനവും നടത്തുന്നുണ്ട്. ഇപ്പോള്‍ ഒന്നിനും കുറവില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.