കത്രിക വയറ്റിൽ കുടുങ്ങിയ സംഭവം: പൊലീസ് റിപ്പോർട്ട് കിട്ടിയാലുടൻ കുറ്റക്കാർക്കെതിരെ നടപടി -വീണാ ജോർജ്
text_fieldsകോഴിക്കോട്: ശസ്ത്രക്രിയക്കിടെ കത്രിക വയറ്റിൽ കുടുങ്ങിയ സംഭവത്തിൽ പൊലീസ് റിപ്പോർട്ട് കിട്ടിയാൽ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വീണാ ജോർജ്. കുറ്റക്കാർക്കെതിരെ മാതൃകാപരമായ നടപടിയുണ്ടാകും. ഒരു കേസും അട്ടിമറിക്കപ്പെടില്ലെന്നും മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഇക്കാര്യത്തിൽ ഹർഷിനക്ക് നീതികിട്ടണം എന്നത് മാത്രമാണ് സർക്കാറിന്‍റെ നിലപാട്. 2002ലാണ് ഹർഷിനയെ കണ്ടത്. അതിന് മുമ്പുതന്നെ താൻ മുൻകൈയെടുത്ത് രണ്ട് അന്വേഷണങ്ങൾ നടത്തി. രണ്ട് ടീമിനും യഥാർഥവസ്തുത കണ്ടെത്താൻ കഴിയാത്തതുകൊണ്ട് രണ്ടു റിപ്പോർട്ടുകളും തള്ളുകയായിരുന്നു. പിന്നീട് പൊലീസ് അന്വേഷണം നടത്തണമെന്ന് ആരോഗ്യവകുപ്പാണ് ആവശ്യപ്പെട്ടത്. ശാസ്ത്രീയമായി കത്രികയുടെ കാലപ്പഴക്കം നിർണയിക്കാൻ കഴിയുമോ എന്നും അന്വേഷിച്ചിരുന്നു. സംസ്ഥാനത്ത് അതിനുള്ള മാർഗങ്ങളുണ്ടായിരുന്നില്ല.
കത്രിക വയറ്റിൽ അകപ്പെട്ടത് എവിടെവെച്ചായാലും കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകും. അതിൽ ഒരു മാറ്റവുമില്ല. തുടക്കംമുതൽ പറഞ്ഞതിൽനിന്ന് താൻ പിന്നോട്ട് പോയിട്ടില്ല. ആരെയും സംരക്ഷിക്കില്ല. സംരക്ഷിക്കാനാണെങ്കിൽ മുൻ റിപ്പോർട്ടുകൾ തള്ളേണ്ട കാര്യമുണ്ടായിരുന്നില്ല. പൊലീസിന്‍റെ കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിൽ വകുപ്പുതല നടപടി സ്വീകരിക്കും. ആരോഗ്യവകുപ്പോ സർക്കാറോ ഒരാളെയും സംരക്ഷിക്കില്ല. 2017ലാണ് ഇത് സംഭവിച്ചതെന്ന് ഹർഷിന പറയുന്നു. താൻ അത് വിശ്വസിക്കുന്നു. ഹർഷിന അനുഭവിച്ച വേദനയെന്തെന്ന് തനിക്ക് ഊഹിക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.
ഐ.സി.യു പീഡനക്കേസിൽ സർവിസ് സംബന്ധമായ കാര്യങ്ങൾക്കല്ലാതെ പ്രതി കാമ്പസിൽ വരരുതെന്ന് നിർദേശം നൽകണമെന്ന് ഡി.എം.ഇയോട് ആവശ്യപ്പെട്ടിരുന്നു. വിഷയത്തിൽ അടുത്ത ദിവസം തന്നെ ഡി.എം.ഇ റിപ്പോർട്ട് സമർപ്പിക്കുമെന്നും മന്ത്രി പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.