കാടുകയറിയ പറമ്പുകൾ വൃത്തിയാക്കിയില്ലെങ്കിൽ നടപടി
text_fieldsകോഴിക്കോട്: നിങ്ങൾക്ക് സ്വന്തമായി പറമ്പുണ്ടോ? അത് കാടുപിടിച്ചു കിടക്കുകയാണോ? എങ്കിൽ തദ്ദേശ സ്വയംഭരണ വകുപ്പ് ഇടപെടും. കാട് വെട്ടാനും പറമ്പ് ശുചിയാക്കാനും നോട്ടീസ് നൽകും. എന്നിട്ടും ഭൂവുടമ നടപടി സ്വീകരിച്ചില്ലെങ്കിൽ പഞ്ചായത്തോ, മുനിസിപ്പാലിറ്റിയോ ഇടപെട്ട് തൊഴിലാളികളെ വെക്കും. അതിന്റെ ചെലവ് ഭൂവുടമയിൽനിന്ന് ഈടാക്കുകയും ചെയ്യും.
ഈ വിഷയത്തിൽ കർശന നടപടി സ്വീകരിക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പ് ഗ്രാമപഞ്ചായത്തുകൾക്കും മുനിസിപ്പാലിറ്റികൾക്കും സർക്കുലർ നൽകി. ഹൈകോടതി നിർദേശപ്രകാരമാണ് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഇടപെടൽ. ഇത് പുതിയ നിയമമൊന്നുമല്ല. 1994ലെ പഞ്ചായത്തീരാജ് ആക്ട് സെക്ഷൻ 238, 239, 240 പ്രകാരം വ്യക്തിക്കോ, കെട്ടിടത്തിനോ, കൃഷിക്കോ ആപത്തുണ്ടാകാൻ ഇടയുണ്ടെങ്കിൽ സ്വകാര്യ പറമ്പിലെ വൃക്ഷം, ശാഖ, കാട്ടുചെടികൾ, ഹാനികരമായ വൃക്ഷ-സസ്യാദികൾ, വിഷജന്തുക്കൾ, മറ്റ് ഉപദ്രവകാരികളായ മൃഗങ്ങൾ എന്നിവ അയൽപക്കത്തിന് ഉപദ്രവകരമായിട്ടുള്ളതാണെങ്കിൽ അതൊഴിവാക്കുന്നതിന് ഉടമക്ക് നോട്ടീസ് നൽകാൻ പഞ്ചായത്തിന് അധികാരമുണ്ട്.
നോട്ടീസ് പ്രകാരം പറമ്പ് വൃത്തിയാക്കിയില്ലെങ്കിൽ പഞ്ചായത്ത് സെക്രട്ടറിക്ക് ജോലിക്കാരെ വെച്ച് ഭീഷണി ഒഴിവാക്കാം.ഇതിന്റെ ചെലവ് പറമ്പ് ഉടമയിൽനിന്നോ കൈവശക്കാരനിൽനിന്നോ ഈടാക്കാം. മുനിസിപ്പാലിറ്റി ആക്ടിലും സമാനമായ വകുപ്പും അധികാരവും നഗരസഭകൾക്ക് നൽകിയിട്ടുണ്ട്.
കാടുകയറിക്കിടക്കുന്ന സ്വകാര്യ പറമ്പുകൾ വൃത്തിയാക്കുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പ് നടപടി സ്വീകരിക്കുന്നത് സംബന്ധിച്ച റിട്ട്. ഹരജിയിന്മേൽ കഴിഞ്ഞ മാർച്ച് മാസം ഹൈകോടതി വിധി വന്ന സാഹചര്യത്തിലാണ് തദ്ദേശ സ്വയംഭരണ വകുപ്പ് ജോയന്റ് സെക്രട്ടറി ഗ്രാമപഞ്ചായത്തുകൾക്കും മുനിസിപ്പാലിറ്റികൾക്കും സർക്കുലർ അയച്ചത്.
തൃശൂരിൽ മൂന്നു വയസ്സുള്ള കുട്ടി അയൽപക്കത്തെ കാടുകയറിയ പറമ്പിൽനിന്നെത്തിയ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തെ തുടർന്നാണ് വിഷയം കോടതി കയറിയത്. ഇത്തരം പറമ്പുകളെ കുറിച്ച് അന്വേഷിക്കാനും നടപടി സ്വീകരിക്കാനും തദ്ദേശ സ്വയംഭരണ സെക്രട്ടറിമാർ കീഴുദ്യോഗസ്ഥർക്ക് നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.