മാലിന്യം കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്കെതിരെ നടപടിയെന്ന് പി. രാജീവ്
text_fieldsകൊച്ചി: മാലിന്യം കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പി. രാജീവ്. കളമശ്ശേരി മണ്ഡലം മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന 'ശുചിത്വത്തിനൊപ്പം കളമശ്ശേരി' പദ്ധതിയുടെ ത്രിദിന ജനകീയ ശുചീകരണ പരിപാടി ഔപചാരികമായി ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ക്യാമ്പയിന്റെ ഭാഗമായി വൃത്തിയാക്കിയ ശേഷം ലഭ്യമായ സ്ഥലങ്ങളില്‍ എം.എല്‍എ. ഫണ്ടും സി.എസ്.ആറും ഉപയോഗിച്ച് ഓപ്പണ്‍ ജിമ്മുകളും ഓപ്പണ്‍ പാര്‍ക്കുകളും സ്ഥാപിക്കും. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷത്തൈകളും ചെടികളും വച്ചുപിടിപ്പിക്കും. മാലിന്യം വലിച്ചെറിയുന്നതിനെതിരെ നിരീക്ഷണം ശക്തമാക്കുന്നതിനായി സിസിടിവി ക്യാമറകള്‍ സ്ഥാപിക്കും.
മാലിന്യനിര്‍മാര്‍ജനത്തില്‍ ഹരിതകർമ സേന സ്തുത്യർഹമായ സേവനമാണ് കാഴ്ച്ചവെക്കുന്നത്. മാലിന്യത്തിനെതിരെ കുടുംബശ്രീയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ആരോഗ്യവിഭാഗവും മികച്ച പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.
കക്ഷിരാഷ്ട്രീയമില്ലാതെ ജനങ്ങള്‍ ഒറ്റക്കെട്ടായാണ് കളമശ്ശേരിയെ ശുചീകരിക്കാന്‍ മുന്നിട്ടിറങ്ങുന്നത്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഒന്നോ രണ്ടോ ദിവസത്തില്‍ മാത്രം ഒതുക്കാതെ തുടര്‍ന്നും പരിപാലിക്കും. വൈവിധ്യമാര്‍ന്ന വൃക്ഷങ്ങളാല്‍ സമ്പുഷ്ടമായ മിയാവാക്കി വനങ്ങള്‍ മണ്ഡലത്തില്‍ യാഥാര്‍ത്ഥ്യമാക്കും. കാമ്പയിന്റെ ഭാഗമായി കഴിഞ്ഞ ദിവസം നടന്ന ആക്രി ശേഖരണത്തില്‍ വന്‍ ജനപങ്കാളിത്തമുണ്ടായെന്നും മന്ത്രി പറഞ്ഞു.
നമ്മുടെ മാലിന്യം സംസ്കരിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ് എന്ന ഉത്തമ ബോധ്യത്തോടുകൂടി മുന്നോട്ട് പോകണമെന്ന് ഹൈബി ഈഡൻ എം.പി പറഞ്ഞു. ത്രിദിന ജനകീയ ശുചീകരണ പരിപാടിയുടെ രണ്ടാം ദിനത്തില്‍ വന്‍ ജനകീയ പങ്കാളിത്തത്തോടെയാണ് ശുചീകരണ യജ്ഞം നടന്നത്. കളമശേരിയിലെ ചാക്കോളാസ് ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് മന്ത്രി പി രാജീവ് നേതൃത്വം നല്‍കി. തുടര്‍ന്ന് എന്‍.എ.ഡി റോഡ്, ഏലൂര്‍ നഗരസഭയിലെ പാതാളം, ആനവാതില്‍ റോഡ്, കടുങ്ങല്ലൂര്‍, ആലങ്ങാട് പഞ്ചായത്ത് തിരുവാലൂര്‍, കരുമാലൂര്‍ പഞ്ചായത്ത് തട്ടാംപടി, കുന്നുകര എന്നിവിടങ്ങളിലെ ശുചീകരണ പ്രവര്‍ത്തനങ്ങളും മന്ത്രിയുടെ നേതൃത്വത്തില്‍ നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.