Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഉരുൾ പൊട്ടൽ മേഖലയിലെ...

ഉരുൾ പൊട്ടൽ മേഖലയിലെ ക്യാമ്പുകളിൽ കുടുംബങ്ങളുടെ സ്വകാര്യത ഉറപ്പാക്കും; കുട്ടികളുടെ പഠനം മുടങ്ങില്ല -മുഖ്യമന്ത്രി

text_fields
bookmark_border
ഉരുൾ പൊട്ടൽ മേഖലയിലെ ക്യാമ്പുകളിൽ കുടുംബങ്ങളുടെ സ്വകാര്യത ഉറപ്പാക്കും; കുട്ടികളുടെ പഠനം മുടങ്ങില്ല -മുഖ്യമന്ത്രി
cancel

കൽപ്പറ്റ: വയനാട്ടിലെ ദുരന്തമേഖലയില്‍ അകപ്പെട്ട വിദ്യാർഥികളുടെ പഠനം മുടങ്ങാതിരിക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിനായി വിദ്യാഭ്യാസ-തദ്ദേശസ്വയംഭരണ വകുപ്പുകളുടെ സഹകരണത്തോടെ താല്‍ക്കാലിക ക്രമീകരണം ഉണ്ടാക്കും. പിന്നീട് സാധാരണ രീതിയിലുള്ള പഠന ക്രമീകരണങ്ങള്‍ നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നിലവില്‍ ആളുകളെ ക്യാമ്പുകളില്‍ തന്നെ താമസിപ്പിക്കേണ്ടി വരും. ക്യാമ്പുകളില്‍ കഴിയുന്നത് വ്യത്യസ്ത കുടുംബങ്ങളിലുള്ളവരാണ്. കുടുംബങ്ങളുടെ സ്വകാര്യത സൂക്ഷിക്കാനുള്ള ക്രമീകരണങ്ങള്‍ ക്യാമ്പുകളില്‍ ഉറപ്പാക്കും. മാധ്യമ പ്രവര്‍ത്തകരും സന്ദര്‍ശകരുമടക്കം ആരെയും ക്യാമ്പിനകത്ത് പ്രവേശിപ്പിക്കില്ല. ക്യാമ്പിലുള്ളവരെ കാണാനെത്തുന്നവർക്ക് ഇതിനായി പ്രത്യേക സ്ഥലം ഏര്‍പ്പാടാക്കും. ദുരന്തത്തിനരയായവരില്‍ കടുത്ത മാനസികാഘാതം ഏറ്റവരുണ്ട്. ഇവര്‍ക്ക് ആവശ്യമായ കൗണ്‍സലിങ് നല്‍കും. നിലവില്‍ ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മാനസിക വിദഗ്ധര്‍ കൗണ്‍സിലിങ് നല്‍കുന്നുണ്ട്. ആവശ്യമാകുന്ന പക്ഷം കൂടുതല്‍ ഏജന്‍സികളെ ഏര്‍പ്പെടുത്തും. ദുരന്തം നേരിട്ട മേഖലകളില്‍ താമസിക്കുന്ന ആദിവാസി കുടുംബങ്ങളെ സ്നേഹപൂർവം മാറ്റിപ്പാര്‍പ്പിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. മാറാന്‍ കൂട്ടാക്കാത്തവർക്ക് കൃത്യമായി ഭക്ഷണവും അവശ്യ വസ്തുക്കളും ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിന് പ്രമോട്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുടെ സേവനം ഉപയോഗപ്പെടുത്തും. ഈ മഹാദുരന്തം മറ്റൊരു ദുരന്തത്തിന് വഴിവെക്കുന്ന സ്ഥിതി ഉണ്ടാകരുത്. പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാതിരിക്കാനുള്ള ജാഗ്രത നല്ലപോലെ ഉണ്ടാവണം. ഉരുള്‍പൊട്ടലില്‍ നിരവധി വീട്ട് മൃഗങ്ങളും ചത്തൊടുങ്ങിയിട്ടുണ്ട്. അവയെ കൃത്യമായി സംസ്‌കരിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉരുള്‍പൊട്ടല്‍ രക്ഷാദൗത്യത്തിന്റെയും പുനരധിവാസ പ്രവര്‍ത്തനങ്ങളുടെയും തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നാലംഗ മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി അറിയിച്ചു. റവന്യൂ-ഭവന നിർമാണ മന്ത്രി കെ. രാജന്‍, വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍, പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്, പട്ടികജാതി- പട്ടികവർഗ പിന്നാക്ക വകുപ്പ് മന്ത്രി ഒ.ആര്‍ കേളു എന്നിവരടങ്ങിയതാണ് ഉപസമിതി. സ്പെഷ്യല്‍ ഓഫിസര്‍ സീറാം സാംബശിവ റാവു, ഡോ.എ. കൗശിഗന്‍ എന്നിവര്‍ സ്‌പെഷ്യല്‍ ഓഫിസര്‍മായി പ്രവര്‍ത്തിക്കും. കലക്ടറേറ്റ് എ.പി.ജെ ഹാളില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ദുരന്ത സമയത്ത് എല്ലാവരും ഒരേ മനസ്സോടെയും ഗൗരവം ഉള്‍ക്കൊണ്ടുമാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. രക്ഷാപ്രവര്‍ത്തനത്തെക്കുറിച്ച് പൊതുജനങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും മികച്ച സംതൃപ്തിയാണ് രേഖപ്പെടുത്തിയത്. സേനാ വിഭാഗങ്ങള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, സന്നദ്ധ സംഘടനകള്‍, നാട്ടുകാര്‍ എന്നിവരുടെ നേതൃത്വത്തില്‍ തുടര്‍ന്നുള്ള രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏകോപിതമായി നടത്തും. ചൂരല്‍ മലയില്‍ നിന്നും മുണ്ടക്കൈയിലേക്ക് താല്‍ക്കാലികമായി നിർമിക്കുന്ന ബെയ്ലി പാലം പൂര്‍ത്തിയാകുന്നതോടെ രക്ഷാ പ്രവര്‍ത്തനത്തിന് കൂടുതല്‍ ഉപകരണങ്ങള്‍ എത്തിക്കാനാകും. ദൗത്യശ്രമം കാര്യക്ഷമമാക്കാനും സാധിക്കും. മുണ്ടക്കൈ-ചൂരല്‍മല പ്രദേശങ്ങളിലെ പുനരധിവാസ പ്രക്രിയ ഫലപ്രദമായി നടപ്പാക്കും.

പോസ്റ്റ്മോര്‍ട്ടും നടക്കുന്ന ആശുപത്രികളിലേക്ക് ആളുകള്‍ അനാവശ്യമായി പോകരുത്, ബന്ധുകള്‍ ഒഴികെയുള്ളവര്‍ അവിടെ നിന്നും വിട്ട് നില്‍കണം. സര്‍ട്ടിഫിക്കറ്റ്‌നഷ്ടമായവര്‍ക്ക് ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികളും കൈക്കെള്ളും. രക്ഷാ പ്രവര്‍ത്തനം തുടരുമെന്നും മുന്‍ ദിവസങ്ങളില്‍ നടന്ന പ്രവര്‍ത്തനങ്ങളില്‍ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളും എല്ലാവരുടെയും സഹകരണത്തോടെ ആയിരിക്കും- മുഖ്യമന്ത്രി പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ മന്ത്രിമാരായ കെ. രാജന്‍, എ.കെ. ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, വി.എന്‍. വാസവന്‍, കെ. കൃഷ്ണന്‍കുട്ടി, മുഹമ്മദ് റിയാസ്, പി. പ്രസാദ്, റോഷി അഗസ്റ്റിന്‍, ഒ.ആര്‍. കേളു, വീണ ജോർജ് എന്നിവരും പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad LandslidePinarayi Vijayan
News Summary - Action will be taken to ensure that children's studies are not interrupted -Kerala CM
Next Story